ADVERTISEMENT

കാലാവസ്ഥാവ്യതിയാനം മൂലം ലോകത്തിന്റെ പലഭാഗങ്ങളിലും കൊടും വരൾച്ചയും പ്രളയവും എല്ലാം നിത്യസംഭവമായിക്കൊണ്ടിരിക്കുകയാണ്. വടക്കൻ ചൈനയിൽ റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബീജിങ്ങിൽ 41.6 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഇത്തരം സാഹചര്യങ്ങളെ മറികടക്കുന്നത് എങ്ങനെയെന്നറിയാതെ പല രാജ്യങ്ങളും പ്രതിസന്ധിയിലാവുകയും ചെയ്യുന്നു. ആഗോളതാപനവും സമുദ്രനിരപ്പ് ഉയർന്നതുമെല്ലാം അതീവ  ഗൗരവത്തോടെയാണ് ഭരണകൂടങ്ങളും രാജ്യാന്തര ഏജൻസികളും കാണുന്നത്. ഇപ്പോഴിതാ സ്ഥിതിഗതികൾ എത്രത്തോളം ഗൗരവതരമാണെന്ന് വെളിപ്പെടുത്തുകയാണ് ഐക്യ രാഷ്ട്ര സംഘടനയുടെ കാലാവസ്ഥ ഏജൻസിയായ വേൾഡ് മിറ്റിയോറോളജിക്കൽ ഓർഗനൈസേഷൻ. വരുന്ന അഞ്ചു വർഷങ്ങൾ ആഗോളതലത്തിൽ എക്കാലത്തെയും ചൂടേറിയ കാലമായിരിക്കുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്.

2023 മുതൽ 2027 വരെയുള്ള കാലയളവാണ് ഏറ്റവും ചൂടേറിയതാകുമെന്ന് ഗവേഷകർ വിലയിരുത്തുന്നത്. ഇവയിൽ ഏതെങ്കിലുമൊരു വർഷത്തിൽ 2016 ൽ രേഖപ്പെടുത്തിയ റെക്കോർഡ് താപനിലയെ മറികടക്കാൻ 98 % സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു. 1.5 ഡിഗ്രി സെൽഷ്യസ് എന്ന ശരാശരി ആഗോളതാപനനിരക്ക് ഈ അഞ്ചുവർഷ കാലയളവിൽ താൽക്കാലികമായി മറികടക്കപ്പെടുമെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. ഒന്നോ അതിൽ അധികമോ വർഷങ്ങളിൽ ഇത് സംഭവിക്കാൻ സാധ്യതയുണ്ട്.

ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യം വർധിച്ചത് മൂലം അന്തരീക്ഷത്തിൽ ചൂട് അധികമായി തങ്ങി നിൽക്കുന്നതും സ്വാഭാവികമായി ഉണ്ടാകുന്ന എൽ നിനോ പ്രതിഭാസവും ആഗോളതാപനം വർധിക്കുന്നതിന് പ്രധാന കാരണങ്ങളാണ്. സാധാരണഗതിയിൽ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതിന് തൊട്ടടുത്ത വർഷത്തിലാണ് ചൂട് കൂടുന്നത്. അങ്ങനെ നോക്കിയാൽ 2024 ൽ ആഗോളതാപന തോത് വർധിക്കാനാണ് സാധ്യത. വരും മാസങ്ങളിൽ എൽ നിനോ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അതുമൂലം ഉണ്ടാകുന്ന വെല്ലുവിളികൾ നേരിടാൻ ആഗോള ജനസമൂഹം സജ്ജമായിരിക്കണം എന്നും സംഘടന ഓർമിപ്പിക്കുന്നു.

