ഉരുകുന്ന അന്റാർട്ടിക്, തകിടം മറിയുന്ന സമുദ്ര പ്രവാഹം; ഓക്സിജന്റെ അളവിൽ ഉണ്ടാകുന്നത് 40 ശതമാനം കുറവ്, ആശങ്ക

Deluges of Antarctic Meltwater Threaten to Collapse The Oceans' Circulation Currents
Image Credit: Ray Hems/ Istock
SHARE

ആഗോളതാപനം സൃഷ്ടിക്കുന്ന വെല്ലുവിളികളിൽ ഏറ്റവും വലുതാണ് അന്റാർട്ടിക്കിലെ മഞ്ഞുപാളികളുടെ തകർച്ചയെന്ന് എല്ലാവർക്കുമറിയാം. വലിയ തോതിൽ ഉരുകി ഒലിക്കുന്ന ഈ മഞ്ഞുപാളികൾ നിമിത്തം അപ്രതീക്ഷിതമായ പല പ്രതിസന്ധികളാണ് ദിവസേന ഗവേഷക ലോകം കണ്ടെത്തുന്നത്. ഇവയിൽ ഏറ്റവും അവസാനമായി കണ്ടെത്തിയതാണ് വലിയ തോതിലുള്ള മഞ്ഞുരുകൽ സമുദ്രങ്ങളിലെ ഓക്സിജൻ വിതരണത്തെ എങ്ങനെ അട്ടിമറിക്കുന്നു എന്നുള്ളത്. മാത്യു ഇംഗ്ലണ്ട് എന്ന കാലാവസ്ഥാ ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘം നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ ആഗോളതാപനം എങ്ങനെ ഒരു ശൃംഖലയെന്നപോലെ ഒരു പ്രതിസന്ധി മൂലം മറ്റൊരു പ്രതിസന്ധിയിലേക്ക് വഴിവയ്ക്കുന്നു എന്ന് വിശദീകരിക്കുന്നു.

നൂറ് കോടികണക്കിന് ടൺ ജലമാണ് അന്റാർട്ടിക്കിലേക്ക് മഞ്ഞുരുകുന്നതു വഴിയെത്തുന്നത്. കടൽ ജലവുമായി താരതമ്യപ്പെടുത്തുമ്പോൾ മഞ്ഞിലെ ലവണാംശം കുറവാണ്. മഞ്ഞുരുകിയെത്തുന്ന  ജലം സമുദ്രജലവുമായി ചേരുമ്പോൾ അവയുടെ ലവണാംശവും മാറുമെങ്കിലും താപനിലയിലെ വ്യത്യാസം നിർണായകമാണ്. ഇങ്ങനെ ശുദ്ധജലം സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന് പോകുന്ന തണുത്ത ലവണ ജലത്തെ സ്വാധീനിക്കുന്നുവെന്ന് ഗവേഷകർ വിവരിക്കുന്നു. ഇതാണ് ക്രമേണ സമുദ്രാന്തർഭാഗത്തെ ധാതുക്കളുടെ വിതരണത്തിന്റെ ക്രമം തെറ്റിക്കുന്നതും   

സമുദ്ര പ്രവാഹവും ധാതുക്കളുടെ വിതരണവും

സമുദ്രത്തിലെ പ്രവാഹം അഥാവാ ഓഷ്യൻ കറന്റ്സ് ലോകത്തെ എല്ലാ സമുദ്രങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രതിഭാസമാണ്. ഓക്സിജനും മറ്റ് മിനറലുകളും ലോകത്തെ എല്ലാം സമുദ്രങ്ങളിലേക്കും വിതരണം ചെയ്യുന്നത് ഈ ഒഴുക്കാണ്. ഈ ഒഴുക്കിന് നിർണായകമാകുന്നത് സമുദ്രജലത്തിന്റെ താപനിലയാണ്. സാധാരണഗതിയിൽ സമുദ്രത്തിലെ ലവണം അടങ്ങിയ തണുത്ത ജലം തന്നെയാണ്  ഓക്സിജനും മിനറലുകളും വിവിധ സമുദ്രങ്ങളിയേക്ക് എത്തിക്കുന്നത്. എന്നാൽ അന്റാർട്ടിക്കിലെ വലിയ തോതിലുള്ള മഞ്ഞുരുകൽ മൂലം ശുദ്ധജലാംശം വർധിക്കുന്നതോടെ ഇവ ധാതുക്കൾ വിതരണം ചെയ്യുന്നതിന് വിഘാതമാകുന്ന അവസ്ഥ സൃഷ്ടിക്കുന്നു. 

ആഗോളതാപനം രൂക്ഷമായതോടെ ഈ പ്രതിഭാസം ഇതിനകം തന്നെ അന്റാർട്ടിക്കിൽ രൂപപ്പെട്ട് തുടങ്ങിയെന്ന് ഗവേഷകർ വിശദീകരിക്കുന്നു. വരും വർഷങ്ങളിൽ ശുദ്ധജലത്തിന്റെ അളവ് വർധിക്കുന്നതോടെ ഓക്സിജന്റെയും മിനറലുകളുടെയും വിതരണത്തിന് വലിയ ആഘാതം അത് സൃഷ്ടിക്കും. ഇത് ലോകവ്യാപകമായി സമുദ്രത്തിലെ ധാതുക്കളുടെ അളവിനെ കുറയ്ക്കുന്നതിനും അതേ സമയം താപനില വർധിക്കുന്നതിനും ഇടയാക്കുമെന്നും ഗവേഷകർ പറയുന്നു.

