ADVERTISEMENT

യുഎസിന്‍റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലും മെക്സിക്കോയുടെ വടക്കന്‍ മേഖലകളിലും വലിയ വരള്‍ച്ച പിടി മുറുക്കുകയാണ്. ഇത് ഈ വര്‍ഷം പെട്ടെന്ന് ആരംഭിച്ച ഒരു സാധാരണ വരള്‍ച്ചയല്ല. മറിച്ച് രണ്ട് പതിറ്റാണ്ടിലേറെയായി മേഖലയില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഭീതിദമായ ഒരു കാലാവസ്ഥാ മാറ്റം തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ഗവേഷകര്‍ ഈ കാലാവസ്ഥാ മാറ്റത്തെ മെഗാ ഡ്രോട്ട് എന്ന പേര് നല്‍കി ഇപ്പോള്‍ വിശേഷിപ്പിക്കുന്നതും. 1200 വര്‍ഷത്തിനിടെ ഇതാദ്യമായാണ് മേഖലയില്‍ ഇത്തരം ഒരു പ്രതിഭാസം കാണപ്പെടുന്നതെന്നും ഗവേഷകര്‍ പറയുന്നു.

 

മനുഷ്യരുടെ ഇടപെടല്‍ തന്നെയാണ് ഈ വരള്‍ച്ചയ്ക്ക് കാരണമാകുന്ന താപനിലാ വര്‍ധനവിന്‍റെ നാല്‍പ്പത് ശതമാനവും ഉൽപാദിപ്പിക്കുന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 21–ാം നൂറ്റാണ്ടിന്‍റെ തുടക്കം മുതല്‍ കണ്ടുവരുന്ന ഈ വരള്‍ച്ചയ്ക്ക് പ്രധാന പങ്കു വഹിയ്ക്കുന്നത് അന്ത്രപോളജനിക് ക്ലൈമറ്റ് ചെയ്ഞ്ച് എന്നു ഗവേഷകര്‍ വിളിക്കുന്ന മനുഷ്യരുടെ ഇടപെടല്‍ മൂലമുള്ള കാലാവസ്ഥാ വ്യതിയാനം തന്നെയാണ്. ആന്ത്രപോളജനിക് കാലാവസ്ഥാ വ്യതിയാനം ഇല്ലാതെ ഇത്തരത്തില്‍ ഒരു വന്‍വരള്‍ച്ച 21–ാം നൂറ്റാണ്ടില്‍ ഉണ്ടാകുമായിരുന്നില്ലെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തുന്ന ഗവേഷകരില്‍ ഒരാളും കലിഫോര്‍ണിയ സര്‍വകലാശാല അസോഷ്യേറ്റ് പ്രഫസറുമായ പാര്‍ക്ക് വില്യംസ് പറയുന്നു.

 

∙ ജല ഉപയോഗത്തില്‍ നിയന്ത്രണം

 

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ തന്നെ കലിഫോര്‍ണിയയും മറ്റ് പടിഞ്ഞാറന്‍ സര്‍വകലാശാലകളും വലിയ തോതിലുള്ള ജലക്ഷാമമാണ് നേരിടുന്നത്. ഇതേത്തുടര്‍ന്ന് പല മേഖലകളും ജല ഉപയോഗത്തില്‍ നിയന്ത്രണം പോലും ഏര്‍പ്പെടുത്തിയിരുന്നു. പല ജനവാസകേന്ദ്രങ്ങളിലും ഇപ്പോള്‍ കുടിവെള്ളം ബോട്ടിലുകളിലാക്കി പുറത്തു നിന്ന് ഇറക്കുമതി ചെയ്താണ് ഉപയോഗിക്കുന്നത്. ഇടയ്ക്ക് മാത്രം ഉണ്ടാകുന്ന മഴയോ മഞ്ഞുവീഴ്ചയോ നിരന്തരമായ വരള്‍ച്ച അലട്ടുന്ന മേഖലയ്ക്ക് ഒരു ചെറിയ ആശ്വാസം പോലും ആകുന്നില്ല. 2021 ആണ് ഈ വരള്‍ച്ചയുടെ രൂക്ഷത ഏറ്റവുമധികം അനുഭവിച്ചറിഞ്ഞ വര്‍ഷം. ഈ ഫെബ്രുവരി വരെയുള്ള കണക്കെടുത്താല്‍ തന്നെ പടിഞ്ഞാറന്‍ യുഎസിന്‍റെ 11 ശതമാനത്തോളം പ്രദേശം കൊടും വരള്‍ച്ചയുടെ പിടിയിലാണ്. 

