നിലവിലെ വേനല്‍ചൂടും താപതരംഗവും സൂചന മാത്രം; ലോക കാലാവസ്ഥ അപകടകരമായ നിലയിലേക്ക്

A New Study Has Some Disturbing News About Dangerous Heat In The Future
Image Credit: Harley Kingston/ Shutterstock
SHARE

ആഗോളതലത്തില്‍ താപനില പരിധി വിട്ടുയരുകയാണ്. ഇതിന്‍റെ ഫലമായി തന്നെ ആഫ്രിക്കയിലും, ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തിലുമുള്ള ആളുകള്‍ ഈ താപനില വർധനവിലൂടെ വലിയ പ്രതിസന്ധി നേരിടാന്‍ പോവുകയാണെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും താപനിലാവർധനവ് ജനജീവിതം താറുമാറാക്കുമ്പോള്‍, ഇതെല്ലാം സൂചന മാത്രമാണെന്ന് ഗവേഷകര്‍ പറയുന്നു. നിലവിലെ ആഗോളതാപനത്തിന് കാരണമായ ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോഴും ഇത് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ തീവ്രതയെ നിലവില്‍ സ്വാധീനിക്കുന്നില്ലെന്നും ഗവേഷകര്‍ പറയുന്നു.

മധ്യഅക്ഷാംശ മേഖല അഥവാ മിഡ് ലാറ്റിറ്റ്യൂഡ് മേഖലകളും സമാനമായി തന്നെ വലിയ പ്രതിസന്ധി നേരിടുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം യുഎസ് പോലുള്ള രാജ്യങ്ങളില്‍ 2050 തോടെ ഭൂമിയുടെ പ്രതലത്തില്‍ നിന്നുള്ള താപബഹിര്‍ഗമനം ഇരട്ടിയാകുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പുതിയ പഠനത്തില്‍ ലോകത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ വേഗവും ജനപ്പെരുപ്പവും, ഊര്‍ജ ഉപയോഗവും വികസനപ്രവര്‍ത്തനങ്ങളുമെല്ലാം കണക്കുകൂട്ടിയാണ് ഭൂമിയുടെ ഭാവിയിലെ താപനിലയെ സംബന്ധിച്ച പ്രവചനങ്ങള്‍ ഗവേഷകര്‍ നടത്തിയിരിക്കുന്നത്. വാഷിങ്ടൺ സര്‍വകലാശാലയിലെ കാലാവസ്ഥാ വിഭാഗമാണ് ഈ പുതിയ പഠനം തയാറാക്കിയിരിക്കുന്നത്.

ഭാവി കാലാവസ്ഥയും അനിശ്ചിതാവസ്ഥയും

ഭാവിയിലെ കാലാവസ്ഥയെ സംബന്ധിച്ച സാധ്യതയില്‍ ഈ രണ്ട് പഠനം രണ്ട് അനിശ്ചിതാവസ്ഥകളാണ് ചൂണ്ടിക്കാട്ടുന്നത്. ഒന്ന് വരും വര്‍ഷങ്ങളില്‍ വായുവിലേക്ക് പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അളവ്. ഭാവിയിലെ താപനില ഈ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ ഏറ്റക്കുറച്ചിലുകളുമായി ഏറെ ബന്ധപ്പെട്ടിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഈ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ ബഹിര്‍ഗമനമാകട്ടെ ജനപ്പെരുപ്പത്തെയും വികസന പ്രവര്‍ത്തനങ്ങളെയും ആശ്രയിച്ചിരിക്കും. രണ്ടാമത്തെ ഘടകം ഏത്ര വലിയ അളവിലാണ് ഹരിതഗൃഹ വാതകങ്ങള്‍ താപനിലാ വർധനവിനെ സ്വാധീനിക്കുകയെന്നതാണ്.

അതേസമയം ഈ രണ്ട് സാധ്യകളിലും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ രൂക്ഷത അപകടത്തിലേക്ക് തന്നെ നയിക്കുമെന്ന് വ്യക്തമായി പറയുന്നുണ്ട്. ഒന്നാമത്തെ സാധ്യതയില്‍ ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം രൂക്ഷമായി അതിഭയാനകമായ അവസ്ഥയിലേക്ക് ഭൂമിയുടെ കാലാവസ്ഥയും താപനിലയും മാറും. രണ്ടാമത്തെ സാധ്യതയില്‍ ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം നിയന്ത്രിക്കാന്‍ കഴിയുന്നതിലൂടെ താപനില വർധിക്കുന്നതും ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും. എന്നാല്‍ ഇതും അപകടകരമായ സ്ഥിതിയില്‍ തന്നെ ലോക കാലാവസ്ഥയെ എത്തിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

ഹീറ്റ് എക്സ്റ്റോഷന്‍

ഈ രണ്ട് സാധ്യകളും ഓരോ വ്യക്തികളെയും എങ്ങനെ സ്വാധീനിക്കുമെന്നും ഗവേഷകര്‍ വിലയിരുത്തുന്നുണ്ട്. ഇതിനായി ഹീറ്റ് എക്സോഷന്‍ അഥവാ ചൂട് മൂലം ഒരു മനുഷ്യനുണ്ടായ തളര്‍ച്ച എന്ന ഘടകമാണ് ഗവേഷകര്‍ ഉപയോഗിച്ചത്. ഇതില്‍ അപകടകരമായ സ്ഥിതിയിലേക്ക് താപനില ഉയരുമ്പോള്‍ ഹീറ്റ് എക്സ്റ്റോഷനും വർധിക്കും. എന്നാല്‍ ഇത് ജീവനെ അപകടപ്പെടുത്തില്ല. എന്നാല്‍ അതികഠിനമായ ചൂട് മൂലം സാധാരണ കാലാവസ്ഥയില്‍ ആളുകള്‍ക്ക് നിത്യ ജീവിതം തന്നെ ബുദ്ധിമുട്ടാകും. എക്സ്റ്റോഷന്‍ സംഭവിയ്ക്കുന്ന അവസ്ഥ കൊടും വേനല്‍ക്കാലത്ത് ആഫ്രിക്കയിലെ സഹാറ മേഖലയിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും അപൂര്‍വമായി സംഭവിക്കാറുണ്ട്.

A New Study Has Some Disturbing News About Dangerous Heat In The Future
Image Credit: i am adventure/ Shutterstock

അതേസമയം അതിഭയാനകമായ അവസ്ഥയിലേക്ക് ആഗോളതപാനം വർധിച്ചാല്‍ ഹീറ്റ് എക്സ്റ്റോഷനും കൂടുതല്‍ രൂക്ഷമാകും. ഇത് ഇന്നത്തെ സാഹചര്യത്തില്‍ ഭൂമിയില്‍ ഒരിടത്തും സംഭവിക്കാത്ത പ്രതിഭാസമാണ്. ഈ അവസ്ഥ മനുഷ്യന്‍റെ ജീവന്‍ തന്നെ അപകടത്തിലാക്കും. ഈ പ്രതിഭാസം ഓരോ മേഖലയിലേയും കാലാവസ്ഥയും ഭൗമസാഹചര്യവും അനുസരിച്ച് പല അളവിലാകും വിവിധ രാജ്യങ്ങളില്‍ അനുഭവപ്പെടുകയെന്നും ഗവേഷകര്‍ പറയുന്നു.

രൂക്ഷമാകുന്ന പ്രദേശങ്ങള്‍

നിലവിലെ കണക്കുകൂട്ടല്‍ അനുസരിച്ച് , ഇന്ത്യ, ആഫ്രിക്ക, യുഎസ്, ചൈന തുടങ്ങിയ മേഖലകളില്‍ ചുരുങ്ങിയ രണ്ട് മാസമെങ്കിലും ഈ അതിരൂക്ഷമായ താപനില 2050 ആകുമ്പോള്‍ അനുഭവപ്പെടാം. ഈ രണ്ട് മാസവും ആളുകളുടെ ജീവന് തന്നെ അപകടമുണ്ടാകുന്ന രീതിയില്‍ ഹീറ്റ് എക്സ്റ്റോഷനുള്ള സാധ്യതയാണ് പുതിയ പഠനം കല്‍പിക്കുന്നത്. ഇത് മാത്രമല്ല ഈ നൂറ്റണ്ടിന്‍റെ അവസാനം ആകുമ്പോഴേക്കും ഈ ഹീറ്റ് എക്സ്റ്റോഷന്‍റെ തോതും അത് അനുഭവപ്പെടുന്ന കാലയളവും മൂന്ന് മുതല്‍ പത്ത് മടങ്ങ് വരെ വർധിക്കാമെന്നും ഗവേഷകര്‍ പറയുന്നു.

മേല്‍പ്പറഞ്ഞ പ്രദേശങ്ങള്‍ മാത്രമല്ല, യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളും ഓസ്ട്രേലിയയുമെല്ലാം ഈ ഹീറ്റ് എക്സ്റ്റോഷന്‍റെ തീവ്രത ഏറ്റുവാങ്ങേണ്ടി വരും. കൂടാതെ താപനിലയിലും കാലാവസ്ഥയിലുമുണ്ടാകുന്ന ഈ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന മറ്റ് ആഘാതങ്ങള്‍ വേറെയുമുണ്ട്. കടല്‍ജലനിരപ്പ് വർധന, വരള്‍ച്ച, ഒറ്റപ്പെട്ട പേമാരി മൂലമുള്ള വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവുമെല്ലാം വരും പതിറ്റാണ്ടുകളില്‍ ലോകത്തെ ജീവന്‍റെ നിലനില്‍പ്പിനെ തന്നെ താറുമാറാക്കുമെന്നാണ് ശാസ്ത്രലോകം കണക്കുകൂട്ടുന്നത്.

മനുഷ്യന്‍റെ അതീജീവനം

ഇത്രയം ഭീതിതമായ ഒരു ഭാവിയെക്കുറിച്ച് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുമ്പോള്‍ എല്ലാവരും സ്വാഭാവികമായി ആലോചിക്കുന്നത് മനുഷ്യരുടെ അതിജീവനത്തെക്കുറിച്ചാകും. ഇത് സംബന്ധിച്ച വ്യക്തമായ ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിയില്ല എന്നതാണ് സത്യം. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗമാണ് പ്രധാന വെല്ലുവിളി എന്നതിനാല്‍ ഇതില്‍ നിന്ന് ഊര്‍ജം ഉപയോഗിച്ച് കെട്ടിടങ്ങളും മറ്റും എത്രനാള്‍ തണുപ്പിക്കാന്‍ കഴിയുമെന്ന് വ്യക്തമല്ല. കൃഷി ചെയ്യുന്ന വികസ്വര രാജ്യങ്ങളിലെയും അവസ്ഥ വ്യത്യസ്തമായിരിക്കില്ല. കാലാവസ്ഥാ മാറ്റത്തിനൊപ്പം കൃഷി പ്രതിസന്ധിയിലാകും. വരള്‍ച്ചയും കാലം തെറ്റിയെത്തുന്ന മഴയുമെല്ലാം കൃഷി തകര്‍ക്കും. ഇതോടെ ഭക്ഷ്യപ്രതിസന്ധിയും രൂക്ഷമാകും. കടല്‍കയറ്റ ഭീഷണി തീരപ്രദേശത്ത് നിന്ന് വലിയ തോതില്‍ ആളുകളുടെ കുടിയേറ്റത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

English Summary: A New Study Has Some Disturbing News About Dangerous Heat In The Future

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}