ധ്രുവപ്രദേശത്ത് ചിത്രീകരണത്തിനെത്തിയ സിനിമാസംഘം വലഞ്ഞു; മഞ്ഞുപാളികൾ നഷ്ടമായ ആർട്ടിക്

Arctic thriller’s film crew struggled to find true frozen waste
SHARE

മഞ്ഞുമൂടിയ ആർട്ടിക് മേഖല പശ്ചാത്തലമാക്കി കഥയൊരുക്കിയ ത്രില്ലർ സീരീസിന്റെ ചിത്രീകരണത്തിനായാണ് പ്രശസ്ത ഹോളിവുഡ് താരം കോളിൻ ഫാരൽ അടങ്ങുന്ന സിനിമാസംഘം ആർട്ടിക്കിലെത്തിയത്. സ്പെഷൽ എഫക്റ്റ്കളിലൂടെയും സെറ്റ് ഇടുന്നതിലൂടെയും ധ്രുവ പ്രദേശത്തിന്റെ സ്വാഭാവികത കൃത്യമായി  ചിത്രീകരിക്കാനാവില്ല. അതുകൊണ്ടാണ് സംഘം ഷൂട്ടിങ് ആർട്ടിക്കിൽ തന്നെയാക്കാമെന്ന് തീരുമാനിച്ചത്. എന്നാൽ മഞ്ഞുതേടി ആർട്ടിക്കിലെത്തിയ സിനിമാ സംഘത്തിന്റെ എല്ലാ പ്രതീക്ഷയും അക്ഷരാർഥത്തിൽ തകർന്നു.  മഞ്ഞുരുക്കം മൂലം ധ്രുവപ്രദേശത്തിന്റെ സ്വാഭാവികതയാകെ നഷ്ടപ്പെട്ട നിലയിലായ കാഴ്ചയാണ് അവരെ കാത്തിരുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിൽ തിമിംഗലവേട്ടയ്ക്കായി പോകുന്ന ഒരു കപ്പലിലെ ഭീതിജനകമായ ജീവിതത്തിന്റെ കഥ പറയുന്ന ത്രില്ലർ സീരീസിന് ദ നോർത്ത് വാട്ടർ എന്നാണ് പേരിട്ടിരിക്കുന്നത്. ആർട്ടിക് മേഖലയിൽ സ്വാഭാവികമായും കനത്ത മഞ്ഞു പാളികളുണ്ടാവുമെന്ന് കരുതിയ സംഘത്തിന് മഞ്ഞു തേടി വടക്കു ദിക്കിലേക്ക് ഏറെദൂരം സഞ്ചരിക്കേണ്ടി വന്നതായി എക്സിക്യൂട്ടീവ് ഓഫിസർമാരിൽ ഒരാളായ ഹകാൻ കൗസെറ്റ പറയുന്നു. മരുഭൂമിയിൽ മണൽ തേടി നടക്കേണ്ടി വരുന്നതിന് സമാനമായ അവസ്ഥയായിരുന്നു അത്. ആർട്ടിക്കിന്റെ ഈ ദുരവസ്ഥ സിനിമാ സംഘത്തെ അമ്പരപ്പിച്ചതായും അദ്ദേഹം പറയുന്നു.

ഒടുവിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത അത്ര ഉൾപ്രദേശങ്ങളിലേക്കു പോയപ്പോഴാണ് സംഘത്തിന് കനത്ത മഞ്ഞുപാളികൾ കണ്ടെത്താനായത്. ഏതാനും വർഷങ്ങൾക്കു മുൻപ് ഇതായിരുന്നില്ല ആർട്ടിക്കിലെ അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഞ്ഞുമൂടിയ പ്രദേശങ്ങളിൽ ഏതുഭാഗത്ത് ചിത്രീകരണം നടത്തണമെന്ന സംശയമേ അക്കാലങ്ങളിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ നേരെമറിച്ച് മഞ്ഞുള്ള ഭാഗം എവിടെയാണോ അവിടെ പോയി ഷൂട്ടിങ് നടത്തണം എന്ന നിലയിലായി ഇവിടുത്തെ അവസ്ഥ.

ആഗോളതാപനം എത്രത്തോളം രൂക്ഷമായി ഭൂമിയെ ബാധിച്ചുകഴിഞ്ഞു എന്നാണ് ആർട്ടിക്കിലെ മഞ്ഞുരുക്കം വെളിവാക്കുന്നത്. കഴിഞ്ഞവർഷം നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ ആനുവൽ ആർട്ടിക് റിപ്പോർട്ട് കാർഡ് പ്രകാരം 42 വർഷത്തിനിടെ ഏറ്റവുമധികം മഞ്ഞുരുക്കമുണ്ടായ വർഷങ്ങളിൽ രണ്ടാംസ്ഥാനത്താണ് 2020 എന്നു കണ്ടെത്തിയിരുന്നു.

English Summary: Arctic thriller’s film crew struggled to find true frozen waste

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA