ഭൂമിയില്‍ വരാനിരിക്കുന്ന കൂട്ടവംശനാശത്തിന്‍റെ കാലയളവ് പ്രവചിച്ച് ഗവേഷകര്‍, സംഭവിക്കുന്നത്?

 New Study Offers a Surprising Timeline For Earth's Sixth Mass Extinction
Image Credit: Denis-S/Shutterstock
SHARE

ഭൗമചരിത്രത്തില്‍ ഇതുവരെ അഞ്ച് തവണ ജീവി വര്‍ഗങ്ങള്‍ കൂട്ട വംശനാശത്തിന് ഇരയായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതാദ്യമായി പ്രകൃത്യായല്ലാതെ മനുഷ്യ ഇടപെടല്‍ മൂലമുള്ള ആദ്യ കൂട്ട വംശനാശത്തിന് കൂടി തയാറെടുക്കുകയാണ് ഭൂമിയെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനകം തന്നെ പല ജീവിവര്‍ഗങ്ങളും കഴിഞ്ഞ ഏതാനും പതിറ്റാണ്ടിനുള്ളില്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായിനാല്‍ ആറാമത്തെ കൂട്ടവംശനാശം ആരംഭിച്ച് കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നവരും കുറവല്ല. ഏതായാലും ജപ്പാനിലെ ഒരു സര്‍വകലാശാലയിലെ ഗവേഷകര്‍ ഈ ആറാമത്തെ കൂട്ട വംശനാശം സംബന്ധിച്ച കാലയളവും അത് സംഭവിക്കാൻ പോകുന്ന സമയവുമെല്ലാം ഇപ്പോള്‍ കണക്കുകൂട്ടി പ്രവചിച്ചിരിക്കുകയാണ്.

നേരിയ പ്രതീക്ഷ നല്‍കുന്ന പഠനം

ജപ്പാനിലെ ടഹോകു സര്‍വകലാശാലയിലെ ഗവേഷകരാണ് ഇപ്പോള്‍ വരാനിരിക്കുന്നു എന്ന് ഭയപ്പെടുന്ന ഈ കൂട്ടവംശനാശത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്. അതേസമയം മുന്‍പഠനങ്ങളെ പോലെ ആശങ്കയുണ്ടാക്കുന്നതല്ല ഇവരുടെ കണ്ടെത്തല്‍. കാലാവസ്ഥാ ഗവേഷകരടങ്ങിയ ഈ സംഘത്തിന്‍റെ നിഗമന പ്രകാരം ഇനി വരാനിരിക്കുന്ന കൂട്ട വംശനാശം മുന്‍കാലങ്ങളിലെ പോലെ വലിയ നാശം വിതക്കില്ല. മാത്രമല്ല ഈ വംശനാശം സംഭവിക്കാന്‍ ഇനിയും ചുരുങ്ങിയത് ഏതാനും നൂറ്റാണ്ടുകള്‍ കൂടി സമയമെടുക്കുമെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ 540 മില്യണ്‍ വര്‍ഷങ്ങള്‍ക്കിടയ്ക്ക് അഞ്ച് തവണയാണ് ഭൂമിയില്‍ കൂട്ട വംശനാശം ഉണ്ടായിട്ടുള്ളത്. ഇതെല്ലാം തന്നെ കാലാവസ്ഥാ വ്യതിയാനം, അഗ്നിപര്‍വത സ്ഫോടനം, ഉല്‍ക്കാപതനം തുടങ്ങിയ കാരണങ്ങളാല്‍ സംഭവിച്ചിട്ടുള്ളവയാണ്. കാലാവസ്ഥാ വ്യതിയാനത്തില്‍ താപനിലാ വർധനവും താപനിലയിലുണ്ടാകുന്ന കുറവും ഉള്‍പ്പെടും. മനുഷ്യ ഇടപെടല്‍ മൂലം ഭൂമിയിലെ താപനില താളം തെറ്റി, അത് കുത്തനെ ഉയരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇതിന് പുറമെ വനനശീകരണം പോലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ വർധിച്ചതോടെയാണ് അടുത്ത കൂട്ടവംശനാശം എന്ന ആശങ്ക ശാസ്ത്രലോകത്ത് ഉടലെടുത്തത്. 

ജൈവ ആവാസവ്യവസ്ഥയുടെ നിലനില്‍പ്

ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പാദങ്ങളില്‍ വരെ കടലിലും കരയിലുമെല്ലാം കണ്ടു വന്നിരുന്ന പല ജന്തു, സസ്യവിഭാഗങ്ങളെയും കാണാതായതോടെ ഈ കൂട്ടവംശനാശത്തെക്കുറിച്ചുള്ള ആശങ്ക വർധിച്ചു. കൂടാതെ സമീപകാലത്ത് വന്ന പഠനങ്ങളെല്ലാം തന്നെ താപനില വർധിക്കുന്നതോടെ ജൈവപരിസരം മാറുമെന്നും ഇത് കടലിലെയും കരയിലെയും പല ജീവവര്‍ഗങ്ങളുടെയും സസ്യങ്ങളുടെ നിലനില്‍പിനെ അപകടത്തിലാക്കുമെന്നും വലിയൊരു സംഘം ഗവേഷകർ ചൂണ്ടിക്കാട്ടുകയും ചെയ്തു. മനുഷ്യരുടെ പോലും നിലനില്‍പ് വരും നൂറ്റാണ്ടുകളില്‍ അതികഠിനമാകുമെന്ന കണക്കുകൂട്ടലുകളും കുറവല്ല.

ഈ ഘട്ടത്തിലാണ് അടുത്ത കൂട്ടവംശനാശം ഉടനുണ്ടാകാനിടയില്ലെന്ന ജാപ്പനീസ് ഗവേഷകരുട പഠനം പ്രതീക്ഷ നല്‍കുന്നത്. കുനിയോ കെയ്ഹോ എന്ന ഗവേഷകന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പഠനം നടത്തിയത്. ഭൗമോപരിതലത്തിലെ താപനിലയും ജൈവവൈവിധ്യവും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയായിരുന്നു കുനിയോ കെയ്ഹോയുടെ പഠനം. താപനില വർധിക്കുന്ന തോതിനനുസരിച്ച് ജൈവ സസ്യജാലങ്ങളുടെ നിലനില്‍പ്പും അപകടത്തിലാകുമെന്ന് ഈ പഠനവും പറയുന്നു. അതേസമയം ആഗോളതാപനില വർധനവ് ചുരുങ്ങിയത് 9 ഡിഗ്രി സെല്‍ഷ്യസിലെങ്കിലും എത്താതെ ഇത് സംഭവിക്കില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ഏതാണ്ട് 1.5 ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ് ആഗോള താപനിലാ വർ‍ധനവിന്‍റെ തോത്. 

2500ല്‍ വരാനിരിക്കുന്ന കൂട്ടവംശനാശം

കെയ്ഹോയുടെ 9 ഡിഗ്രി സെല്‍ഷ്യസ് എന്ന തോത് മുന്‍പ് കണക്ക് കൂട്ടിയിരുന്നതിലും ഏറെ മുകളിലാണ്. അതുകൊണ്ട് തന്നെയാണ് കെയ്ഹോയും സംഘവും അടുത്ത കൂട്ട വംശനാശം സംഭവിക്കുകയാണെങ്കില്‍ തന്നെ അതിന് ഏതാനും നൂറ്റാണ്ടുകള്‍ തന്നെ കാത്തിരിക്കേണ്ടി വരുമെന്ന് പറയുന്നതും. മുന്‍പുള്ള കണക്ക് കൂട്ടലുകള്‍ പ്രകാരം 5.6 ഡിഗ്രി സെല്‍ഷ്യസിലേയ്ക്ക് ആഗോളതാപനം എത്തിയാല്‍ അത് ഭൂമിയിലെ നിലനില്‍ക്കുന്ന ജൈവവ്യവസ്ഥയെ അപ്പാടെ തകര്‍ക്കുമെന്നായിരുന്നു കരുതിയിരുന്നത്. 

9 ഡിഗ്രി സെല്‍ഷ്യസിലേയ്ക്ക് ആഗോളതാപനം എത്താന്‍ ചുരുങ്ങിയത് 2500 എഡി വരെയെങ്കിലും കാത്തിരിയ്ക്കേണ്ടി വരുമെന്നാണ് കെയ്ഹോ പറയുന്നത്. അതേസമയം തന്നെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും ആഗോളതാപനത്തിന്‍റെയും രൂക്ഷ പ്രത്യാഘാതങ്ങളുടെ കാര്യത്തില്‍ കെയ്ഹോയും പങ്കുവയ്ക്കുന്നത് സമാന അഭിപ്രായമാണ്. 2100 ആകുമ്പോഴേക്കും ആഗോളതാപനിലാ വർധനവ് 4.5 ഡിഗ്രി സെല്‍ഷ്യസ് മറികടക്കുമെന്ന് ഇതേ പഠനം ചൂണ്ടിക്കാട്ടുന്നു. ഇതോടെ ഭൂമിയില്‍ നിലനില്‍ക്കുന്ന ജൈവ്യവസ്ഥയുടെ സമവാക്യങ്ങള്‍ മാറുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.

English Summary: New Study Offers a Surprising Timeline For Earth's Sixth Mass Extinction

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}