ADVERTISEMENT

കാലം മാറി പൂക്കുന്ന കണിക്കൊന്നയും വരണ്ട പ്രദേശങ്ങളിലെ മയിലുകള്‍ മഴപ്രദേശങ്ങളിൽ വരുന്നതും നമ്മുടെ കടലിലെ മത്തി (ചാള) കുറഞ്ഞതും ഇടനാട്ടിലെ അടുക്കള കാക്കകളെ മൂന്നാറിൽ കണ്ടതുമെല്ലാമുള്‍പ്പെടെ എത്ര സൂചകങ്ങളാണ് കേരളത്തിന്റെ കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി മുന്നിലുള്ളത്. 2016ലെ വരള്‍ച്ചയ്ക്കും തുടര്‍വര്‍ഷങ്ങളിലുണ്ടായ പ്രളയങ്ങള്‍ക്കും ശേഷം കന്നുകാലികളുടെ പ്രത്യുല്‍പ്പാദനശേഷിയിൽ കുറവുണ്ടായതായി നിരീക്ഷണങ്ങളുണ്ട്. മണ്ണിന്റെ ജലാഗീരണശേഷിയിലും മഴവെള്ളത്തെ കൂടുതലായി ഉള്‍ക്കൊള്ളുവാനുള്ള മണ്ണിന്റെ കഴിവിലും വലിയ മാറ്റങ്ങളാണ് ഉണ്ടായത്. എല്ലാം കൂട്ടിവായിക്കുമ്പോള്‍ കാലാവസ്ഥ മാറ്റത്തിന്റെ അലകൾ നമ്മുടെ പടിവാതിക്കലിലും തത്തിക്കളിക്കുയാണ്.

ആഗോളതാപനത്തിന്റെ ഫലമായി ഭൂമിയിലാകെ കാലാവസ്ഥ മാറ്റമുണ്ടാകുന്നത് ഇന്നൊരു പുതിയ വാര്‍ത്തയല്ല. നിയതവും നിശ്ചിതവുമായ കാലാവസ്ഥ മാറ്റം പ്രകൃതിയുടെ സവിശേഷതയാണ്. അതേസമയം മനുഷ്യപ്രേരിതമായ കാരണങ്ങളാല്‍ കാലാവസ്ഥയിൽ ഗൗരവമായ മാറ്റമുണ്ടാകുന്നതാണ് പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കുന്നത്. വികലമായ വികസന കാഴ്ചപ്പാടുകളുടെയും അനിയന്ത്രിതവും അശാസ്ത്രീയവുമായ വികസന പ്രവര്‍ത്തനങ്ങളുടെയും ഫലമായി അന്തരീക്ഷത്തില്‍ കാര്‍ബൺഡൈഓക്‌സൈഡിന്റെ അളവ് ക്രമാതീതമായി വർധിക്കുകയാണ്. തല്‍ഫലമായി ഹരിതഗൃഹപ്രഭാവം പോലുള്ള പ്രതിഭാസങ്ങളുണ്ടാവുകയും കരയും കടലും പെട്ടെന്ന് ചൂടാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറുകയും ചെയ്യുന്നുണ്ട്.

 Global warming will hit us faster

കരഭാഗങ്ങളില്‍ വർധിച്ച തോതിൽ മഞ്ഞുരുകൽ, അതിവര്‍ഷം, വരള്‍ച്ച, കടലാക്രമണം, കൊടുങ്കാറ്റ്, കടലിന്റെ ചൂട് കൂടുന്നതും കൊണ്ട് ജൈവാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം നിരന്തരം സംഭവിക്കുന്നതാണ്. കാലാവസ്ഥമാറ്റത്തെ ഇല്ലാതാക്കുവാന്‍ മുന്നിൽ മാന്ത്രിക വിദ്യകളൊന്നുമില്ല. എന്നാല്‍ മനുഷ്യര്‍ വിചാരിച്ചാല്‍ കുറെയേറെ പ്രതിരോധിക്കുവാനും നിയന്ത്രിക്കുവാനും കഴിയും. ഒരു പ്രദേശത്തെ ഭൂവിനിയോഗത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ പോലും സൂക്ഷ്മകാലാവസ്ഥയെ സ്വാധീനിക്കുമെന്ന് 420 ബിസിയില്‍ പ്ലേറ്റോ നിരീക്ഷിച്ചിട്ടുണ്ട്. സൂക്ഷ്മകാലാവസ്ഥ രൂപപ്പെടുന്നതില്‍ മനുഷ്യരുടെ ഇടപെടലുകൾ വളരെ വലുതാണ്. ആഗോളാടിസ്ഥാനത്തിലുള്ള കാലാവസ്ഥാ മാറ്റത്തെ കുറക്കുവാന്‍ നിലവിലുള്ള വികസനനയങ്ങളും കാഴ്ചപ്പാടുകളും അടിമുടി മാറേണ്ടതുണ്ട്. ഭൂമിയിലുണ്ടാകുന്ന ഏതൊരു ചലനത്തിന്റെയും അനുരണനങ്ങള്‍ നമുക്കും അനുഭവവേദ്യമാകുമെങ്കിലും കുറെയധികം കാര്യങ്ങള്‍ ഒരു സമൂഹം എന്ന നിലയില്‍ കേരളത്തിനും കഴിയുന്നതാണ്.

