Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വംശനാശത്തെയും അതിജീവിച്ച ‘ആമസോൺ മോളി’; ഈ കുഞ്ഞൻ മീനിനുള്ളത് അസാധാരണ കഴിവ്!

Amazon molly and Sailfin molly An Amazon molly (right) and Sailfin molly. Image Credit: Dr. Manfred Schartl

വർഷങ്ങൾക്കു മുൻപേ തന്നെ വംശനാശം വന്നു ഭൂമി വിട്ടു പോകുമെന്നു കരുതിയിരുന്ന ഒരു കുഞ്ഞൻ മത്സ്യം. ശാസ്ത്രലോകം ഇപ്പോൾ ഇതിനു പിന്നാലെയാണ്. എങ്ങനെയാണു വംശനാശത്തെ അതിജീവിച്ച് ഇവൾ ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്നാണു സംശയം! സുഖമായി ജീവിക്കുന്നുവെന്നു മാത്രമല്ല പുതിയ തലമുറയെയും ഉൽപാദിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. അതും ആൺമത്സ്യത്തിന്റെ ‘പൂർണ’ സഹായമില്ലാതെ. ആമസോൺ മോളി എന്നാണ് ശാസ്ത്രത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന ഈ മീൻസുന്ദരിയുടെ പേര്. 

അലൈംഗിക പ്രത്യുൽപാദനം വഴിയാണ് ഈ മീനുകളിൽ പുതിയ തലമുറ സൃഷ്ടിക്കപ്പെടുന്നത്. ഗൈനോജെനസിസ് എന്നാണ് ഈ പ്രത്യുൽപാദന രീതിക്കു പേര്. ആമസോണ്‍ മോളിയിൽ മാത്രമല്ല ഒട്ടേറെ ജീവികളിൽ അലൈംഗിക പ്രത്യുൽപാദനം വഴി കുഞ്ഞുങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. അവയ്ക്കില്ലാത്ത ഒരു പ്രത്യേകതയാണു പക്ഷേ ആമസോൺ മോളിക്കുള്ളത്. അതും പരിണാമസിദ്ധാന്തത്തെ വരെ അട്ടിമറിക്കാൻ പോന്നത്. അവ അട്ടിമറിച്ചു കൊണ്ടിരിക്കുകയാണ് എന്നതാണു സത്യം. 

സംഗതി ഇതാണ്: ടെക്സസിലും മെക്സിക്കോയിലുമാണ് ആമസോൺ മോളി മത്സ്യങ്ങൾ പ്രധാനമായും കാണപ്പെടുന്നത്. ആകൃതിയിൽ, നമുക്ക് പരിചിതരായ ഗപ്പി പോലൊരു മീൻ. Poecilia formosa എന്നാണ് ശാസ്ത്രനാമം. അലൈംഗിക പ്രത്യുൽപാദനം നടത്തുന്നതിനാൽ ഇവയുടെ തലമുറ അധികകാലം ജീവിക്കില്ല എന്നാണു പറയാറുള്ളത്. നട്ടെല്ലുള്ള ജീവികളിലാകട്ടെ ഇത്തരം രീതിയിലുള്ള പ്രത്യുൽപാദനം വളരെ അപൂർവവുമാണ്. പെൺമീനുകൾക്കു മാത്രമാണ് ഇവ ജന്മം കൊടുക്കാറുള്ളത്. ഗൈനോജെനസിസ് എന്ന ഈ പ്രക്രിയ പ്രകാരം അമ്മയുടെ അതേ ആകൃതിയായിരിക്കും മകൾക്കും– ഒരു ‘ക്ലോൺ’ പതിപ്പ് എന്നു തന്നെ പറയാം. 

