ADVERTISEMENT

സമുദ്രത്തിലെ താപതരംഗം അടിത്തട്ടിലെ വെള്ളത്തിലും വികാസവും വ്യാപനവുമുണ്ടാകുമെന്നും ഇത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും പഠനഫലം. യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷനിലെ (NOAA) ഗവേഷകരാണ്  ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. സമുദ്രോപരിതലത്തിലെ ചൂടുള്ള കാലാവസ്ഥയേക്കാൾ തീവ്രവും നീണ്ടുനിൽക്കുന്നതുമാണ് അടിത്തട്ടിലെ താപതരംഗങ്ങൾ. ഓരോ തീരത്തും ഇത് വ്യത്യസ്തമായിരിക്കുമെന്നും പുതിയ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. നേച്ചർ കമ്മ്യൂണിക്കേഷൻസിലാണ് ഈ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  

 

2013ൽ അസാധാരണ താപതരംഗം അലാസ്‌കയുടെ തീരത്ത് വികസിക്കുകയും അത് തെക്കൻ മെക്സിക്കോയിലേക്കും വടക്കേ അമേരിക്കയുടെ പസിഫിക് തീരത്തേക്കും വ്യാപിക്കുകയും ചെയ്തു. 'ബ്ലോബ്' എന്നറിയപ്പെടുന്ന ഈ താപതരംഗം ഉണ്ടാക്കിയ പ്രത്യാഘാതം വളരെ വലുതായിരുന്നു. ഇത് മത്സ്യസമ്പത്തിനെ നശിപ്പിക്കുകയും വിഷപ്പായലുകൾ വ്യാപിപ്പിക്കുകയും തീരത്തോട് ചേർന്ന് ആഴംകുറഞ്ഞ ജലത്തിൽ വളരുന്ന കെൽപ്പ് വനങ്ങൾക്ക് ഭീഷണിയാകുകയും ചെയ്തു. കൂടാതെ ഈ പ്രതിഭാസം കടൽപ്പക്ഷികളെ ഇര കിട്ടാതെ പട്ടിണിയിലുമാക്കി. ശാസ്ത്രജ്ഞൻമാർ കണക്ക് കൂട്ടിയതിലും അധികം നാൾ ഇത് നീണ്ട് നിന്നു. 

 

ഒരു ഘട്ടത്തിൽ ഒറിഗണിനടുത്തുള്ള സമുദ്രത്തിന് മുകളിൽ കടൽപ്പാറ തിരിച്ചറിയാനായി ഉണ്ടായിരുന്ന പൊങ്ങിൽ  ഭയപ്പെടുത്തുന്ന വിധത്തിലുള്ള താപനിലവ്യതിയാനം കണ്ടെത്തി. ഒരു മണിക്കൂറിനുള്ളിൽ ഏഴ് ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ കുതിച്ചുചാട്ടമുണ്ടാകുകയും കടൽ ചുട്ടുപൊള്ളാൻ തുടങ്ങുകയും ചെയ്തു. അതേസമയം സമുദ്രോപരിതലത്തിൽ നിന്ന് പ്രവഹിക്കുന്ന താപനില ഡാറ്റയിലായിരുന്നു ശാസ്ത്രജ്ഞരുടെ ശ്രദ്ധ. അതുകൊണ്ടു തന്നെ താഴെ ആഴങ്ങളിൽ സംഭവിക്കുന്നതെന്താണെന്ന് അവർക്ക് ധാരണയില്ലായിരുന്നു.  

 

ഒരു ദശാബ്ദത്തിലേറെയായി സമുദ്രോപരിതലത്തിലെ സമുദ്ര താപതരംഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയാണെന്ന് NOAA യുടെ ഫിസിക്കൽ സയൻസ് ലബോറട്ടറിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ദില്ലൻ അമയ. സമുദ്രോപരിതലത്തിലെ താപനിലയുടെ തീവ്രതയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള സൗകര്യം തന്നെ പരിമിതമാണ്. ഒഴുകി നടക്കുന്ന പൊങ്ങുകൾ, കപ്പലുകൾ, ഉപഗ്രഹങ്ങൾ എന്നിവ വഴിയാണ് നിലവിൽ വിവരശേഖരണം നടത്തുന്നത്. അടുത്തകാലത്തായാണ് ഉഷ്ണതരംഗങ്ങൾ പരിശോധിച്ച്  സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് പഠിക്കാനുള്ള ശ്രമം ശാസ്ത്രജ്ഞർ തുടങ്ങിയത്.  സമുദ്രോപരിതല നിരീക്ഷണങ്ങളിൽ നിന്നുള്ള വിവരങ്ങൾ കമ്പ്യൂട്ടറിന്റെ സഹായത്തോടെ വിശകലനം ചെയ്തെടുക്കലാണ് സാധാരണരീതി. ഇതാദ്യമായാണ് ആഴം കുറഞ്ഞ കടൽത്തീരങ്ങളിലെ താപവ്യതിയാനം വിലയിരുത്താനും ആഴത്തിൽ പഠിക്കാനും കഴിയുന്നതെന്നും അമയ വ്യക്തമാക്കി. 

