വരുന്നത് ഭയാനകമായ കാലാവസ്ഥ, ജെറ്റ് സ്ട്രീമുകളുടെ ഗതി മാറുന്നു; പേമാരിയും വെള്ളപ്പൊക്കവും പതിവാകും!
Mail This Article
ആഗോളതാപനം എന്ന പ്രതിഭാസം ഭൂമിയെ സാരമായി തന്നെ ബാധിച്ചിട്ട് ഇപ്പോള്‍ ഏതാണ്ട് രണ്ട് പതിറ്റാണ്ടിലേറെയായി. ഈ പ്രതിഭാസമാകട്ടെ കാലാവസ്ഥ ഉള്‍പ്പടെ ഭൂമിയുമായി ബന്ധപ്പെട്ട മറ്റനേകം പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിച്ചു കഴിഞ്ഞു. ഇതിന്‍റെ പ്രതിഫലനമാണ് ഏതാനും വര്‍ഷങ്ങളായി ഭൂമിയിലെ വിവിധ പ്രദേശങ്ങള്‍ നേരിടുന്ന പ്രകൃതി ദുരന്തങ്ങൾ. ആഗോളതാപനം സൃഷ്ടിച്ച ആഘാതങ്ങളില്‍ ഏറ്റവും ഒടുവില്‍ തിരിച്ചറിഞ്ഞിരിക്കുന്നത് വടക്കന്‍ മേഖലയിലുള്ള ജെറ്റ് സ്ട്രീമിന്‍റെ ഗതിയിലുണ്ടാകുന്ന മാറ്റമാണ്. ഈ മാറ്റം ഭൂമിയിലെ ഇപ്പോള്‍ തന്നെ താളം തെറ്റിയിരിക്കുന്ന കാലാവസ്ഥയെ ഭീതിദമായ അവസ്ഥയിലേക്കെത്തിക്കുമെന്നാണ് ഗവേഷകര്‍ ഭയപ്പെടുന്നത്.
ജെറ്റ് സ്ട്രീമുകളുടെ പ്രാധാന്യം
ഭൂമിയില്‍ വടക്കന്‍ ധ്രുവമേഖലയോട് ചേര്‍ന്ന് നിരന്തരമായി പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് സഞ്ചരിച്ച് കൊണ്ടിരിക്കുന്ന കാറ്റിനെയാണ് ജെറ്റ് സ്ട്രീം എന്നു വിളിക്കുന്നത്. ഭൂമിയിലെ പ്രത്യേകിച്ചും വടക്കേ അമേരിക്കയും യൂറോപ്പും ഉള്‍പ്പെടുന്ന മേഖലയിലെ കാലാവസ്ഥ സന്തുലിതമായി നിലനിര്‍ത്തുന്നതില്‍ ജെറ്റ് സ്ട്രീമിന് നിര്‍ണായകമായ പങ്കുണ്ട്. വടക്ക് ധ്രുവപ്രദേശത്ത് നിന്നുള്ള തണുത്ത കാലാവസ്ഥയേയും, തെക്ക് ഭൂമധ്യരേഖാ മേഖലയില്‍ നിന്നുള്ള ഉയര്‍ന്ന താപനിലയുള്ള കാലാവസ്ഥയേയും നിയന്ത്രിച്ച് വേര്‍തിരിച്ച് നിര്‍ത്തുന്നത് ഈ ജെറ്റ് സ്ട്രീമാണ്. അതായത് ഈ മേഖലയിലെ താപനില നിര്‍ണയിക്കുന്നതില്‍ ജറ്റ് സ്ട്രീമുകള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് സാരം.
എന്നാല്‍ പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ജെറ്റ് സ്ട്രീമിന്‍റെ സ്ഥാനം മാറുകയാണ്. താപനിലവർധനവിന് അനുസരിച്ച് കൂടുതല്‍ വടക്കോട്ട് മാറി ധ്രുവപ്രദേശത്തോട് ചേര്‍ന്നു നില്‍ക്കുന്ന സ്ഥിതിയിലേക്കാണ് ഈ മാറ്റം സംഭവിക്കുന്നത്. ഈ മാറ്റം മേല്‍പ്പറഞ്ഞ മേഖലയിലെ കാലാവസ്ഥ സന്തുലനത്തെയും സാരമായി ബാധിക്കും. കൃത്യമായി പറഞ്ഞാല്‍ നിലവിലെ ഹരിത ഗൃഹവാതക ബഹിര്‍ഗമനം ഇതേ അളവില്‍ തുടര്‍ന്നാല്‍ 2060 ആകുമ്പോഴേക്കും ഈ മാറ്റം സംഭവിക്കുകയും കാലാവസ്ഥയെ സാരമായി ഇത് സ്വാധീനിക്കാന്‍ തുടങ്ങുകയും ചെയ്യും.
വടക്കോട്ടുള്ള കുടിയേറ്റം
ജെറ്റ് സ്ട്രീമുകളുടെ വടക്കന്‍ ദിശയിലേക്കുള്ള കുടിയേറ്റം ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞുവെന്ന് ഗവേഷകര്‍ പറയുന്നു. അരിസോണ സര്‍വകലാശാലയിലെ കാലാവസ്ഥാ വിഭാഗം ഗവേഷകനും പ്രഫസറുമായ മാത്യൂ ഒസ്മാന്‍ ഈ വിഷയത്തില്‍ തുടര്‍ച്ചയായി പഠനം നടത്തുന്ന ആളാണ്. ജെറ്റ് സ്ട്രീം വടക്കോട്ട് മാറുന്നതോടെ യൂറോപ്പ് പോലെ ശൈത്യകാലാവസ്ഥയുള്ള മേഖലകളില്‍ കടുത്ത വരള്‍ച്ചയും താപവാതങ്ങളും ഉണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. തെക്കന്‍ യൂറോപ്പിലും കിഴക്കന്‍ യുഎസിലും ഈ മാറ്റം സാരമായി അനുഭവപ്പെടും. കൂടാതെ വടക്കന്‍ യൂറോപ്പിലും സ്കാന്‍ഡനേവിയന്‍ രാജ്യങ്ങളിലും പേമാരിയും വെള്ളപ്പൊക്കവും പതിവാകുമെന്നും ഈ പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു.
യൂറോപ്പിലും അമേരിക്കയിലും ഇപ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങളില്‍ നിന്നു തന്നെ ഈ പഠനത്തിലെ കണ്ടെത്തലുകളില്‍ അസ്വാഭാവികതയില്ലെന്ന് മനസ്സിലാക്കാനാകും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി താപനിലയിലുണ്ടാകുന്ന വർധനവും വരള്‍ച്ചയും താപവാതങ്ങളും, വെള്ളപ്പൊക്കവും യൂറോപ്പിനെ അലട്ടുന്നുണ്ട്. യുഎസിലും സ്ഥിതി വ്യത്യസ്തമല്ല. അതു കൊണ്ട് തന്നെ ജെറ്റ് സ്ട്രീം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വടക്കന്‍ മേഖലയിലേക്ക് നീങ്ങുന്നതോടെ ഈ കാലാവസ്ഥാ സാഹചര്യങ്ങളും കൂടുതല്‍ രൂക്ഷമാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നോര്‍ത്ത് അറ്റ്ലാന്‍റിക് ജെറ്റ് സ്ട്രീം
ആര്‍ട്ടിക് മേഖലയില്‍ നിന്നുള്ള തണുത്ത വായുവും തെക്കന്‍ മേഖലയില്‍ നിന്നുള്ള താപവായുവും പരസ്പരം അഭിമുഖമായി സഞ്ചരിച്ചെത്തി കൂട്ടി മുട്ടുന്നത് ജെറ്റ് സ്ട്രീമുമായി സംഗമിക്കുമ്പോഴാണ്. ഇവ തമ്മിലുള്ള കൂട്ടിമുട്ടലാണ് മണിക്കൂറില്‍ ഏതാണ്ട് 110 കിലോമീറ്റര്‍ വേഗതയില്‍ ചലിക്കുന്ന ജറ്റ് സ്ട്രീം എന്ന കാറ്റിനെ ഏതാണ്ട് ഒരേ മേഖലയില്‍ തന്നെ തുടരാന്‍ സഹായിക്കുന്നതും. എപ്പോഴും ഒരേ മേഖലയില്‍ തന്നെയാണ് ഇവ തുടരുന്നതെന്ന് പറയാന്‍ കഴിയില്ലെങ്കിലും കഴിഞ്ഞ ആയിരം വര്‍ഷത്തെ ശരാശരി എടുത്താല്‍ ഏതാണ്ട് ഒരു പ്രദേശത്ത് തന്നെയാണ് ജെറ്റ് സ്ട്രീം തുടരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം താപനില മാറുന്നതോടെ വടക്കന്‍ ധ്രുവം കൂടുതല്‍ ചൂടുള്ളതാവുകയാണ്. ഇതോടെ തെക്കു നിന്നെത്തുന്ന ചൂട് കാറ്റ് തണുത്ത കാറ്റുമായി കൂട്ടി മുട്ടണമെങ്കിലും കൂടുതല്‍ വടക്കോട്ട് സഞ്ചരിക്കേണ്ടതുണ്ട്. ഈ സഞ്ചാരപാത മാറുന്നതോടെ ഈ രണ്ട് വായുസഞ്ചാരത്തിനും ഇടയില്‍ നില്‍ക്കുന്ന ജെറ്റ് സ്ട്രീമുകളും കൂടുതല്‍ വടക്കോട്ട് തള്ളി നീക്കപ്പെടുമെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. ഈ മാറ്റമാണ് ഗവേഷകര്‍ ഭയപ്പെടുന്ന കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് വഴിവക്കുമെന്ന് തെളിഞ്ഞിരിക്കുന്നതും.
ജെറ്റ് സ്ട്രീമുകള്‍
ഭൂമി മുഴുവന്‍ കറങ്ങുന്ന സഞ്ചരിച്ചു കൊണ്ടേയിരിക്കുന്ന വായുപ്രവാഹങ്ങളാണ് ജെറ്റ് സ്ട്രീമുകള്‍. ലോകത്തിന്‍റെ കാലാവസ്ഥയെ ആകെ സ്വാധീനിക്കുന്നതില്‍ ഈ ജെറ്റ് സ്ട്രീമുകള്‍ക്കു പങ്കുണ്ട്. ഉദാഹരണത്തിന് ഇന്ത്യയിലെ ശൈത്യകാലത്ത് വടക്കന്‍ സംസ്ഥാനങ്ങളില്‍ മഴയെത്തിക്കുന്നത് ഈ ജെറ്റ് സ്ട്രീമുകളാണ്. കൂടതെ മണ്‍സൂണ്‍ പ്രതിഭാസത്തിലും ജെറ്റ് സ്ട്രീമുകള്‍ ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട്. ഇന്ത്യയില്‍ മാത്രമല്ല മെഡിറ്ററേനിയന്‍ ഉള്‍പ്പടെയുള്ള പല മേഖലകളിലെയും കൃഷി രീതികള്‍ പോലും ജെറ്റ് സ്ട്രീമുകളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.ഭൗമോപരിതലത്തില്‍ നിന്ന് 12000 മീറ്റര്‍ വരെ ഉയരത്തിലാണ് ഇവ സാധാരണ കാണപ്പെടുന്നത്. സൗത്ത് ഏഷ്യ ജെറ്റ് സ്ട്രീമെന്നാണ് എവറസ്റ്റിലൂടെ കടന്നു പോകുന്ന ജെറ്റ് സ്ട്രീമിനെ വിളിക്കുന്നത്. വളരെ നേര്‍ത്തതും വേഗത്തില്‍ കടന്നു പോകുന്നതുമായ വായുപ്രവാഹമാണ് ജെറ്റ് സ്ട്രീമുകള്‍.
രൂക്ഷമാകുന്ന കാലാവസ്ഥ
ജെറ്റ് സ്ട്രീമിലുണ്ടാകുന്ന മാറ്റം താപനിലയിലെ വർധനവും വരള്‍ച്ചയുമെല്ലാം പല ഇരട്ടിയാകുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇതിന് പുറമെ അപ്രതീക്ഷിത പേമാരികളും വെള്ളപ്പൊക്കവും നാശം വിതച്ചേക്കാമെന്നും ഇവര്‍ കണക്കു കൂട്ടുന്നു. ജെറ്റ് സ്ട്രീമിനോട് ചേര്‍ന്ന് കിടക്കുന്ന മേഖലകളായതിനാല്‍ വടക്കേ അമേരിക്കയിലും യൂറോപ്പിലുമാകും ഏറ്റവുമധികം രൂക്ഷമായ കാലാവസ്ഥാ മാറ്റങ്ങള്‍ അനുഭവപ്പെടുക. യൂറോപ്പിലെ തെക്കന്‍ രാജ്യങ്ങളില്‍ കൂടുതല്‍ വരള്‍ച്ചയും സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ വെള്ളപ്പൊക്കവും പ്രതീക്ഷിക്കാമെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്.
English Summary:Scary Weather Will Be Inevitable If The Jet Stream Keeps Moving