കാലാവസ്ഥ മാറ്റത്തെ പ്രതിരോധിക്കുന്ന ബദല്‍ വികസന രാഷ്ട്രീയം ഉയര്‍ത്തികൊണ്ടു വരേണ്ടതിന്റെ ആവശ്യകതയുണ്ടെന്നകാര്യവും പ്രധാനമാണ്. കാലാവസ്ഥ മാറ്റത്തിന്റെ മേഖലയില്‍ ഒട്ടേറെ കാര്യങ്ങൾ നമുക്ക് ചെയ്യുവാൻ കഴിയും. പ്രധാനപ്പെട്ട ചില നിര്‍ദേശങ്ങൾ പൊതുസമൂഹത്തിന്റെ ചര്‍ച്ചകള്‍ക്കും പരിഗണിക്കും തുടര്‍നടപടികള്‍ക്കായി സമര്‍പ്പിക്കുന്നത് കാണുക.

1. മഴയുടെ മാറ്റം, വരള്‍ച്ച, വെള്ളപ്പൊക്കം എന്നിവ അടിക്കടി ഉണ്ടാകുന്ന സ്ഥലങ്ങള്‍ വേര്‍തിരിച്ചറിയുക.

2. വരള്‍ച്ച, പ്രളയം എന്നിവ അനുഭവപ്പെട്ട പ്രദേശങ്ങൾ വില്ലേജുതല ഭൂപടങ്ങളിലും സ്‌കെച്ചുകളിലുമായി രേഖപ്പെടുത്തി എല്ലാവരും മനസ്സിലാക്കുക.

3. ഓരോ പ്രദേശത്തെ ഭൗതിക പ്രത്യേകതകള്‍, മഴയുടെ ലഭ്യത എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍കൂടി ശ്രദ്ധിക്കുക.

4. പൊതുഗതാഗത സംവിധാനങ്ങള്‍ പരമാവധി എല്ലാവരും പ്രയോജനപ്പെടുത്തുക.

5. വീടുകളില്‍ ഒന്നിലധികം വാഹനങ്ങൾ ഉണ്ടെങ്കിലും പരമാവധി യാത്രകൾ ഒരു വാഹനത്തിലേക്ക് മാറ്റുക.

6. സ്വകാര്യവാഹനങ്ങളില്‍ ലിഫ്റ്റ് നല്‍കുന്ന രീതി പ്രോത്സാഹിപ്പിക്കുക.

7.വാഹനങ്ങള്‍ക്ക് യഥാസമയം പുകപരിശോധന, മെയിന്റനന്‍സ് എന്നിവ ചെയ്യുക.

8. സൈക്കിള്‍ യാത്ര, നടത്തം എന്നിവ പരമാവധി ചെയ്യുക.

9. കറന്റിന്റെ ഉപയോഗത്തില്‍ സ്വയം അച്ചടക്കം കൊണ്ട് വരിക.

10. ഫ്രിഡ്ജ്, എസി എന്നിവയുടെ ഉപയോഗം നിരീക്ഷിച്ച് പീക്ക് അവറുകളിലുള്‍പ്പെടെ ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തുക.

carbon dioxide

11. സോളാര്‍ പാനൽ, ഹീറ്റര്‍, വിളക്കുകൾ എന്നിവ ഉപയോഗിക്കുക.

12. കെട്ടിട നിര്‍മ്മാണതിൽ സിമന്റിന്റെയും മണലിന്റെയും അളവ് കുറക്കുക, തടി, സ്റ്റീല്‍, ഇരുമ്പ്, എന്നിവയുടെ ഉപയോഗം വർധിപ്പിക്കുക.

13. തെങ്ങിന്റെ തടികള്‍ ഫര്‍ണിച്ചറുകള്‍ക്കും കെട്ടിടനിര്‍മ്മാണത്തിനും ഉപയോഗിക്കുക.

14. കഴിയുന്നിടത്തെല്ലാം ഭാവിയിലെ തടി ഉപയോഗം കൂടികണക്കിലെടുത്ത് വൃക്ഷതൈകൾ വച്ചുപിടിക്കുക.

15. തരിശുഭൂമികളില്‍ സൂക്ഷ്മവനങ്ങൾ സൃഷ്ടിക്കുക.

16. എല്ലാ ജലാശയങ്ങളുടെ തീരങ്ങളും പരമാവധി ഹരിതാഭമാക്കി മാറ്റുക.

17. പറമ്പുകള്‍, പുരയിടങ്ങൾ എന്നിവടങ്ങളിൽ പുതയിടൽ വർധിച്ച തോതിൽ ചെയ്യുക.

18.പുതയിടലിനാവശ്യമായ വേലിച്ചെടികൾ എല്ലാ വീടുകളിലും നടുക.

19.നഗരങ്ങളിലുള്‍പ്പെടെ എല്ലാ കെട്ടിടങ്ങളുടെയും മതിലുകള്‍ക്കിരുവശവും മതിലുകളിലെ ചുവരുകളിലും സസ്യങ്ങളും തൈകളും ജലചെടികളും നടുക. മതിലുകളില്‍ പടരുകയും എന്നാൽ പ്രത്യേകിച്ച് കേടുപാടുകള്‍ വരുത്താതെയുള്ള ചെടികൾ ലഭ്യമാണ്.

20. മഴക്കാലങ്ങള്‍ക്കുമുന്‍പ് പരമാവധി മണ്ണ്, ജലജൈവസംരക്ഷണ പരിപാടികളായ മഴക്കുഴി നിര്‍മ്മാണം, തടയണകള്‍, കയ്യാലകൾ, ട്രഞ്ചുകൾ എന്നിവ തയ്യാറാക്കൽ തുടങ്ങിയവ ഓരോ പ്രദേശത്തിന്റെയും ഭൗതികപ്രത്യേകതകളും ആവശ്യകതകളും കണക്കിലെടുത്ത് ചെയ്യുക.

21. മഴവെള്ള സംഭരണം, കിണര്‍ റീചാര്‍ജ്, കൃത്രിമഭൂജല പരിപോഷണം എന്നിവ പരമാവധി ഏര്‍പ്പെടുത്തുക.

22. താഴ്ന്ന പ്രദേശങ്ങളില്‍ നീര്‍വാര്‍ച്ച ഉറപ്പാക്കുക.

23. കൃഷിയിടങ്ങളില്‍ നിശ്ചിത നിരകളായി രാമച്ചം പോലുള്ള സസ്യങ്ങൾ വച്ചുപിടിക്കുക.

24. മഴക്കാലങ്ങള്‍ക്കു മുന്‍പ് കുളങ്ങൾ, കിണറുകൾ, മറ്റ് ജലസ്രോതസുകൾ എന്നിവ വൃത്തിയാക്കി സ്വാഭാവിക മഴവെള്ളസംഭരണം ഉറപ്പാക്കുക.

25. കാവുകള്‍ സംരക്ഷിക്കുകയും പുതിയവ രൂപപ്പെടുത്തുകയും ചെയ്യുക.

26. സ്വാഭാവിക വനങ്ങള്‍ പരമാവധി നിലനിറുത്തുക.

27. റബര്‍ പോലുള്ള നാണ്യവിളകള്‍ക്കിടയിൽ പയര്‍വര്‍ഗങ്ങൾ നടുക.

28. ചരിഞ്ഞ ഭൂമികളെ തട്ടുകളായി തിരിച്ച് സംരക്ഷിക്കുക.

29. താൽക്കാലിക ചെക്ക് ഡാമുകള്‍ നിര്‍മിക്കുക.

30. രാസവളങ്ങള്‍, കൃത്രിമ കീടനാശിനികൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക.

31. ജൈവവളങ്ങള്‍, ജൈവകീടനാശിനികൾ എന്നിവ ഉപയോഗിക്കുക.

32. കെട്ടിടങ്ങളുടെയും വീടുകളുടെയും മുറ്റങ്ങള്‍, വശങ്ങൾ എന്നിവ സിമന്റിടുന്നത് പരമാവധി ഒഴിവാക്കുക. പകരം ചെടികള്‍, ഇന്റര്‍ലോക്ക്, ബേബി ചിപ്‌സ് വിരിക്കൽ, മണൽ പാകൽ തുടങ്ങിയവ ചെയ്യുക.

