മരവിച്ച മഞ്ഞുപാളിയില്‍ ജീവന്റെ തുടിപ്പ്; വേനലിൽ ടൺ കണക്കിന് ‘സീസണൽ സോംബീസ്’ പുറത്തേക്ക്

‘Extreme situation’: Antarctic sea ice hits record low
Image Credit: anyaberkut/ Istock
SHARE

അന്റാർട്ടിക് പോലുള്ള മേഖലകളിൽ എവിടെ നോക്കിയാലും വെള്ള നിറത്തിൽ പരവതാനി വിരിച്ച പോലെ കിടക്കുന്ന മഞ്ഞുപാളികളാണ്. കണ്ണെത്താദൂരത്ത് പച്ചപ്പോ, ജൈവ സാന്നിധ്യമോ ഇല്ലാത്ത അന്റാർട്ടിക്ക പോലുള്ള മേഖലകളിൽ ജീവനുള്ള ഒന്നും തന്നെ ഒറ്റനോട്ടത്തിൽ കണ്ടെത്താനാകില്ല. എന്നാൽ പുറമേ കാണാനാകാത്ത ഒട്ടേറെ ജീവനുകളുടെ ശേഖരമാണ് മഞ്ഞുപാളികളിലുള്ളത്. മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ കഴിയുന്ന അതിസൂക്ഷ്മജീവികൾ അന്റാർട്ടിക്ക, ഗ്രീൻലൻഡ്, ഐസ്‌ലൻഡ് പ്രദേശങ്ങളിൽ വൻ തോതിൽ കാണപ്പെടുന്നു. ഇവയിൽ പലതും സീസണൽ സോംബീസ് എന്ന് അറിയപ്പെടുന്നവയാണ്. ശൈത്യകാലത്ത് ഇവ മഞ്ഞുപാളികളിൽ ഒളിച്ചിരിക്കുകയും വേനൽക്കാലത്ത് പുറത്തേക്ക് വരുകയും ചെയ്യുന്നു.  

അതിസൂക്ഷ്മജീവികളുടെ കലവറ

കുറഞ്ഞ അളവിൽ മഞ്ഞുരുകിയ വെള്ളമെടുത്താൽ ബാക്ടീരിയ, ആൽഗെ, വൈറസ്, മൈക്രോസ്കോപിക് ഫംഗി തുടങ്ങി വിവിധ വർഗത്തിൽപ്പെട്ട ഏകദേശം 4,000 അതിസൂക്ഷ്മജീവികളെ അതിൽ കണ്ടെത്താൻ സാധിക്കും. അടുത്തിടെയാണ് ഇത് കണ്ടെത്തിയതെന്ന് സ്വീഡനിലെ ഓർഹസ് സർവകലാശാല ഗവേഷകനായ അലക്സാഡ്രേ അനേസിയോ പറയുന്നു. 

വേനൽക്കാല മധ്യത്തിലും ഒടുവിലുമായി ഐസ്‌ലൻഡിൽ നിന്നും ഗ്രീൻലൻഡിൽ നിന്നും മഞ്ഞുരുകിയ ജലം ശേഖരിച്ച് ബാക്ടീരിയയുടെ സാന്നിധ്യം പരിശോധിച്ചു. കണ്ടെത്തിയ ബാക്ടീരിയകളിൽ ഏറെയും ജീവനുള്ളതായിരുന്നുവെന്ന് ഗവേഷകർ പറയുന്നു. ശൈത്യകാലത്തെ അതിജീവിച്ച് വേനൽക്കാലത്ത് ഇവ സജീവമാകുകയായിരുന്നു. ഈ മേഖലയിലെ ശൈത്യത്തിന്റെ കാഠിന്യവും വെല്ലുവിളിയേറിയ ജൈവാവസ്ഥയും പരിശോധിക്കുമ്പോൾ പകുതിയോളം സൂക്ഷമജീവികൾ ജീവനോടെ തുടരുന്നുവെന്നത് അവയുടെ അതിജീവന ശേഷിയുടെ തെളിവാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

Highest glacier on Mount Everest melting at alarming rate: Study
Image Credit: Shutterstock