 

കഴിഞ്ഞ വേനല്‍ക്കാലത്ത് വടക്കേ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ജലസംഭരണികളായ മീഡ്, പവല്‍ എന്നീ തടാകങ്ങള്‍ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പിലെത്തിയിരുന്നു. അതായത് ഇവയുടെ ആഴം അളക്കാന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും കുറഞ്ഞ ജലനിരപ്പിലേക്കാണ് ഈ തടാകങ്ങള്‍ എത്തിയത്. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ ഈ വരള്‍ച്ചാപ്രതിഭാസം ഉടനെയൊന്നും അവസാനിക്കില്ലെന്നും ഗവേഷകര്‍ പറയുന്നു. അടുത്ത ഏതാനും വര്‍ഷങ്ങളിലേക്ക് കൂടി ഈ വരള്‍ച്ച നീണ്ടു നില്‍ക്കാനാണ് സാധ്യത.

 

∙ ചരിത്രത്തിലെ കണക്കുകള്‍

 

നാലില്‍ മൂന്ന് സാധ്യതകളും കല്‍പിക്കുന്നത് ഈ നൂറ്റാണ്ടിന്‍റെ അവസാനം വരെയെങ്കിലും ഈ കൊടും വരള്‍ച്ച നീണ്ടു നില്‍ക്കുമെന്നാണ്. എണ്ണൂറാം ആണ്ട് മുതല്‍ 1600 വരെയുള്ള കാലയളവില്‍ നിരന്തരമായി ഇത്തരം വരള്‍ച്ചകള്‍ മെക്സിക്കന്‍ മേഖലയില്‍ ഉണ്ടായതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഇതില്‍ 800 ആണ്ടിനോട് ചേര്‍ന്നുണ്ടായ വരള്‍ച്ചയാണ് കൊടും വരള്‍ച്ചയായി കണക്കാക്കുന്നത്. ഇതുള്‍പ്പടെ നിരന്തരമായി ഉണ്ടായ വരള്‍ച്ചകള്‍ എല്ലാം തന്നെ ചുരുങ്ങിയത് 19 വര്‍ഷമെങ്കിലും നീണ്ടു നിന്നിട്ടുണ്ട്. 

 

2000 മുതല്‍ 2018 വരെയുള്ള കണക്കുകള്‍ പ്രകാരം ഈ കൊടും വരള്‍ച്ച ചരിത്രത്തിലെ വരള്‍ച്ചകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു. 800 ആം ആണ്ടിന് ശേഷം 1500 ല്‍ ഉണ്ടായ വരള്‍ച്ചയായിരുന്നു രണ്ടാം സ്ഥാനത്ത്. എന്നാല്‍ 2019 എത്തിയതോടെ കണക്കുകള്‍ മാറി മറിഞ്ഞു. 2019 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തിനിടെ വരള്‍ച്ച വീണ്ടും രൂക്ഷമായി. ഇതോടെയാണ് 800 ന് ശേഷമുള്ള അതായത് 1200 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ വരള്‍ച്ചയായി ഇപ്പോഴത്ത കൊടും വരള്‍ച്ചയെ കണക്കാക്കാന്‍ ഗവേഷകര്‍ തുടങ്ങിയതും.

 

∙ കാലാവസ്ഥാ വ്യതിയാനവുമായുള്ള ബന്ധം

 

അതേസമയം എഡി 800 - 1600 വരെയുള്ള സമയത്തെ ഈ കൊടുംവരള്‍ച്ചകള്‍ വ്യത്യസ്ത പ്രകൃതി പ്രതിഭാസങ്ങള്‍ മൂലം ഉണ്ടായവയാണ്. എന്നാല്‍ ആ കാലഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായ പ്രകൃത്യാല്‍ ഒരു കാരണവും ഇപ്പോഴത്തെ കൊടും വരള്‍ച്ചയില്‍ കണ്ടെത്താനാകില്ല. ലഭ്യമായ മഴയില്‍ വലിയ തോതിലുള്ള കുറവോ, നദികളുടെ നീരൊഴിക്കലുള്ള കുറവോ ഒന്നും തന്നെ ഇപ്പോഴുള്ള വരള്‍ച്ചയ്ക്ക് കാരണമായിട്ടില്ല. മനുഷ്യനിര്‍മിതമായ കാലാവസ്ഥാ വ്യതിയാനവും അതുമായി ബന്ധപ്പെട്ടിട്ടുള്ള ആഗോളതാപനവും തന്നെയാണ് ഇപ്പോഴത്തെ കൊടുംവരള്‍ച്ചയ്ക്ക് കാരണമായതെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ ഗവേഷകരെ പ്രേരിപ്പിച്ചതും ഈ ഘടകങ്ങള്‍ തന്നെയാണ്.

 

English Summary: Extreme 'Megadrought' Gripping The US Is Like Nothing Seen in 1,200 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com