33. ചാലുകള്‍, ഓടകൾ, എന്നിവടങ്ങളിലേക്ക് മലിനവസ്തുക്കൾ ഇടാതെ സംരക്ഷിക്കുക.

34. പാള പ്ലേറ്റുകള്‍, വാഴയിലകൾ, പേപ്പറിലെ കപ്പുകൾ, പ്ലേറ്റുകൾ, കവറുകൾ എന്നിവയുടെ ഉപയോഗം വർധിപ്പിക്കുക.

35. തുണികള്‍ കൊണ്ടുള്ള സഞ്ചികൾ, ബാഗുകൾ, പേഴ്‌സുകൾ എന്നിവയുടെ ഉപയോഗം ശീലമാക്കുക.

36. ചടങ്ങുകളിലും സദ്യകളിലും ഭക്ഷണം പാഴാക്കാതിരിക്കുക.

37. പൊതു ഇടങ്ങളിലേക്കും ജലസ്രോതസുകളിലേക്കും മാലിന്യം വലിച്ചെറിയാതിരിക്കുക.

38. അതാതിടങ്ങളില്‍ മാലിന്യം കൈകാര്യം ചെയ്യുക.

39. ഉപഭോഗവസ്തുക്കളില്‍ അച്ചടക്കം കൊണ്ടുവരിക.

40. നഗരങ്ങള്‍, ഗ്രാമകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഹരിതഇടനാഴികൾ, ഹരിതപാര്‍ക്കുകൾ, ഹരിത നടപ്പാതകള്‍ എന്നിവ സൃഷ്ടിക്കുക.

41. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ ക്യാമ്പസിൽ ജല, പരിസ്ഥിതി സൗഹൃദപരിപാടികള്‍ നടപ്പിലാക്കുക.

42. ആരാധനാലയങ്ങളുടെ വസ്തുക്കളില്‍ നക്ഷത്രവനങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവ ഉള്‍പ്പെടെ പ്രോത്സാഹിപ്പിക്കുക.

43. ജല ഓഡിറ്റ്, ഊര്‍ജ ഓഡിറ്റ്, ഹരിത ഓഡിറ്റ് എന്നിവ സംഘടിപ്പിക്കുവാന്‍ സ്ഥാപനങ്ങളും  സംഘടനകളും തയാറാക്കുക.

44. കാലാവസ്ഥ മാറ്റത്തിന്റെ സൂചകങ്ങള്‍ നിരീക്ഷണ വിധേയമാക്കുകയും തദ്ദേശ സ്വയം ഭരണസ്ഥാപനതലത്തില്‍ ഡോക്യുമെന്റു ചെയ്ത് ബന്ധപ്പെട്ടവര്‍ക്ക് നല്‍കുക.

45. തീരസംരക്ഷണത്തിന്റെ ഭാഗമായി കാറ്റാടി, മറ്റ് വന്‍വൃക്ഷങ്ങളുടെ തൈകൾ എന്നിവ  വച്ചുപിടിപ്പിക്കുക.

Mangroves Hold Vast Stores of Carbon

46. കണ്ടല്‍ക്കാടുകൾ സംരക്ഷിക്കുകയും പുതിയവ സൃഷ്ടിക്കുകയും ചെയ്യുക.

47. തീരദേശവാസികൾക്കും മലയോരവാസികൾക്കും കാലാവസ്ഥാമാറ്റം അറിയിക്കാൻ പ്രത്യേക പദ്ധതി നടപ്പിലാക്കുക.

48. പരമാവധി വികസനപ്രവര്‍ത്തനങ്ങളും നദീതട, നീര്‍തട അടിസ്ഥാനത്തിലേക്ക് മാറ്റുക.

49. ഓഫിസുകള്‍, കമ്പനികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എത്തുന്നവരുടെ വാഹനയാത്ര നിയന്ത്രണത്തിന്റെ ഭാഗമായി രണ്ട് സമയക്രമം പരീക്ഷിക്കാവുന്നതാണ്. 9.00 മുതല്‍ 4.00 മണി വരെയും 10.00 മുതൽ 5.00 മണിവരെയുമായിട്ട് തെരഞ്ഞെടുത്ത് ജീവനക്കാര്‍ക്ക് വരാവുന്നതാണ്. ഓഫീസുകളിലെത്തുന്ന പൊതുജനങ്ങളുടെ തിരക്കും കുറക്കുവാന്‍ ഇതിലൂടെ കഴിയും. ജീവനക്കാര്‍ ഓപ്ഷൻ എടുത്താൽ മതിയാകും.