കൂട്ടായി നടത്തുന്ന അതിജീവന യത്നം

അതിസൂക്ഷ്മ ജീവികൾക്ക് അമിനോ ആസിഡ് ഉൽപാദിപ്പിക്കാൻ ശേഷിയുണ്ടെന്നും ഇതാണ് ഇവരുടെ അതിജീവനത്തിനു പിന്നിലെന്നും ഗവേഷകർ പറയുന്നു. ഈ അമിനോ ആസിഡുകൾ ഇവയെ കെട്ടിടങ്ങൾ പോല കൂട്ടത്തോടെ ഒരുമിച്ചിരിക്കാൻ സഹായിക്കുന്നു. ശൈത്യകാലം ഇങ്ങനെ ചെലവഴിക്കും. ആറ് മാസം വരെ അവര്‍ക്ക് ഇങ്ങനെ തുടരാനാകും. തുടർന്ന് വേനലാകുമ്പോൾ താപനില വ്യത്യാസമുണ്ടാവുകയും മഞ്ഞുരുകി ഇവ പുറത്തുവരികയും ചെയ്യുന്നു.

കാലാവസ്ഥാ വ്യതിയാനം മൂലം ശൈത്യകാലത്തിന്റെ ദൈർഘ്യത്തിലുണ്ടാകുന്ന മാറ്റങ്ങളോട് ഈ സൂക്ഷ്മജീവികൾ മികച്ച രീതിയിൽ പ്രതികരിക്കുന്നതായി ഗവേഷകർ കണ്ടെത്തി. സാഹചര്യത്തിന് അനുകൂലമായി മാറാനുള്ള ശേഷിയും സൂക്ഷ്മ ജീവികളുടെ അതിജീവനത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.

Thwaites: Antarctic glacier heading for dramatic change

അതിജീവനത്തില്‍ ആശങ്ക 

കാലാവസ്ഥാ വ്യതിയാനത്തിന് അനുകൂലമായി പ്രതികരിക്കാനും അതിനോട് ഇണങ്ങി ചേരാനുമുള്ള കഴിവ് ഏതൊരു ജീവി വർഗത്തിനും നല്ലതാണ്. എന്നാൽ ഈ അതിസൂക്ഷ്മജീവികളുടെ കഴിവ് ആ മേഖലയിലെ ജൈവവ്യവസ്ഥയ്ക്ക് ഗുണകരമാകില്ലെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. സൂക്ഷ്മ ജീവികളുടെ ഈ പ്രത്യേക കഴിവ് ജൈവവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമോ എന്നതാണ് ഇവരുടെ ആശങ്ക. വരും വർഷങ്ങളില്‍ ധ്രുവപ്രദേശങ്ങളിലെ ശൈത്യകാലം കൂടുതൽ ദുർബലമാകുമെന്നാണ് ഗവേഷകർ കണക്ക് കൂട്ടുന്നത്. അങ്ങനെ സംഭവിച്ചാൽ ഈ അതിസൂക്ഷമജീവികൾ വലിയ തോതിൽ പെരുകാൻ സാധ്യതയുണ്ട്. ഇതിനുള്ള ഉദാഹരണം ഐസ്‌ലൻഡിൽ തന്നെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഏതാനും വർഷങ്ങളായി ഇവിടെ കണ്ടുവരുന്ന കടുത്ത പർപ്പിൾ നിറത്തിലുള്ള ആൽഗെ മേഖലയിലെ മഞ്ഞിന്റെ നിറം തന്നെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇത് പ്രദേശത്തെ അൽബിഡോ പ്രതിഭാസത്തെ ബാധിക്കുകയും, മേഖലയിലെ ശരാശരി താപനില വർധിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്.

Thwaites: Antarctic glacier heading for dramatic change
Image Credit: Shutterstock

ഇത്തരത്തിൽ സ്നോ ആൽഗകൾ ഒരു തുടക്കം മാത്രമാണെന്ന ഭയമാണ് ഗവേഷകർക്ക്. ശൈത്യകാലത്തിന്റെ ദൈർഘ്യം കുറയും തോറും കൂടുതൽ സജീവമാകുന്ന ബാക്ടീരിയകളും, വൈറസുകളും എങ്ങനെയാണ് മറ്റ്  ജീവിവവർഗങ്ങളോട് പ്രതികരിക്കുകയെന്നത് ചോദ്യമായി തുടരുന്നു.

English Summary: Glaciers Are Not Devoid of Life. Tons of Microbes Hide Within The Ice.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS