Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാലിന്യനിർമാര്‍ജ്ജനത്തിന് പ്ലോഗിങ്; നൂതന ആശയവുമായി ബെംഗളൂരു മലയാളി

Jacob Cherian

തിരക്കേറിയ നഗരങ്ങളിലായാലും തിരക്കില്‍നിന്നു പുറത്തു കടക്കാന്‍ എല്ലാവരും ഓടിയെത്തുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളിലായാലും വലിച്ചെറിയാനും ഉപേക്ഷിക്കാനും ആര്‍ക്കും മടിയില്ലാത്തതായി ഒന്നേയുള്ളു: മാലിന്യങ്ങള്‍. പ്രകൃതിസൗന്ദര്യം ആസ്വദിക്കാനായെത്തുന്നവര്‍ പോലും ആ സൗന്ദര്യത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ ശേഷിയുള്ള മാലിന്യങ്ങള്‍ അവിടെയുപേക്ഷിച്ച് മടങ്ങുന്നവരാണ്. ഈ പ്രദേശങ്ങളെല്ലാം വൃത്തിയായി സൂക്ഷിക്കേണ്ടത് മറ്റാരുടെയോ കടമയാണെന്ന പോലെയാണ് സഞ്ചാരികളുടെ പെരുമാറ്റം. ഇവര്‍ക്കിടയിലാണ് ജേക്കബ് ചെറിയാന്‍ എന്ന സഞ്ചാരി വ്യത്യസ്തനാകുന്നത്. സ്വീഡനില്‍ തുടക്കം കുറിച്ച പ്ലോഗിങ് എന്ന ആശയം ഇന്ത്യയിലെത്തിച്ച് മാലിന്യ നിർമാര്‍ജ്ജനത്തെ ആനന്ദകരമാക്കാനുള്ള ശ്രമത്തിലാണ് ജേക്കബ് ചെറിയാന്‍ എന്ന, ഇപ്പോൾ ബെംഗളൂരുകാരനായ ഈ തിരുവല്ല സ്വദേശി.

Plogging

പ്ലോഗിങ് എന്ന വാക്ക് സാധാരണ കേള്‍ക്കുന്ന ഒന്നല്ല. വാക്കു പോലെ തന്നെ അൽപം വ്യത്യസ്തമാണ് ആ വാക്കു കൊണ്ട് അര്‍ഥമാക്കുന്ന പ്രവൃത്തിയും. പ്ലോഗിങ് എന്നാല്‍ ജോഗിങ് ആന്‍ഡ് പിക്കിങ് എന്നാണ് അർഥം. അതായത്, നടത്തത്തിനിടയിലെ മാലിന്യ നിര്‍മാര്‍ജ്ജനം. ഇതില്‍, രാവിലെയുള്ള വ്യായാമനടത്തം മുതല്‍ ട്രക്കിങ് വരെ ഉള്‍പ്പെടുന്നു. 

Plogging

ബെംഗളൂരുവില്‍ ഡിജിറ്റല്‍ മീഡിയ കമ്പനി ഉടമയായ ജേക്കബ് രണ്ടു വര്‍ഷത്തോളമായി പ്ലോഗിങ് ചെയ്യുന്നുണ്ട്. മുൻപ് താൻ ഒറ്റയ്ക്കു ചെയ്തിരുന്ന പ്രവൃത്തിയിൽ ഇപ്പോൾ താൽപര്യമുള്ള മറ്റുചിലരെക്കൂടി ചേര്‍ത്ത് വിപുലമാക്കി ഒരു മുന്നേറ്റത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് ജേക്കബ്. രണ്ടാഴ്ച മുന്‍പാണ് ജേക്കബും മറ്റ് 18 പേരും കൊടൈക്കനാലില്‍ ഒത്തു ചേര്‍ന്നത്. ഇന്ത്യയിലെ ആദ്യ പ്ലോഗിങ് കൂട്ടായ്മയായിരുന്നു അത്.