അലൈംഗിക പ്രത്യുൽപാദനം ആണെങ്കിലും ഇവയ്ക്ക് ആൺമീനുകളുടെ ബീജം ആവശ്യമുണ്ട്. ഈ ബീജകോശങ്ങൾക്ക് അണ്ഡകോശങ്ങളിലേക്ക് തുളച്ചു കയറാനുള്ള ശേഷിയുമുണ്ട്. എന്നാൽ ആമസോൺ മോളിയുടെ അണ്ഡകോശങ്ങളുമായി ആൺ മത്സ്യങ്ങളുടെ ബീജത്തിലെ ഡിഎൻഎ യാതൊരു കാരണവശാലും കൂടിച്ചേരില്ല. മാത്രവുമല്ല ആൺ ജീനുകളെ അണ്ഡകോശം പൂർണമായും നശിപ്പിക്കുകയും ചെയ്യും. സ്വാഭാവികമായും ജനിക്കുക ‘പെൺ മോളി’കൾ മാത്രം! ഇത്തരത്തിൽ പ്രത്യുൽപാദനം നടത്തുന്നവയ്ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിൽ ജനിതകപരമായ മാറ്റങ്ങളുണ്ടാകാൻ സാധ്യത കുറവാണ്. 

ലൈംഗിക പ്രത്യുത്പാദനം നടത്തുന്നവയിലാകട്ടെ ഓരോ തലമുറയിലും ജനിതകപരമായ മാറ്റങ്ങൾക്കു സാധ്യതയുണ്ട്. ഓരോ തലമുറയിലും അത്തരം ജീവികളുടെ രോഗപ്രതിരോധ സംവിധാനം കൂടുതൽ മെച്ചപ്പെടുകയും ചെയ്യുന്നു. എന്നാൽ അലൈംഗിക പ്രത്യുൽപാദനം നടത്തുന്നവയുടെ രോഗ പ്രതിരോധ സംവിധാനം വളരെ മോശം അവസ്ഥയിലായിരിക്കും. ജനിതകപരമായ മാറ്റങ്ങളില്ലാത്തതിനാൽ ഓരോ തലമുറയും അമ്മയുടെ അതേ ജനിതക ഘടനയിലായിരിക്കും. സ്വാഭാവികമായും ഏതാനും തലമുറകൾക്കപ്പുറം പുറംലോകത്തെ സാഹചര്യങ്ങളോടു പിടിച്ചു നിൽക്കാനാകാതെ വംശനാശം ഉറപ്പ്.  

ഇത്രയും കാലമായിട്ടും ആമസോൺ മോളിക്ക് യാതൊരു വംശനാശ പ്രതിസന്ധിയും കാണാതായതോടെയാണ് ഗവേഷകരുടെ ശ്രദ്ധ ഇവയിലേക്കു തിരിഞ്ഞത്. ഇവയുടെ ജനിതക ഘടന പഠിക്കാൻ തീരുമാനിച്ചതും അങ്ങനെയാണ്. ആമസോൺ മോളിയുടെ അതേ സ്പീഷീസിൽ പെട്ടതാണെങ്കിലും ലൈംഗിക പ്രത്യുൽപാദനം നടത്തുന്ന രണ്ടു മത്സ്യങ്ങളുടെ ജനിതക ഘടനയും ഇതോടൊപ്പം പഠനവിധേയമാക്കി. ചെറിയ തോതിൽ മാത്രമാണ് ജനിതകപരമായ പ്രശ്നങ്ങൾ ആമസോൺ മോളിയുടെ ജീനോമിൽ കണ്ടത്. മാത്രവുമല്ല ജനിതകപരമായ മാറ്റങ്ങൾ പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും ഇവയിലുണ്ടാകുന്നുമുണ്ട്. രോഗപ്രതിരോധത്തിനു സഹായിക്കുന്ന ജീനുകൾക്കാകട്ടെ ഓരോ തലമുറയിലും ജനിതകപരമായ മാറ്റം വരുത്താന്‍ വലിയ കഴിവു തന്നെയുണ്ട്. സ്വാഭാവികമായും പുതുതലമുറകളിൽ പെട്ട ആമസോൺ മോളികൾ അമ്മമാരേക്കാൾ കരുത്തരായിക്കും. മറ്റുള്ള മത്സ്യങ്ങളെപ്പോലെത്തന്നെ നിലനിൽപ്പിനും സാധിക്കും. നേച്ചർ എക്കോളജി ആൻഡ് ഇവല്യൂഷൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇതു സംബന്ധിച്ച സമ്പൂർണ പഠനം.

related stories