താപന നിരക്കിൽ ഉണ്ടാവുന്ന വർധനവിന്റെ പ്രത്യാഘാതങ്ങൾ ആരോഗ്യം, ഭക്ഷ്യസുരക്ഷ, ജല മാനേജ്മെന്റ്, പരിസ്ഥിതി എന്നീ മേഖലകളിലെല്ലാം കാണാനാവും.  ഈ വിപരീത ഫലങ്ങളെ നേരിടാൻ തയ്യാറായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് കാലാവസ്ഥാ റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് വേൾഡ് മിറ്റിയറോളജിക്കൽ ഓർഗനൈസേഷന്റെ ജനറൽ സെക്രട്ടറി അറിയിച്ചു. 2023-നും 2027-നും ഇടയിൽ ഓരോ വർഷവും ആഗോള ശരാശരി താപനില 1850-1900ലെ ശരാശരിയേക്കാൾ 1.1 ഡിഗ്രി സെൽഷ്യസ് മുതൽ 1.8 ഡിഗ്രി സെൽഷ്യസ് വരെ അധികമായിരിക്കുമെന്ന് റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്.

Representational image. Photo: Shutterstock/AePatt Journey
Photo: Shutterstock/AePatt Journey

ആഗോളതാപനത്തിൽ ഉണ്ടാകുന്ന വർധനവിന് പുറമേ ഹരിത ഗൃഹവാതകങ്ങളുടെ അളവ് വർധിക്കുന്നത് സമുദ്രതാപനിലയും അമ്ലീകരണവും വർധിക്കുന്നതിനും സമുദ്രത്തിലെ മഞ്ഞുപാളികളും ഹിമാനികളും അധികമായി ഉരുകുന്നത്തിലേക്കും വഴിവയ്ക്കും.

ഹിമാനികൾ ഉരുകുന്നത് 65% അധിക വേഗത്തിൽ

രണ്ട് ബില്യണിലധികം ആളുകളാണ് ജലത്തിനായി ഹിമാലയത്തിലെ ഹിമാനികളെ ആശ്രയിക്കുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനം മൂലം കഴിഞ്ഞ പതിറ്റാണ്ടിനെ അപേക്ഷിച്ച് 2011 നും 2020 നും ഇടയിലുള്ള കാലയളവിൽ ഹിമാനികൾ 65% അധികവേഗത്തിൽ ഉരുകിയതായി ഇന്‍റർനാഷണൽ സെന്‍റർ ഫോർ ഇന്‍റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്‍റിന്‍റെ ഏറ്റവും പുതിയ പഠനത്തില്‍ പറയുന്നു. 

ഹിമാലയത്തിലെ മഞ്ഞിന്റെ അളവ് കുറയുന്നതായി മുൻപുതന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഊഷ്ണതരംഗങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കടന്നുവരുന്നത് മൂലം ഹിമാലയത്തിലെ മഞ്ഞുരുക്കത്തിന്റെ തോത് വർധിച്ചിരിക്കുകയാണ്. ഹിന്ദു കുഷ് മേഖലയിലെ മഞ്ഞുരുക്കമാണ് പ്രധാനമായും ആശങ്ക ഉണർത്തുന്നത്. മഞ്ഞുരുക്കം ഇതേ നിലയിൽ തുടർന്നാൽ ജലനിരപ്പ് ഉയരുകയും കടുത്ത വെള്ളപ്പൊക്കത്തിലേക്ക് നയിക്കുകയും ചെയ്യും. 

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഹിമാനികളുടെ നിലവിലെ അളവിന്റെ 80% വരെ നഷ്ടപ്പെടുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ശുദ്ധജല ലഭ്യതക്കുറവ്, മണ്ണിടിച്ചിൽ തുടങ്ങി പല വിപത്തുകളും ഹിമാലയൻ താഴ്വരകളിലുള്ള രാജ്യങ്ങളിൽ സംഭവിക്കാൻ മഞ്ഞുരുക്കം കാരണമാകും. ജലവൈദ്യുത പദ്ധതികൾ, കൃഷിയിടങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം ഇതിന്റെ പ്രത്യാഘാതങ്ങൾ ദൃശ്യമാകുന്നതോടെ കോടിക്കണക്കിന് ജനങ്ങളുടെ ജീവിതമാണ് പ്രതിസന്ധിയിലാകുന്നത്.

English Summary:  Next 5 years could be hottest ever globally, warns UN weather agency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com