 

ഉപരിതലത്തിലുള്ളതിനെക്കാൾ അധികകാലം നിലനിൽക്കുന്നതാണ് സമുദ്രത്തിന്റെ അടിത്തട്ടിലെ താപ തരംഗങ്ങളെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിൽ താപതരംഗങ്ങളുടെ തീവ്രത മറികടക്കുന്ന നിരവധി പ്രദേശങ്ങളുണ്ടെന്നും ഇവർ പറയുന്നു. അതേസമയം ഈ രണ്ട് തരം സമുദ്ര താപതരംഗങ്ങളും  ഉപരിതലവും അടിത്തട്ടിലെ ജലവും കൂടിച്ചേരുന്ന ആഴം കുറഞ്ഞ പ്രദേശങ്ങളിൽ ഒരേ സമയം ഉണ്ടാകാറുണ്ടെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കടൽത്തീരത്ത് താപനില ഉയരുന്നത് അര ഡിഗ്രി സെൽഷ്യസ് മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെയാണ്. ചൂടാകുന്നതിന്റെ യാതൊരു സൂചനയും ഉപരിതലത്തിൽ വരാതെ താഴെയുള്ള സമുദ്ര താപതരംഗങ്ങൾ വികസിക്കാം. ഭൂഖണ്ഡാന്തര ഷെൽഫിന്റെ ആഴമേറിയ ഭാഗങ്ങളിലായിരിക്കും ഇത് സംഭവിക്കുന്നത്. പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നത് വരെ  ഇത് തിരിച്ചറിയാതെ പോയേക്കാമെന്നും അമയ പറയുന്നു.

 

ദീർഘകാല സമുദ്ര നിരീക്ഷണ സംവിധാനങ്ങൾ നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെ അടിവരയിടുന്നതാണ് തങ്ങളുടെ പഠനഫലങ്ങളെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. സമുദ്രാടിത്തട്ട്  ചൂടാകുന്ന സാഹചര്യങ്ങളെക്കുറിച്ചറിയാൻ പുതിയ നിരീക്ഷണ കഴിവുകൾ വികസിപ്പിക്കുന്നത് വളരെ പ്രയോജനകരമായിരിക്കും.  മുൻകാലങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാനും ഭാവിയിൽ വരാനിരിക്കുന്ന കാര്യങ്ങൾക്കായി തയാറാകാനും ഇത് തങ്ങളെ സഹായിക്കുമെന്നും ഗവേഷകർ പറയുന്നു. അപൂർവവും അമൂല്യവുമായ ജൈവവൈവിധ്യമാണ് സമുദ്രത്തിന്റെ അടിത്തട്ടിലുള്ളത്. അതുകൊണ്ട് തന്നെ ഈ  ജീവജാലങ്ങൾ വസിക്കുന്ന സമുദ്രത്തിന്റെ അടിത്തട്ടിൽ നാം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് NOAA ഗവേഷകസംഘത്തിലെ സമുദ്രശാസ്ത്രജ്ഞൻ മൈക്കൽ ജാക്കോക്സ് പറയുന്നു.

 

ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതാണ് സമുദ്രജീവികൾ നേരിടുന്ന വലിയ ഭീഷണി. ആഗോളതാപനത്തിൽ നിന്നുള്ള അധിക താപത്തിന്റെ 90 ശതമാനവും സമുദ്രങ്ങൾ ആഗിരണം ചെയ്തിരിക്കുന്നതിനാൽ, ബ്ലോബ് പോലുള്ള സമുദ്ര താപതരംഗങ്ങൾ സംഭവിക്കാനുള്ള സാധ്യത 20 മടങ്ങ് കൂടുതലാണ്. അന്തരീക്ഷത്തിൽ നിന്ന് കാർബൺ വലിച്ചെറിഞ്ഞ് ആവാസവ്യവസ്ഥയെ തിരികെ കൊണ്ടുവരികയാണ് ഇതിന് പ്രതിവിധി. പസിഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യൻ മഹാസമുദ്രം എന്നിവയിലെ സമുദ്ര ജൈവവൈവിധ്യത്തെ താപതരംഗം ഗുരുതരമായി ബാധിക്കാറുണ്ട്.  കടൽ സസ്യങ്ങൾ മുതൽ മത്സ്യങ്ങൾ വരെ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നതായി  2019ലെ മറ്റൊരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു.

 

English Summary: Scientists Discover Intense Heatwaves Lurking at The Bottom of The Ocean

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com