50. ജലഗതാഗതം പരമാവധി പ്രയോജനപ്പെടുത്തുക.

51. ട്രെയിന്‍ യാത്ര കൂടുതൽ ഉപയോഗിക്കുക.

52. സംസ്ഥാനങ്ങള്‍ക്ക് ട്രെയിൻ സര്‍വീസ് ആരംഭിക്കുവാനുള്ള സാധ്യതകൾ പരിശോധിക്കുക.

53.നിലവിലെ നിര്‍മാണവസ്തുക്കള്‍ക്ക് പകരമുള്ള ബദല്‍ഘടകങ്ങൾ ഉപയോഗിക്കുക.

54. തുണിബാനറുകള്‍, ബോര്‍ഡുകൾ എന്നിവ പ്രോത്സാഹിപ്പിക്കുക.

55. കാലാവസ്ഥാ മാറ്റ വിഷയത്തിൽ സാക്ഷരതാ പരിപാടികൾ നടപ്പിലാക്കുക. 

 

മുകളില്‍ സൂചിപ്പിച്ച വിവിധ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിലും നടപ്പിലാക്കുന്നതിലും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് നേതൃത്വപരമായ പങ്കുനിര്‍വഹിക്കാനാവും. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിലും ക്ലൈമാറ്റ് ആക്ഷൻ ഗ്രൂപ്പ് സജ്ജമാക്കണം. വിവിധ സന്നദ്ധ സംഘടനകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ക്ലബ്ബുകൾ, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്കുള്ള സന്നദ്ധ സേവനസംവിധാനങ്ങൾ എന്നിവയെല്ലാം ചേര്‍ത്ത് ഗ്രൂപ്പുകൾ ആരംഭിക്കണം. പ്രാദേശിക സൂക്ഷ്മതല ക്ലൈമാറ്റ് ആക്ഷന്‍ പ്ലാനുകള്‍ക്ക് രൂപം നല്‍കി നടപ്പിലാക്കണം.

പ്രകൃതിക്കും പരിസ്ഥിതിക്കുമനുയോജ്യമായ വികസനകാഴ്ചപ്പാടുകളും നയങ്ങളും ഏറെ പ്രധാനമാണ്. എഴുപതുകള്‍ മുതൽ നിരവധി ശ്രമങ്ങളും രാജ്യാന്തര സമ്മേളനങ്ങളുമൊക്കെ നടക്കുമ്പോഴും വഞ്ചി തിരുന്നക്കര നിന്നും ഒരുപാട് മുന്നോട്ട് പോയിട്ടില്ല. 

ബദല്‍ വികസന നയങ്ങൾ രൂപപ്പെടുത്തുകയെന്നത് കാലഘട്ടത്തിന്റെ ആവശ്യകത കൂടിയാണ്. അവിടെയാണ് കേരളത്തിലുണ്ടാകുന്ന പ്രവര്‍ത്തനങ്ങളുടെ ആഗോളപ്രസക്തി. എന്നാല്‍ നയങ്ങളോടും നിയമങ്ങളോടുമൊപ്പം തന്നെ ജനങ്ങളുടെ ജീവിതശൈലിയിലും വലിയ മാറ്റമാവശ്യമാണ്. മനോഭാവമാറ്റമാണ് പ്രധാനം. ഭൂമിയെയും പ്രകൃതിഘടകങ്ങളെയും വരാനിരിക്കുന്ന കാലാവസ്ഥ മാറ്റങ്ങളെയും നാം തിരിച്ചറിയേണ്ടതുണ്ട്. മഴ പെയ്യേണ്ടത് മനുഷ്യമനസുകളിലാണ്. വസന്തങ്ങളും നിലനില്‍പ്പും മാനവരെ ആശ്രയിച്ചാണിരിക്കുന്നത്. നമുക്ക് പാര്‍ക്കാൻ ഒരേ ഒരു ഭൂമിയും അവശേഷിക്കുന്ന കുറെ പ്രകൃതി ഘടകങ്ങളും മാത്രം. നമുക്കുവേണം മൂര്‍ത്തമായ കാഴ്ചപ്പാടുകൾ പിന്നെ കര്‍മപരിപാടികളും.

English Summary: How Fast Will The Earth Heat? Results Are Startling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com