സമീപകാലത്തിറങ്ങിയ ഹോളിവുഡ് സിനിമകളില്‍ ലോകം മുഴുവന്‍ ശ്രദ്ധിച്ച ചിത്രമാണ് ഡോണ്‍ട് ലുക് അപ്. ഭൂമിയുടെ അന്ത്യം മുന്നില്‍ കാണുമ്പോഴും അതില്‍ സ്വന്തം നിലനില്‍പ്പിനെ കുറിച്ച് മാത്രം ചിന്തിക്കുന്ന നിരവധി കഥാപാത്രങ്ങളെ ചിത്രത്തില്‍ കാണാനാകും. കാലാവസ്ഥാ വ്യതിയാനത്തെ ഒട്ടും ഗൗനിക്കാത്തവരെ ഓര്‍മിപ്പിക്കുന്ന വിധത്തിലാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വെള്ളപ്പൊക്കവും വരള്‍ച്ചയും ചൂടുകാറ്റുമെല്ലാം ഒരുമിച്ച് ചേര്‍ത്തു വായിക്കാതെ ഒറ്റപ്പെട്ട സംഭവങ്ങളായി കണ്ട് കാലാവസ്ഥാ വ്യതിയാനം ഇല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇത്തരം സൂചനകള്‍ വർധിച്ചുവരുന്നതാണ് ലോകമെമ്പാടും നമുക്ക് കാണാന്‍ കഴിയുന്നത്.
യുകെയില്‍ ഈ വാരം ആദ്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ചൂട് കാറ്റും 'രക്തമഴ'യും കാലാവസ്ഥാവ്യതിയാനം എന്ന പ്രതിഭാസത്തോടെ കൂട്ടിച്ചേര്‍ത്താണ് ഗവേഷകര്‍ വായിക്കുന്നത്. ഈ വര്‍ഷം യുകെയില്‍ അനുഭവപ്പെട്ട ഏറ്റവും ഉയര്‍ന്ന താപനിലയാകും വാരാന്ത്യത്തോടെ സംഭവിക്കുന്ന താപവാതത്തെ തുടര്‍ന്നുണ്ടാകുകയെന്ന് ഗവേഷകര്‍ പറയുന്നു. സഹാറയില്‍ നിന്നുള്ള മണല്‍ത്തരികള്‍ കാറ്റത്തുറയര്‍ന്ന് യുറോപ്യന്‍ മേഖലയിലേക്ക് എത്തുന്നതോടെയാണ് രക്തമഴ അഥവാ ബ്ലഡ് റെയിന്‍ പ്രതിഭാസം യുകെയില്‍ അനുഭവപ്പെടുക. സഹാറയില്‍ നിന്നുയര്‍ന്ന ഈ മണ്‍ത്തരികള്‍ ഇപ്പോള്‍ കരീബിയന്‍ തീരത്തോട് ചേര്‍ന്നാണുള്ളത്. കാറ്റിന്‍റെ ദിശ അനുസരിച്ച് ഇവ വടക്കുകിഴക്കന്‍ പ്രദേശത്തേക്ക് നീങ്ങിത്തുടങ്ങി. യുകെയിലാണ് ഇവ ആദ്യം എത്തുകയെന്ന് കോപ്പര്‍നിക്കസ് കാലാവസ്ഥാ വിഭാഗം വിലയിരുത്തുന്നു.
തിങ്കളാഴ്ചയോടെ മണല്‍ത്തരികള്‍ മഴയായി യുകെയില്‍ എത്തുമെന്നാണ് കരുതുന്നത്. മഴയോട് കൂടിയാണ് ഇവ വരുന്നതെങ്കില്‍ അത് മേഖലയിലെ അന്തരീക്ഷത്തില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കില്ല. എന്നാല്‍ മഴ പെയ്ത ശേഷമാണ് ഈ മണല്‍ത്തരികള്‍ കാറ്റോട് കൂടി ഇവിടേക്കെത്തുന്നതെങ്കില്‍ അത് അന്തരീക്ഷ വായുവിനെ മലിനീകരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. കൂടാതെ തുടര്‍ന്നെത്തുന്ന ചൂട് കാറ്റ് കുറച്ച് ദിവസത്തേക്ക് ജീവിതം കൂടുതല്‍ ദുസ്സഹമാക്കിയേക്കാമെന്നും ഗവേഷകര്‍ പ്രവചിക്കുന്നു.
ഇതിനിടെ മഴമേഘങ്ങള്‍ യുകെയിലെ ആകാശത്ത് തമ്പടിച്ചു തുടങ്ങിയിട്ടുണ്ട്. നേരിയ തണുത്ത കാറ്റും ചാറ്റല്‍ മഴയും മേഖലയില്‍ അനുഭവപ്പെടുന്നുണ്ട്. ഈ മാറ്റങ്ങള്‍ പക്ഷേ താല്‍ക്കാലികം മാത്രമാണ്. ഇപ്പോള്‍ ചൂടിന് ആശ്വാസം ലഭിച്ചെങ്കിലും മണല്‍ത്തരികള്‍ വഹിച്ച് കൊണ്ടുള്ള ചൂട് കാറ്റെത്തുന്നതോടെ താപനില വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണല്‍ത്തരികള്‍ ഭൂമിയിലിക്കെത്താതെ ആകാശത്ത് തന്നെ തങ്ങി നിന്നാല്‍ അത് സ്ഥിതി കൂടുതല്‍ വഷളാക്കുകയും ചൂടുള്ള കാലാവസ്ഥ കൂടുതല്‍ നീണ്ടുനില്‍ക്കാന്‍ കാരണമായേക്കാമെന്നും ഗവേഷകര്‍ പറയുന്നു.
യുകെയില്‍ മാത്രമല്ല, യൂറോപ്പില്‍ മെഡിറ്ററേനിയന്‍ സമുദ്രത്തോട് ചേര്‍ന്നു കിടക്കുന്ന വിവിധ രാജ്യങ്ങളില്‍ ഈ പ്രതിഭാസം ആവര്‍ത്തിക്കാനിടയുണ്ടെന്നാണ് കാറ്റിന്‍റെ ഗതിയില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. യുകെയിലോ, തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലോ ചുവന്ന മഴ സ്വാഭാവിക പ്രതിഭാസമല്ല. എന്നാല്‍ മാറുന്ന കാലാവസ്ഥാ സാഹചര്യത്തില്‍ യുറോപ്പിലെ കാലാവസ്ഥയില്‍ താപവാതവും വെള്ളപ്പൊക്കവും അസമയത്തെ മഞ്ഞു വീഴ്ചയും വരെ അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. താല്‍ക്കാലികമായുണ്ടാകുന്ന കാലാവസ്ഥാ പ്രതിഭാസങ്ങളാണ് ഇവയ്ക്ക് കാരണമെന്ന രീതിയില്‍ വായിക്കപ്പെടുമ്പോഴും ഇവയെ കൂട്ടിച്ചേര്‍ക്കുമ്പോള്‍ വലിയ ചിത്രം ലഭ്യമാകും. താല്‍ക്കാലികം എന്നു വിളിക്കുന്ന കാലാവസ്ഥാ പ്രതിഭാസങ്ങളിലേക്ക് തീര്‍ച്ചയായും നയിക്കുന്നത് ആഗോളതാപനിലയിലുണ്ടാകുന്ന മാറ്റങ്ങളാണെന്നും വ്യക്തമാകും.
English Summary: UK may be hit with ‘blood rain’ this week as thunderstorms move in