സമുദ്രജൈവവ്യവസ്ഥയിൽ അപകടകരമായ മാറ്റങ്ങൾ ഇത്തരത്തിൽ മിനറലുകളുടെ ദൗർലഭ്യവും ഓക്സിജന്റെ ക്ഷാമവും വഴിവയ്ക്കും. കൂടാതെ കാലാവസ്ഥ, സമുദ്രജലനിരപ്പ് തുടങ്ങിയ ഘടകങ്ങളിൽ സ്വാധീനം ചെലുത്താനും കടലാക്രമണം പോലുള്ള അപകടകരമായ പ്രതിഭാസങ്ങൾ കുത്തനെ ഉയരുന്നതിനും കാരണമാകും. മാത്രമല്ല ഈ മാറ്റം ക്രമേണ അന്റാർട്ടിക്കിലെ തന്നെ മഞ്ഞുരുകൽ വർധിപ്പിക്കുകയും മുകളിൽ പറഞ്ഞ പ്രതിസന്ധികളെല്ലാം തന്നെ രൂക്ഷമാകാനും കാരണമാകും.

മുങ്ങിത്താഴുന്ന ഓക്സിജൻ

അന്റാർട്ടിക്കിലെ മഞ്ഞുരുകൽ അസാധാരണമാം വിധം ഉയരുന്നതിന് മുൻപ് സമുദ്രത്തിലെ ലവണജലവും അതിലേക്കെത്തുന്ന ശുദ്ധജലത്തിനും കൃത്യമായ തുലനാവസ്ഥ ഉണ്ടായിരുന്നു. ഇതാണ് മഞ്ഞുരുകൽ വർധിച്ചതോടെ അട്ടിമറിക്കപ്പെട്ടത്. ഇതോടെയാണ് സമുദ്രോപരിതലത്തിലോ ഏതാനും മീറ്ററുകൾ താഴെയോ ആയി കാണപ്പെടേണ്ട ഓക്സിജനും ധാതുക്കളും കുടുതൽ ആഴത്തിലേക്ക് പോകാൻ ഇടയാക്കുന്നത്. ഇപ്പോഴത്തെ സ്ഥിതിയിൽ ശുദ്ധജലത്തിന്റെ കടലിലേക്കുള്ള വരവ് വർധിച്ചാൽ ഈ മിനറലുകൾ ചുരുങ്ങിയത് അഞ്ച് കിലോമീറ്ററെങ്കിലും ആഴത്തിൽ സമുദ്ര അടിത്തട്ടിനോട് ചേർന്നുള്ള മേഖലയിലാകും അടിഞ്ഞുകൂടുകയെന്ന് ഗവേഷകർ കണക്കു കൂട്ടുന്നു.

സമുദ്രത്തിനുള്ളിൽ മാത്രമല്ല പുറത്തും പ്രതിഭാസം ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഭൂമധ്യരേഖാ അഥവാ ട്രോപ്പിക്കൽ പ്രദേശത്തെ  മഴമേഘങ്ങളെ വരെ ഈ പ്രതിഭാസം സ്വാധീനിച്ചേക്കാം എന്നും ഗവേഷകർ പറയുന്നു. ഇതിന് കാരണം ഓഷ്യൻ കറന്റ്സും മഴമേഘങ്ങളുടെ രൂപപ്പെടലും തമ്മിലുള്ള ബന്ധമാണ്. ഈ മാറ്റം മൂലം ഭൂമധ്യരേഖാ മേഖലയിലെ മഴമേഘങ്ങളുടെ വിതരണത്തിലും ആയിരം കിലോമീറ്റർ വരെ വ്യത്യാസം സംഭവിക്കാൻ സാധ്യതയുണ്ട്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഈ മഴമേഘങ്ങൾ ഭൂമധ്യരേഖാ പ്രദേശത്ത് നിന്ന് ആയിരം കിലോമീറ്റർ വടക്കോട്ട് മാറി വരെ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

2002 മുതൽ 2020 വരെയുള്ള അന്റാർട്ടിക് ഐസ് വിതാനത്തിന്റെ കണക്കുകൾ പരിശോധിച്ചാണ് ഗവേഷകർ പ്രധാനമായും പഠനം നടത്തിയത്. ഇതും കാലാവസ്ഥാ വ്യതിയാനവും തമ്മിലുള്ള ബന്ധവും ലോകത്തെ വിവിധ സമുദ്രങ്ങളിലെ ഓക്സിജന്റെ അളവുകളും ഗവേഷകർ പരിശോധിച്ചു. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ മൂന്ന് വ്യത്യസ്ത വിധത്തിലുള്ള പരീക്ഷണങ്ങളാണ് ഈ പഠനത്തിന്റെ ഭാഗമായി ഗവേഷകർ നടത്തിയത്. അന്റാർട്ടിക്കിന്റെ ഉരുകിൽ ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ തന്നെ അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളിൽ ലോകത്തെ സമുദ്രങ്ങളിലേക്ക് എത്തിച്ചേരുന്ന ഓക്സിജന്റെ അളവിൽ 40 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.  

English Summary: Deluges of Antarctic Meltwater Threaten to Collapse The Oceans' Circulation Currents

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS