Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിലമതിക്കാനാകാത്ത വജ്രക്കല്ലുകൾ ആകാശത്തു പൊട്ടിച്ചിതറി

diamonds

സുഡാനിലെ വാദി ഹൽഫ നഗരം. അതിനു സമീപത്തു തന്നെയുള്ള ന്യൂബിയൻ മരുഭൂമിയോടു ചേർന്നുള്ള ഒരു റെയിൽവേ സ്റ്റേഷൻ. രണ്ടിടത്തുമുണ്ടായിരുന്ന ജനങ്ങൾക്കായിരുന്നു ആ അപൂർവ കാഴ്ചയ്ക്കു സാക്ഷിയാകാനുള്ള നിയോഗം. ഒരു ദശാബ്ദം മുൻപാണ് സംഭവം. ആകാശത്തു നിന്ന് ഒരു റോക്കറ്റ് പോലെ എന്തോ ഒന്നു കത്തിജ്വലിച്ചു താഴേക്കു പതിക്കുന്നു! സംഭവം വൻ വാർത്തയായി. പ്രദേശത്തു ഗവേഷണം നടത്തിയവർ പറഞ്ഞു– പൊട്ടിച്ചിതറിയത് ഒരു ഉൽക്കയാണ്. അതിന്റെ ഭാഗങ്ങൾ മരുഭൂമിയിൽ പലയിടത്തും ചിതറിക്കിടക്കുന്നുമുണ്ടായിരുന്നു. ഭൂമിയിലേക്കു പതിക്കും മുൻപ് അവയെല്ലാം ചിന്നിച്ചിതറി അന്തരീക്ഷവുമായുള്ള ഘർഷണം കാരണം കത്തിജ്വലിക്കുകയായിരുന്നു. ഭൂരിഭാഗവും മരുഭൂമിയിൽ വീണതിനാൽത്തന്നെ ആളപായവും ഒഴിവായി. 

ന്യൂബിയൻ മരുഭൂമിക്കു സമീപത്തുള്ളവർക്കായിരുന്നു ഉൽക്കവീഴ്ചയുടെ കൃത്യമായ കാഴ്ച ദൃശ്യമായത്. അൽമഹറ്റ സിറ്റ എന്നായിരുന്നു അറബിക് ഭാഷയിൽ ആ പ്രദേശത്തിന്റെ പേര്. അവിടെ വീണ ഉൽക്കയ്ക്ക് ആ പേരു തന്നെ ലഭിക്കുകയും ചെയ്തു. ‘സ്റ്റേഷൻ സിക്സ്’ എന്ന് ഇംഗ്ലിഷിൽ അറിയപ്പെടുന്ന ആ പ്രദേശവും അവിടെ വീണ ഉൽക്കയും ഗവേഷകരെ എന്നും കുഴക്കിയിരുന്നു. മണിക്കൂറിൽ 27,739 മീറ്റർ വേഗത്തിലായിരുന്നു ഈ ഉൽക്കയുടെ വരവ്. പക്ഷേ എവിടെ നിന്നാണ് ഈ ഉൽക്കയുടെ ഉദ്ഭവമെന്നായിരുന്നു അതു വന്നു വീണ 2008 മുതൽ ഗവേഷകർ അന്വേഷിച്ചത്. പത്തു വർഷത്തിനപ്പുറം അതിനുള്ള ഉത്തരവും ലഭിച്ചിരിക്കുന്നു. 

meteorite

സൗരയൂഥം രൂപപ്പെടുന്നതിന്റെ അതേ കാലത്തു തന്നെ രൂപംകൊണ്ട ഒരു ഗ്രഹത്തിന്റെ ഭാഗമാണ് ഭൂമിയിലേക്ക് ഉൽക്കയായി വന്നു വീണത!. അതായത് സൂര്യൻ രൂപം കൊണ്ട് ഏതാനും ദശലക്ഷം വർഷങ്ങൾക്കു ശേഷം രൂപം കൊണ്ട ഒരു ഗ്രഹത്തിന്റെ ‘കഷ്ണം’. 450 കോടി വർഷങ്ങൾക്കു മുന്‍പ് ആ ഗ്രഹം സൂര്യനെ വലം വച്ചിരുന്നതായാണു നിഗമനം. പിന്നീട് ഏതോ അജ്ഞാത വസ്തുവുമായുള്ള കൂട്ടിയിടിയിലാണ് അതു തകർന്നു തരിപ്പണമായത്. അന്നത്തെ കൂട്ടിയിടിയുടെ ഫലമായുണ്ടായ മർദത്തിൽ ഗ്രഹത്തിൽ വജ്രക്കല്ലുകൾ രൂപപ്പെടുകയും ചെയ്തു. അതീവസൂക്ഷ്മ രൂപത്തിലുള്ള വജ്രക്കല്ലുകൾ നിറഞ്ഞതായിരുന്നു  അൽമഹറ്റ സിറ്റ ഉൽക്കയുടെ അവശിഷ്ടങ്ങളെന്നു ചുരുക്കം. ഇന്നും ഇവയുടെ വില നിർണയിക്കാൻ പോലും ശാസ്ത്രത്തിനായിട്ടില്ല. അത്രയേറെ അപൂര്‍വ വജ്രക്കല്ലുകളാണ് ന്യൂബിയ മരുഭൂമിക്കു മുകളിൽ പൊട്ടിച്ചിതറിയത്. മാത്രവുമല്ല, സൗരയൂഥത്തിൽ എങ്ങനെയാണു ഗ്രഹങ്ങൾ രൂപം കൊണ്ടത് എന്നതു സംബന്ധിച്ച വ്യക്തമായ തെളിവുകളാണ് ആ ഉൽക്കത്തുണ്ടുകളിൽ ഒളിച്ചിരിക്കുന്നത്. 

ബുധൻ ഗ്രഹത്തേക്കാൾ അൽപം വലുപ്പം കൂടുതലായിരുന്നു  അൽമഹറ്റ സിറ്റ ഉൽക്കയുടെ ‘മാതൃഗ്രഹ’ത്തിനെന്നാണു കരുതുന്നത്. ‘യുറിയെലൈറ്റ്’ എന്നാണ് ഇത്തരം ഉൽക്കകൾ അറിയപ്പെടുന്നത്. ഉൽക്കകളുടെ കുടുംബത്തിൽ ‘പ്രമുഖ’ സ്ഥാനമാണ് ഇവയ്ക്ക്. ഏതാനും ഗ്രാമിൽ തുടങ്ങി കിലോക്കണക്കിനു ഭാരം വരെയുള്ള യുറിയെലൈറ്റുകൾ ഭൂമിയിൽ പതിച്ചിട്ടുണ്ട്. 480 എണ്ണം യുറിയെലൈറ്റുകളെ ഇത്തരത്തിൽ തരംതിരിച്ചിട്ടുണ്ട്. അൽമഹറ്റ സിറ്റയിലെ ചെറു ക്രിസ്റ്റലുകൾ പരിശോധിച്ചപ്പോഴാണ് അതിന്റെ ഘടനയെപ്പറ്റി ഗവേഷകർക്കു മനസ്സിലായത്. സൗരയൂഥം രൂപപ്പെട്ട് ആദ്യത്തെ ഒരു കോടി വർഷത്തിനിടെയുണ്ടായ ഒരു അതിഭീകര കൂട്ടിയിടിയിലാണ് അൽമഹറ്റ സിറ്റയുടെ മാതൃഗ്രഹം തകർന്നതെന്നും ആ പരിശോധനയിലാണു വ്യക്തമായത്. 

 meteorite

‘ട്രാൻസ്മിഷൻ ഇലക്ട്രോൺ മൈക്രോസ്കോപ്പി’ എന്ന അതിസൂക്ഷ്മമായ സ്കാനിങ് സാങ്കേതിക വിദ്യയാണ് ഇക്കാര്യത്തിൽ ഗവേഷകർ ഉപയോഗപ്പെടുത്തിയത്. ഉൽക്കയുടെ അവശിഷ്ടങ്ങളിൽ കണ്ടെത്തിയ വജ്രക്കല്ലുകളിലെ അതീവസൂക്ഷ്മ ക്രിസ്റ്റലുകളെ ഇതുവഴി സ്കാൻ ചെയ്തു. 20 ഗിഗാപാസ്കലെങ്കിലും ശേഷിയുള്ള മർദമേറ്റാണ് ആ വജ്രക്കല്ലുകളുടെ രൂപീകരണമെന്ന് അതിൽ നിന്നു തെളിഞ്ഞു. ക്രോമൈറ്റ്, ഫോസ്ഫേറ്റ്, സൾഫൈഡ് എന്നിവയുടെ ‘ഞെരിഞ്ഞമർന്ന’ രീതിയിലുള്ള ക്രിസ്റ്റലിലെ സാന്നിധ്യവും ഇതിനു തെളിവായി. സമുദ്ര നിരപ്പിലുള്ള ഭൂമിയുടെ അന്തരീക്ഷ മർദത്തിന്റെ 1,97,385 മടങ്ങ് അധികം വരും ആ മർദത്തിന്റെ അളവ്.  

ബില്യൻ കണക്കിനു ടൺ ഭാരമുള്ള പാറകള്‍ ഒന്നിനു പിറകെ ഒന്നായി വന്നിടിക്കുമ്പോഴുണ്ടാകുന്ന ആഘാതത്തിനു തുല്യമാണ് ഈ മര്‍ദം. ഈ മർദം താങ്ങാനുള്ള ശേഷി പരിശോധിച്ചപ്പോഴാണ് നിന്നാണ് അൽമഹറ്റ സിറ്റയുടെ മാതൃഗ്രഹത്തിന് ബുധനേക്കാള്‍ അൽപം കൂടി വലുപ്പമുണ്ടാകാനേ സാധ്യതയുള്ളൂവെന്നു തെളിഞ്ഞത്. എന്നാൽ ഈ ഗ്രഹത്തിന്റെ ബാക്കി ഭാഗങ്ങൾ എവിടെയാണെന്ന് ഇന്നും ഒരു പിടിയുമില്ല. 83 ടൺ ഭാരമുള്ള ഈ ഉൽക്കയുടെ 50 ഭാഗമെങ്കിലും വടക്കൻ സുഡാനിലെ മരുഭൂമിയില്‍ നിന്ന് 2008 ഒക്ടോബറിൽ കണ്ടെത്തിയിട്ടുണ്ട്. ഇവ മാത്രമാണ് ആ ഗ്രഹത്തിന്റെ ഇന്നു ശേഷിക്കുന്ന ഭാഗങ്ങൾ. പഠനത്തിന്റെ വിശദവിവരങ്ങൾ ‘നേച്ചർ കമ്യൂണിക്കേഷൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.