Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിസ്ഥിതി സംരക്ഷിക്കാൻ കാറോട്ടമത്സരത്തില്‍ പങ്കെടുക്കുന്ന യുവതി

Leilani Munter

ഇരുപത്തൊന്നാം നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതി പ്രതിസന്ധിയായ ആഗോളതാപനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നത് വാഹനങ്ങള്‍ പുറത്ത് വിടുന്ന കാര്‍ബണാണ്. കാറോട്ടമത്സരങ്ങളില്‍ ഉപയോഗിക്കുന്ന വാഹനങ്ങളാകട്ടെ ഇന്ധനക്ഷമതയുടെ കാര്യത്തിലും കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്‍റെ കാര്യത്തിലും രണ്ട് ധ്രുവങ്ങളിലാണ്. അതായത് ഇന്ധനക്ഷമതയില്‍ ഏറ്റവും പുറകിലും കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ മുന്നിലും.

എന്നാല്‍ ലിലാനി മുന്‍ണ്ടര്‍ (Leilani Munter) എന്ന 42 കാരി അമേരിക്കന്‍ കാറോട്ട മത്സരങ്ങളില്‍ സ്ഥിരം പങ്കെടുക്കുന്നത് വിജയിക്കാന്‍ മാത്രമല്ല കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കാന്‍ കൂടിയാണ്. അമേരിക്കയിലെ കാറോട്ട മത്സരത്തില്‍ പങ്കെടുക്കുന്ന ആദ്യ വനിതയാണ് ലിലാനി.ഏതാണ്ട് 15 വര്‍ഷം മുന്‍പ് കാറോട്ടമത്സരങ്ങളില്‍ പങ്കെടുത്ത് തുടങ്ങിയ ലിലാനി 8 വര്‍ഷം മുന്‍പാണ് തന്‍റെ പങ്കാളിത്തം കൊണ്ട് മറ്റെന്തെല്ലാം ചെയ്യാനാകുമെന്ന് ചിന്തിച്ചത്.

അങ്ങനെയാണ് പരിസ്ഥിതി സ്നേഹത്തിന്‍റെ പേരില്‍ മാംസഭക്ഷണം ഉപേക്ഷിച്ച് വെജിറ്റേറിയന്‍ ആയി മാറിയത്. അമേരിക്കയിലെ കാറോട്ട മത്സരങ്ങളുടെ ആരാധകര്‍ ഏതാണ്ട് 75 മില്ല്യണ്‍ വരുമെന്നാണ് കണക്കാക്കുന്നത്. അതായത് 7.5 കോടി. മത്സരത്തില്‍ പങ്കെടുക്കുന്നതിലൂടെ തനിക്ക് പരിസ്ഥിതി സംരക്ഷണത്തിന്‍റെ സന്ദേശം കൂടി നല്‍കാനായാല്‍ അത് വലിയൊരു ജനവിഭാഗത്തിലേക്ക് എത്തുമെന്ന് ലിലാനി വിശ്വസിക്കുന്നു.

അത് കൊണ്ട് തന്നെ കാറോട്ട മത്സരം പരിസ്ഥിതിക്കേല്‍പ്പിക്കുന്ന ആഘാതം മറന്നും ലിലാനി പരിസ്ഥിതി സംരക്ഷണത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡറാവുകയായിരുന്നു. താനോടിക്കുന്ന കാറില്‍ പരിസ്ഥിതി സംരക്ഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള സ്റ്റിക്കറുകള്‍ പതിച്ചും മത്സര ശേഷം അഭിസംബോധന ചെയ്യുമ്പോള്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വാചാലയായുമാണ് ലിലാനി തന്‍റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നത്.

ഒപ്പം സെലിബ്രിറ്റി എന്ന നിലയില്‍ പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തുന്ന എന്‍ജിഒകളുടെയും മറ്റും പരസ്യങ്ങളിലും ക്യാപെയ്നുകളിലും സൗജന്യമായി പങ്കെടുക്കും. കാറോട്ട മത്സരത്തില്‍ ഇപ്പോഴും പങ്കെടുക്കുന്നതിനാലാണ് തന്‍റെ സെലിബ്രിറ്റി പ്രതിച്ഛായ നിലനില്‍ക്കുന്നതെന്നും അത് കൊണ്ട് മത്സരത്തിനിടയില്‍ കാര്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ആ പ്രതിച്ഛായക്കുള്ള നിക്ഷേപമാണെന്നും ലിലാനി വാദിക്കുന്നു.

കാറോട്ട മത്സരത്തിനായുള്ള സ്പോണ്‍സര്‍മാരെ തിരഞ്ഞെടുക്കുന്നതിലും ലിലാനിക്ക് കൃത്യനിഷ്ഠകളുണ്ട്. പരിസ്ഥിതി സൗഹാര്‍ദ്ദ ഉൽപന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പേ ലിലാനി സ്വീകരിക്കൂ. ഇത് വരുമാനത്തില്‍ കുറവുണ്ടാക്കുമെങ്കിലും സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടേണ്ടി വരുമെങ്കിലും ലിലാനി ഈ തീരുമാനത്തില്‍ സംതൃപ്തയാണ്.