ADVERTISEMENT

ആഗോളതലത്തിൽ 0.08 ഡിഗ്രി സെൽഷ്യസ് ചൂടിന് ഉത്തരവാദി ഇന്ത്യ. അതായത് ചൂടുകൂട്ടുന്നതിൽ ഇന്ത്യയുടെ പങ്ക് 4.8 ശതമാനമാണെന്നർഥം. ചൂട് വർധിപ്പിക്കുന്നതിൽ ഏറ്റവും കൂടുതൽ പങ്കുള്ള പത്ത് രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. 1850 മുതൽ 2021 വരെയുള്ള കാലഘട്ടത്തിലെ താപനിലയെക്കുറിച്ചുള്ള  പുതിയ പഠനത്തിലാണ് ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്നത്. സയന്റിഫിക് ഡാറ്റയിലാണ് ഗവേഷണഫലം പ്രസിധീകരിച്ചിരിക്കുന്നത്.  

 

1851-2021 കാലഘട്ടത്തിൽ ഇന്ത്യയുടെ കാർബൺ ഡൈ ഓക്സൈഡ് (CO2), മീഥെയ്ൻ (CH4), നൈട്രസ് ഓക്സൈഡ് (N2O) എന്നിവയുടെ ഉദ്‌വമനം യഥാക്രമം 0.04°C, 0.03°C, 0.006°C എന്നിങ്ങനെയാണ്. വ്യാവസായിക കാലത്തിനു മുമ്പുള്ള ആഗോളതാപനത്തിന്റെ തോതിനേക്കാൾ കൂടുതലാണിത്. 0.28 ഡിഗ്രി സെൽഷ്യസ് (17.3 ശതമാനം) താപനില വർധനയുമായി യുണൈറ്റഡ് സ്റ്റേറ്റ്സാണ് പട്ടികയിൽ ഒന്നാമത്. ചൈന, റഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ളത്. ഇന്തോനീഷ്യ, ജർമനി, യുകെ, ജപ്പാൻ, കാനഡ എന്നീ രാജ്യങ്ങളും പട്ടികയിൽ മുന്നിൽ തന്നെയുണ്ട്. 2005 മുതലാണ്  ഇന്ത്യ പത്താം സ്ഥാനത്തുനിന്നും അഞ്ചാം സ്ഥാനത്തേക്ക് എത്തിയത്. 

 

കാർബൺ ഓക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയ ഹരിതഗൃഹ വാതകങ്ങൾ മൂലമുള്ള ആഗോളതാപനത്തിൽ  രാജ്യങ്ങളുടെ 1850 മുതലുള്ള ദേശീയ പങ്കിനെക്കുറിച്ചായിരുന്നു ഗവേഷകർ കണക്കെടുപ്പ് നടത്തിയത്. യൂറോപ്പിലെയും യുണൈറ്റഡ് സ്റ്റേറ്റ്സിലെയും ഗവേഷകരുടെ നേതൃത്വത്തിലായിരുന്നു പഠനം. മിക്ക രാജ്യങ്ങളും ദേശീയമായി നിശ്ചയിച്ചിട്ടുള്ള സംഭാവനകളിൽ ഉൾപ്പെടുന്ന മൂന്ന് വാതകങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതിനാൽ ഈ ഡാറ്റാസെറ്റ് കാലാവസ്ഥാ നയവും ബെഞ്ച്മാർക്കിങ് അറിയിക്കുന്നതിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന് കാലാവസ്ഥാ ഗവേഷകർ പറഞ്ഞു. മാത്രമല്ല കാലാവസ്ഥാ വ്യതിയാനത്തിലെ സംഭാവനകൾ തുടർച്ചയായി ട്രാക്കുചെയ്യാനുള്ള നിർണായകഘടകമായി ഇത് മാറണമെന്നും അവർ ആവശ്യപ്പെട്ടു.  

 

മീഥെയ്നിന്റെയും നൈട്രസ് ഓക്സൈഡിൻറെയും അളവുമായി താരതമ്യം ചെയ്യുമ്പോൾ കാർബൺ ഡൈ ഓക്സൈഡാണ് അധികചൂടിന് കാരണമാകുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വ്യാവസായിക വിപ്ലവത്തിന് ശേഷം വികസിത രാജ്യങ്ങളിൽ നിന്നുള്ള ഉദ്‌വമനം ചൂട് കൂടുന്നതിന് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ടെന്ന് ഗവേഷകർ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന് രാജ്യങ്ങളുടെ പങ്കിന്റെ കണക്കെടുക്കുന്നത് ഓരോ രാജ്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെ ഭാരം മനസ്സിലാക്കാൻ സഹായിക്കുമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.  ഡീകാർബണൈസേഷനുള്ള രാജ്യാന്തര നയങ്ങളുടെ രൂപകല്പനയെ സഹായിക്കുന്നതാണ് ഈ കണക്കുകൾ. 

 

ഭൂവിനിയോഗവും വനമേഖലയുമാണ് മിക്ക രാജ്യങ്ങളിലെയും താപനിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ. ബ്രസീലിലെ ഭൂവിനിയോഗം, ഭൂവിനിയോഗ മാറ്റം, വനവൽക്കരണം എന്നിവയിൽ നിന്നുള്ള CO2 ഉദ്‌വമനം 0.04 ഡിഗ്രി സെൽഷ്യസ് ചൂടിലേക്കാണെത്തിച്ചത്. താപനില ഉയരുന്നതിൽ  ഫോസിൽ ഇന്ധനം ഏറ്റവും വലിയ കുറ്റവാളിയായി തുടരുന്നു. 1992 മുതൽ, ആഗോള ഫോസിൽ ഇന്ധന ഉദ്‌വമനം മൂലമുണ്ടാകുന്ന അധിക താപനം ഭൂവിനിയോഗ മാറ്റം മൂലമുണ്ടാകുന്ന അധിക താപനത്തേക്കാൾ നാലിരട്ടി കൂടുതലാണെന്നും ഗവേഷകർ വിശദീകരിക്കുന്നു.

 

English Summary: India contributed 0.08°C to global warming since 1850: Study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com