ഈ വർഷം ചൂടുകൂടിയതിന് ഒരു അജ്ഞാത കാരണം? കടലിൽ മറഞ്ഞിരുന്ന ഒരു വില്ലൻ അഗ്നിപർവതം

HIGHLIGHTS
  • ചിലർ താപനില വർധനയ്ക്കു പിന്നിൽ ടോംഗ വിസ്ഫോടനത്തിന് ഒരു റോളുണ്ടെന്ന് പറയുന്നു.
tonga-eruption
(Photo: Twitter/ @realmdlykins)
SHARE

ഈ വർഷം ചൂടുകൂടിയതിനു പിന്നിൽ കാലാവസ്ഥാവ്യതിയാനമല്ലാതെ മറ്റൊരു പ്രബലകാരണമുണ്ടോ? കഴിഞ്ഞവർഷം പസിഫിക് ദ്വീപിൽ ടോംഗയ്ക്ക് സമീപം കടലിനടിയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചതാണോ ഇതിനു കാരണം. ഇതേക്കുറിച്ച് ശാസ്ത്രജ്ഞർ രണ്ടുതട്ടിലാണ്. ചിലർ താപനില വർധനയ്ക്കു പിന്നിൽ ടോംഗ വിസ്ഫോടനത്തിന് ഒരു റോളുണ്ടെന്ന് പറയുന്നു. കടലിനടിയിൽ സംഭവിച്ച വമ്പൻ വിസ്ഫോടനമായതിനാൽ വലിയ അളവിൽ നീരാവി ഇതിന്റെ ഭാഗമായി അന്തരീക്ഷത്തിലേക്ക് ഉയർന്നിരിക്കാമെന്നും ഇതൊരു ഹരിതഗൃഹവാതകമായി മാറിക്കൊണ്ട് ചൂട് കൂട്ടിയിരിക്കാമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഗവേഷണഫലങ്ങൾ ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു.

പസിഫിക് സമുദ്രത്തിൽ ജലാന്തർഭാഗത്ത് വൻ അഗ്നിപർവത സ്ഫോടനം നടന്നതിനെത്തുടർന്ന് ആഞ്ഞടിച്ച സൂനാമിയും മറ്റ് പ്രകൃതി ആക്രമണങ്ങളും സമാനതകളില്ലാത്ത നാശനഷ്ടങ്ങളാണ് ടോംഗയിൽ നടത്തിയത്. പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപരാഷ്ട്രമാണ് ടോംഗ.

ടോംഗയുടെ തലസ്ഥാനം നുകുവലോഭയിൽ നിന്ന് 64 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്ത ഹുംഗ ടോംഗ എന്ന സമുദ്രാന്തര അഗ്നിപർവതമാണു കഴിഞ്ഞവർഷം പൊട്ടിത്തെറിച്ചത്.  30 വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും വലിയൊരു പൊട്ടിത്തെറി ഇവിടെ നടന്നത്. യുഎസ് ഉൾപ്പെടെ രാജ്യങ്ങളിൽ കടലാക്രമണഭീഷണി ഇതു മൂലം ഉടലെടുത്തിരുന്നു.ദുരന്തത്തിൽ 3 പേരാണു കൊല്ലപ്പെട്ടതെങ്കിലും ടോംഗയുടെ സാമൂഹിക, സാമ്പത്തിക, ആശയവിനിമയ മേഖലകളിൽ ദുരന്തം വൻ നാശനഷ്ടങ്ങൾക്ക് ഇടവരുത്തി .ഓഷ്യാനിയയുടെ ഭാഗമായ പോളിനേഷ്യൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന രാജ്യമായ ടോംഗയുടെ കീഴിൽ 169 ദ്വീപുകളുണ്ട്. കേവലം ഒരുലക്ഷമാണ് ഈ രാജ്യത്തെ ജനസംഖ്യ.

tonga
(Photo: Twitter/ @ralphbalexander)

60 ലക്ഷം ടൺ ടിഎ‍ൻടി ഊർജം പുറത്തുവിട്ട വിസ്ഫോടനമായിരുന്നു ടോംഗയ്ക്കു സമീപം സംഭവിച്ചതെന്ന് നാസ വിലയിരുത്തുന്നു. ലോകം ചുറ്റി സഞ്ചരിച്ച ഒരു സോണിക് ബൂം പ്രതിഭാസത്തിനും വിസ്ഫോടനം വഴിയൊരുക്കി. അഗ്നിപർവത വിസ്ഫോടനത്തിന്റെ തുടർപ്രതിഭാസമെന്ന നിലയിൽ 6.2 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനം രണ്ടാഴ്ചയ്ക്കു ശേഷം ടോംഗയിലെ ലിഫുക ദ്വീപിനു സമീപം സംഭവിച്ചു. 14.5 ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം.

അഗ്നിപർവത വിസ്ഫോടനത്തിന്റെ ചാരം 50 കിലോമീറ്ററുകളോളം ഉയരുകയും ഇതു ടോംഗയെ വലയം ചെയ്തു നിൽക്കുകയും ചെയ്തു. ഇതു മൂലം നാശനഷ്ടങ്ങളുടെ വ്യാപ്തി ഉപഗ്രഹങ്ങൾ ഉപയോഗിച്ച് അളക്കുന്നതിൽ തടസ്സങ്ങൾ നേരിട്ടിരുന്നു. വിസ്ഫോടനത്തിന്റെ ആഘാതം നിമിത്തം ഒരു ദ്വീപ് പൂർണമായും മുങ്ങി. മൂന്നു ദ്വീപുകളിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതിനാൽ ഉപയോഗശൂന്യമായി. ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും ഭാഗികമായും തകരാറിലായി. ഇന്റർനെറ്റിനും ഫോൺകോളുകൾക്കും ദ്വീപിൽ തടസ്സം നേരിട്ടു.

പസിഫിക് സമുദ്രത്തിൽ ന്യൂസീലൻഡ് മുതൽ ഫിജി വരെ നീണ്ടുകിടക്കുന്ന അഗ്നിപർവതമേഖലയിലാണ് അഗ്നിപർവതം മുങ്ങിക്കിടക്കുന്നത്. ഹുംഗ ടോംഗ, ഹുംഗ ഹാപായ് എന്നീ ദ്വീപുകൾക്കിടയിലായാണ് ഇത്. 2009ൽ ഈ അഗ്നിപർവതം പൊട്ടിത്തെറിച്ചെങ്കിലും ഇത്രത്തോളം ആഘാതമുണ്ടായിരുന്നില്ല.എങ്കിലും ഈ സ്ഫോടനത്തിൽ ഹംഗ ഹാപായ് ദ്വീപിലെ സസ്യങ്ങളും ജീവജാലങ്ങളും അന്നു പൂർണമായി നശിച്ചു. 2014–15 കാലഘട്ടത്തിലും ഇതു പൊട്ടിത്തെറിച്ചു.

സ്ഫോടനത്തിനു ശേഷം അന്തരീക്ഷത്തിൽ നിറഞ്ഞ സൾഫർ ഡയോക്സൈഡ് വാതകം ആസിഡ് മഴയ്ക്ക് വഴിവയ്ക്കുമെന്നു സംശയമുള്ളതിനാൽ ജനങ്ങൾ കുറച്ചുനാളുകൾ വീടിനു പുറത്തിറങ്ങിയിരുന്നില്ല. ടോംഗയുടെ സാമ്പത്തിക സ്ഥിതിയെ ഈ അവിചാരിത ലോക്ഡൗൺ നന്നായി ബാധിച്ചു.

Content Highlights: Pacific Ocean | Summer | Heat wave

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS