ADVERTISEMENT

പസിഫിക് വടക്കുപടിഞ്ഞാറൻ മേഖലയിൽ ആഴ്ചകളായി തുടരുന്ന താപതരംഗം മൂലം പുഴുങ്ങിമരിച്ചത് 100 കോടിയിലധികം ജീവികളെന്ന് മറൈൻ ബയോളജി വിദഗ്ധർ.യുഎസിന്റെയും കാനഡയുടെയും പടിഞ്ഞാറൻ തീരങ്ങൾക്കടുത്തായുള്ള കടലിലാണ് ഇവ ഏറ്റവും കൂടുതൽ. കാനഡ‍യിലെ വാൻകൂവറിലുള്ള കിറ്റ്സിലാനോ ബീച്ചിലെല്ലാം ലക്ഷക്കണക്കിന് കക്കകൾ, ഞണ്ടുകൾ, ചിപ്പികൾ തുടങ്ങിയവയാണ് ചൂടുവെള്ളത്തിൽ പുഴുങ്ങിച്ചത്ത രീതിയിൽ ചിതറിക്കിടക്കുന്നത്. ഇവിടങ്ങളിൽ താപനില താപതരംഗം മൂലം ക്രമാതീതമായി ഉയർന്നിരുന്നു. ബ്രിട്ടിഷ് കൊളംബിയയിൽ 49.6 ഡിഗ്രി വരെ  ഉയർന്ന താപനില റെക്കോർഡ് ചെയ്തിരുന്നു.കക്കകളും ചിപ്പികളുമാണ് ചത്ത ജീവികളിൽ കൂടുതൽ.

 

കക്കകളും ചിപ്പികളും വേലിയിറക്കം സംഭവിക്കുമ്പോൾ ജലവുമായുള്ള ബന്ധം വിട്ട് സൂര്യപ്രകാശമേറ്റു കിടക്കും. എന്നാൽ അൽപം നനഞ്ഞ മണ്ണ് ഇവയുടെ ശരീരത്തിലുണ്ടാകും. വീണ്ടും വെള്ളം വന്ന് തങ്ങളെ കൊണ്ടുപോകുന്നത് വരെ ഇങ്ങനെ കിടക്കാൻ മാത്രമേ ഇവയ്ക്കു സാധിക്കുകയുള്ളൂ. അതുവരെ സാധാരാണഗതിയിൽ ശരീരത്തിലെ നനഞ്ഞ മണ്ണ് ഇവയെ സംരക്ഷിക്കും. എന്നാൽ ഇപ്പോൾ ഇതൊന്നും പ്രാവർ‌ത്തികമാകുന്നില്ല. അത്ര കടുത്ത ചൂടാണ് മേഖലയിൽ.

 

കടലിലെ കക്ക മാത്രമല്ല, കൃഷിക്കാരും കക്കയെ വളർത്തുന്നുണ്ട്. ഇവരുടെ കൃഷിയിലും ചൂടുമൂലം വൻ നാശമാണ് വന്നിരിക്കുന്നത്. ചത്തുമലച്ച ജീവികളുടെ ശരീരം അഴുകുന്നതു മൂലം കടുത്ത ദുർഗന്ധവും മേഖലയിൽ അനുഭവപ്പെടുന്നുണ്ട്. ഇത്രയധികം ജീവികൾ പെട്ടെന്നു ചത്തത് പസിഫിക്കിലെ ജലത്തിന്റെ നിലവാരം കുറയ്ക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ജീവികളിലധികവും വെള്ളത്തിലെ ചില ആവശ്യമില്ലാത്ത ലവണങ്ങളും അവശിഷ്ടങ്ങളുമൊക്കെ തിന്നു ജീവിക്കുന്നവയാണ്. ഇത്തരത്തിൽ 6 ഗാലനോളം വെള്ളം ഇവ പ്രതിദിനം ശുദ്ധീകരിക്കും. ഇവയില്ലാതായാൽ ഈ പ്രക്രിയയിൽ കുറവു വരും.

 

ഈ ജീവികളെ ഇരയായി ഭക്ഷിക്കുന്ന താറാവുകൾ, നക്ഷത്രമത്സ്യങ്ങൾ, മറ്റു പക്ഷികൾ തുടങ്ങിയവയും വരും ദിവസങ്ങളി‍ൽ ഭക്ഷണമില്ലാതെ വൻതോതിൽ ചത്തൊടുങ്ങാൻ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു. ജലജീവികളുടെ ഈ ദൗർഭാഗ്യം കുറച്ചുനാൾ കൂടി തുടരുമെന്നാണു പ്രതീക്ഷ. കാര്യങ്ങൾ സാധാരണ നിലയിലേക്കു തിരിച്ചെത്താൻ അഞ്ച് വർഷമെങ്കിലും വേണ്ടിവരും.

ജീവജാലങ്ങളെ മാത്രമല്ല, മനുഷ്യരെയും താപതരംഗം കടുത്ത രീതിയിൽ ആക്രമിച്ചിട്ടുണ്ട്. നൂറുകണക്കിന് പേരാണ് താപതരംഗത്തിന്റെ ആഘാതം മൂലം മരിച്ചു കഴിഞ്ഞിരിക്കുന്നത്. ഇതിൽ കൂടുതലും ബ്രിട്ടിഷ് കൊളംബിയയിലാണു സംഭവിച്ചിരിക്കുന്നത്. ഇതോടൊപ്പം റോഡുകൾ, പാലങ്ങൾ, മറ്റുകെട്ടിടങ്ങൾ എന്നിവയെയും താപതരംഗം ശക്തമായി ബാധിച്ചിട്ടുണ്ട്.

 

English Summary: Pacific Northwest and Canada’s Crushing Heat Wave Cooks Millions of Sea Creatures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com