ആഗോളതാപനം 2.4 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. സിഒപി 26 ല്‍ അടക്കം ഉണ്ടായ പ്രഖ്യാപനങ്ങളും അവ നടപ്പിലാക്കാനുള്ള നടപടികളും തമ്മില്‍ അന്തരമുണ്ടെന്നും ക്ലൈമറ്റ് ആക്ഷന്‍ ട്രാക്കര്‍ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഗോള താപനവും അതുവഴിയുള്ള കാലാവസ്ഥാ വ്യതിയാനവും 100 കോടി ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു.
വനനശീകരണം തടയും, കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി പദ്ധതികള്‍ പരമാവധി കുറയ്ക്കും, മീഥൈന്‍ ഉപയോഗം 2030 ആവുമ്പോഴേക്കും 30 ശതമാനം കുറയ്ക്കും തുടങ്ങി പ്രതീക്ഷയേകുന്ന ചില പ്രഖ്യാപനങ്ങള്‍ ഗ്ലാസ്ഗോയില്‍ നടക്കുന്ന സിഒപി 26 കാലാവസ്ഥാ സമ്മേളനത്തില്‍ ലോകരാജ്യങ്ങള്‍ നടത്തിയിരുന്നു. ആഗോളതാപനം 1.5 ഡിഗ്രിയില്‍ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പ്രഖ്യാപനങ്ങളെല്ലാം. എന്നാല്‍ ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്നതില്‍ വ്യക്തമായ പദ്ധതി അവതരിപ്പിക്കാനായിട്ടില്ല. അതിനിടയിലാണ് സ്വതന്ത്ര സംഘടനയായ ക്ലൈമറ്റ് ആക്ഷന്‍ ട്രാക്കറിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നൂറ്റാണ്ടിന്റെ അവസാനം അന്തരീക്ഷ താപനില 2.4 ഡിഗ്രി സെല്‍ഷ്യസ് ഇയരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സിഒപി 26 ലും അതിനുമുന്‍പും വിവിധ രാജ്യങ്ങള്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ വിശകലനം ചെയ്താണ് ക്ലൈമറ്റ് ട്രാക്കര്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. ഭൗമാന്തരീക്ഷത്തിലെ താപനില 2 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നാല്‍ 100 കോടി ജനങ്ങളെ അത് നേരിട്ട് ബാധിക്കുമെന്നാണ് യുഎന്‍ . ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. ആഗോള താപനം കുറയ്ക്കാന്‍ കൂടുതല്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
English Summary: World Heading For 2.4 Degrees Warming After Latest Climate Pledges: Report