Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വടക്കോട്ട് വളഞ്ഞു വളർന്ന മരങ്ങൾ; ഇത് പോളണ്ടിലെ നിഗൂഢവനം

Crooked Forest

രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമൻ സൈന്യം തച്ചുതകർത്തതാണ് പോളണ്ടിലെ ഗ്രിഫിനോ ടൗൺ. അതിനോടു ചേർന്നുതന്നെ ഒരു വനപ്രദേശമുണ്ട്-ക്രൂക്ക്ഡ് ഫോറസ്റ്റ് എന്നാണിതിന് അധികൃതർ നൽകിയിരിക്കുന്ന പേര്. പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ വളഞ്ഞ മരങ്ങളാണ് ഈ വനത്തിന്റെ പ്രത്യേകത. പക്ഷേ എല്ലാ മരങ്ങളിലുമില്ല, ഈ വനത്തിലെ 400  പൈൻ മരങ്ങളുടെ ഏറ്റവും താഴെയുള്ള തടിഭാഗമാണ് പുറത്തോട്ടു വളഞ്ഞരീതിയിലുള്ളത്. എല്ലാ വളവുകളും വടക്കോട്ടു തിരിഞ്ഞാണെന്ന പ്രത്യേകതയുമുണ്ട്. 

വടക്കുപടിഞ്ഞാറൻ പോളണ്ടിലെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. പക്ഷേ എന്തുകൊണ്ടാണ് ഈ മരങ്ങളിങ്ങനെ എന്നു വിനോദസഞ്ചാരികൾ ചോദിച്ചാൽ ആർക്കും ഉത്തരമുണ്ടാകില്ല. 90 ഡിഗ്രി വളവുമായി നിലനിൽക്കുന്ന മരങ്ങള്‍ നിറഞ്ഞ ഈ നിഗൂഢവനത്തിനു പിന്നിലെ സത്യാവസ്ഥ ആർക്കും അറിയില്ലെന്നതാണു സത്യം. ചില മരങ്ങളുടെ വളവ് പുറത്തേക്ക് മൂന്നു മുതൽ ഒൻപതു വരെ അടി  നീളത്തിലാണ്. ഇതിന്റെ കാരണം പറയുന്ന എന്തെങ്കിലും തെളിവുകൾ അവശേഷിക്കുന്നുണ്ടെങ്കിൽ തന്നെ അത് നാസി അധിനിവേശത്തോടെ നശിപ്പിക്കപ്പെടുകയും ചെയ്തു. നിലവിൽ സംരക്ഷിത വനപ്രദേശമാണിത്. പ്രാദേശിക ഭാഷയിൽ Krzywy Las എന്നാണു പേര്.

തടി വളഞ്ഞ മരങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. പക്ഷേ ഇത്രയും കൃത്യമായി നിരനിരയായി നട്ടുപിടിച്ചെന്ന പോലുള്ള മരങ്ങളെ വേറെ എവിടെയും കാണാനാകില്ല. ഇതിൽ ഏറ്റവും ഉയരത്തിലുള്ള പൈൻമരത്തിന് 50 അടി വരെ പൊക്കം കാണും. 1930കളിൽ നട്ടുവളർത്തിയവയാണ് ഈ പൈൻമരങ്ങളെന്നാണു കരുതുന്നത്. ഏഴോ പത്തോ വർഷങ്ങൾ കഴിഞ്ഞപ്പോൾ വളവ് പ്രത്യക്ഷപ്പെട്ടു. മരത്തിന്റെ ‘വളയ’ങ്ങളിൽ നടത്തിയ പരിശോധനയാണ് ഇക്കാര്യത്തിൽ വ്യക്തത വരുക്കിയത്. ജനിതകവൈകല്യമാണോ ഇതിനു കാരണമെന്നറിയാനുള്ള പരിശോധനയും നടന്നു. പക്ഷേ 400 മരങ്ങളിൽ മാത്രമായി ഇത്തരമൊരു പ്രശ്നം എങ്ങനെ വരാനാണെന്ന ചോദ്യം അപ്പോഴും ബാക്കി. 

കാനഡയിൽ വളഞ്ഞുപുളഞ്ഞ് കെട്ടിപ്പുണർന്ന പോലെ മരത്തടിയുള്ള വൃക്ഷങ്ങളെക്കുറിച്ച് പഠിച്ചവർ ക്രൂക്ക്ഡ് ഫോറസ്റ്റിനെപ്പറ്റിയും പഠിച്ചിരുന്നു. പക്ഷേ കൃത്യമായൊരു നിഗമനത്തിലെത്താനായില്ല. അന്തരീക്ഷത്തിൽ നിന്നുള്ള ഏതെങ്കിലും തരം സ്വാധീനമാകാമെന്നാണ് അവരും പറയുന്നത്. ഏറ്റവും പ്രചാരത്തിലുള്ള സംശയം ഇതിന് കാരണക്കാരാകുന്നത് മഞ്ഞുവീഴ്ചയാണെന്നതാണ്. മഞ്ഞിന്റെ ഭാരം താങ്ങാനാകാതെ വളഞ്ഞു നിൽക്കുകയും ഒടുവിൽ മഞ്ഞുരുകിപ്പോകുമ്പോൾ തിരികെ ഉയരത്തിലേക്ക് വളരാനാകാത്തതുമാണെന്നതാണ് ആ വാദം. പക്ഷേ ഈ 400 മരങ്ങളെയും ചുറ്റിയുള്ള മറ്റു മരങ്ങളിൽ അത് സംഭവിക്കുന്നില്ലല്ലോ എന്ന ചോദ്യവും അവിടെ ഉയരുന്നു. 

Crooked Forest

ഫർണിച്ചറുകളും കപ്പൽഭാഗങ്ങളുമെല്ലാം നിർമിക്കാനായി കർഷകർ തന്നെ കൃത്രിമവഴികളിലൂടെ മരങ്ങളെ വളച്ചതാണെന്ന വാദവുമുണ്ട്. പ്രദേശത്തിന് 50 മൈൽ മാറി കടലുമുണ്ട്. ഇത്തരത്തിൽ മരങ്ങളുടെ രൂപം മാറ്റി ഫർണിച്ചറുകളുണ്ടാക്കുന്ന രീതി ഇപ്പോൾത്തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ളതുമാണ്. അതല്ല, കാട്ടിലേക്ക് ഇരച്ചുകയറിയ ജർമൻ ടാങ്കുകൾ പൈൻ മരത്തൈകളിലൂടെ കയറിയിറങ്ങുകയും അത് വഴി വരൾച്ച മുരടിച്ചു വളഞ്ഞു പോയതാണെന്ന വാദവുമുണ്ട്. അപ്പോഴും അത്രയും വലിയ കാട്ടിൽ അത്രയും ചെറിയ ഭാഗത്തെ മരങ്ങളെ മാത്രം എങ്ങനെ തിരഞ്ഞുപിടിച്ച് ടാങ്കു കയറ്റി നശിപ്പിച്ചു എന്ന ചോദ്യവുമുയരുന്നു. എന്തായാലും നിഗൂഢതകളേറെ ഒളിപ്പിച്ചിരിക്കുന്ന ഈ കാട്ടിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്കാണ്. ഇവിടെ വന്നു മടങ്ങുന്നവർ തത്കാലത്തേക്ക് മരത്തിന്റെ വളവു സംബന്ധിച്ച് തങ്ങളുടേതായ നിഗമനങ്ങളുണ്ടാക്കി തൃപ്തിപ്പെടുന്നുവെന്നു മാത്രം.