Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പച്ചത്തലമുടിയുള്ള’ ആമകൾ ശ്വസിക്കുന്നത് ജനനേന്ദ്രിയത്തിലൂടെ; അമ്പരപ്പോടെ ശാസ്ത്രലോകം!

Green haired turtle Image Credit: Chris Van Wyk

ഓസ്ട്രേലിയയിലെ ക്യൂൻസ്‌ലൻഡിലാണ് ഈ അപൂർവ ഗണത്തിൽപ്പെട്ട ആമകളുള്ളത്. അമേരിക്കയിലെ ഗോത്രസൈനികരായ മോഹിക്യന്‍സിന്റെ വേഷവിധാനങ്ങളോടു സാമ്യമുള്ള ശരീരപ്രകൃതമാണിവയ്ക്ക്. പച്ചനിറത്തിലുള്ള തലമുടി സ്പൈക്ക് ചെയ്തപോലെയാണ് കാണപ്പെടുന്നത്. മൂക്കിനിരുവശവുമായി പച്ച നിറത്തില്‍ മീശയും ഇവയ്ക്കുണ്ട്.

താടിക്ക് താഴെയായി രണ്ട് കൊമ്പുകളും ആമയുടെ ശരീരത്തില്‍ കാണാം. ഇങ്ങനെ നിരവധി പ്രത്യേകതകളുണ്ടെങ്കിലും ഭൂമിയിലെ മറ്റൊരു ജീവിയിലും ഇതുവരെ കണ്ടെത്താത്ത ഒരു പ്രത്യേകത കൂടി ഈ ആമയ്ക്കുണ്ട് . ഇവയുടെ ശ്വസനം നടക്കുന്നത് മൂക്കിലൂടെയല്ല മറിച്ച് ജനനേന്ദ്രിയങ്ങളിലൂടെയാണെന്നതാണ് ഈ പ്രത്യേകത. മറ്റ് ആമകളെപ്പോലെ തന്നെ ഇവയ്ക്കും മൂക്കുണ്ടെങ്കിലും ഇത് വെള്ളത്തിനു മുകളിലോ കരയിലെത്തുമ്പോഴോ ശ്വസിക്കാന്‍ മാത്രമാണ് ഈ ആമകള്‍ ഉപയോഗിക്കുന്നത്. വെള്ളത്തിനടിയില്‍ ശ്വസിക്കാനായി ഈ ആമകള്‍ ആശ്രയിക്കുന്നത് തങ്ങളുടെ ജനനേന്ദ്രിയങ്ങളെയാണ്.

തലമുടിയും മീശയും പോലെ ഇവയുടെ ശരീരത്തിൽ വളര്‍ന്നു നില്‍ക്കുന്നത് രോമങ്ങളല്ല മറിച്ച് ആല്‍ഗകളാണെന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. ഈ ആമകളുടെ വളര്‍ത്തു മൃഗങ്ങളെന്നാണ് ആല്‍ഗകളെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.1970കളിലാണ് ഈ ആമകളെ ശാസ്ത്രലോകം കണ്ടെത്തുന്നത്. സുവോളജിക്കല്‍ സര്‍വേ ഓഫ് ലണ്ടനിലെ ഗവേഷകരായിരുന്നു കണ്ടെത്തലിനു പിന്നില്‍. 40 സെന്റിമീറ്റര്‍ വരെ നീളം വയ്ക്കുന്ന ഈ ആമകള്‍ മിശ്രഭുക്കുകളാണ്. 

അത്യപൂർവ വിഭാഗത്തില്‍ പെട്ട ജീവിയാണെങ്കിലും ഇതുവരെ ഈ ആമകളെ സംരക്ഷിക്കുന്നതിനായി പദ്ധതികളൊന്നും തന്നെ നടപ്പാക്കിയിട്ടില്ലായിരുന്നു. അതുകൊണ്ടു തന്നെ ഇവയുടെ വംശം നിലനിര്‍ത്താന്‍ അടിയന്തര ഇടപടല്‍ ആവശ്യമാണെന്ന ഗവേഷകരുടെ അഭിപ്രായം മാനിച്ച് ഇവയെ വംശനാശം സംഭവിക്കുന്ന മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജീവിവർഗങ്ങളിലൊന്നു കൂടിയാണ് ക്യൂൻസ്‌ലൻഡിലെ മേരി നദിയില്‍ മാത്രം കാണപ്പെടുന്ന ഈ ആമകള്‍.