Plogging

പ്രകൃതിയെ അടുത്തറിഞ്ഞുള്ള ട്രക്കിങ്ങിനൊപ്പം കൊടൈക്കനാലിലെ ടൂറിസ്റ്റ് മേഖലകളിലെ മാലിന്യങ്ങള്‍ കൂടി ശേഖരിക്കുക എന്നതായിരുന്നു ഈ സംഘത്തിന്റെ ദൗത്യം. വിദേശികളുള്‍പ്പടെയുള്ളവര്‍ ഈ പ്രകൃതി ശുദ്ധീകരണ യജ്ഞത്തില്‍ പങ്കെടുത്തു  ഒരു ദിവസത്തെ ട്രക്കിങ്ങിനൊടുവിൽ സംഘം ശേഖരിച്ചത് 25 ചാക്ക് മാലിന്യമായിരുന്നു. പ്ലോഗിങ് പാര്‍ട്ടി എന്നാണ് ഈ കൂട്ടായ്മയ്ക്ക് ജേക്കബ് ചെറിയാന്‍ നല്‍കിയിരിക്കുന്ന പേര്. 

Plogging

‘ശുദ്ധവായു അന്വേഷിച്ച് കൊടൈക്കനാലില്‍ എത്തുന്നവര്‍ ആ പ്രദേശത്തിനു തിരികെക്കൊടുക്കുന്നത് പ്ലാസ്റ്റിക് കവറുകളും നാപ്കിനുകളും വെള്ളക്കുപ്പികളുമെല്ലാമാണ്. ഈ മാലിന്യങ്ങൾ മണ്ണിലും മേഖലയിലെ ജീവജാലങ്ങളിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ഈ ദുരവസ്ഥ കൊടൈക്കനാലില്‍ മാത്രമല്ല രാജ്യത്തൊട്ടാകെ കണ്ടുവരുന്ന ഒന്നാണ്. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ളവര്‍ രാഷ്ട്രീയമോ മതമോ മറ്റു വ്യത്യാസങ്ങളോ നോക്കാതെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ മാലിന്യപ്രശ്നത്തിൽ നിന്നു പ്രകൃതിയെ രക്ഷിക്കാനാകൂ’-  ജേക്കബ് പറയുന്നു.

Jacob Cherian

സമൂഹമാധ്യമങ്ങളിൽ പ്ലോഗിങ് വലിയ ചർച്ചയായതോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പ്ലോഗിങ് സംഘടിപ്പിക്കാൻ ജേക്കബ് ചെറിയാനു ക്ഷണം ലഭിച്ചിട്ടുണ്ട്.‌ കേരളത്തില്‍നിന്നു നിരവധി പേരാണ് ഈ പരിസ്ഥിതി സൗഹൃദ ട്രക്കിങ്ങിനു തയാറായി മുന്നോട്ടു വന്നിരിക്കുന്നത്. കേരളത്തിലെ വനമേഖലകളില്‍ ട്രക്കിങ് നിരോധിച്ചിരിക്കുന്നതിനാല്‍ വനമേഖലയ്ക്കു പുറത്തുള്ള പ്രദേശങ്ങളിലാണ് പ്ലോഗിങ് സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ജേക്കബ് കുര്യന്‍ മനോരമ ഓണ്‍ലൈനോടു പറഞ്ഞു. അവധിക്കാലമായതിനാല്‍ ആളുകള്‍ കൂടുതലെത്തുന്നതും കൂടുതല്‍ മലിനമാക്കപ്പെടാന്‍ സാധ്യതയുള്ളതും മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പ്ലോഗിങ്ങിന് അനുയോജ്യം ഹില്‍സ്റ്റേഷനുകളാണെന്നും ജേക്കബ് പറയുന്നു.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മാത്രമല്ല ജനവാസ കേന്ദ്രങ്ങളിലും പ്ലോഗിങ് അനിവാര്യമാണ്. ‘രാവിലെ ജോഗിങ്ങിനിടയില്‍പ്പോലും പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് നിർമാർജ്ജനം ചെയ്യാം. ഇങ്ങനെ ചെയ്താല്‍ ജനവാസ മേഖലയില്‍ വ്യാപകമായ മലിനീകരണം ഒഴിവാക്കാനാകും’.

Plogging

മാലിന്യനിർമാര്‍ജനത്തിനൊപ്പം, വിനോദസഞ്ചാരത്തിനു പോകുന്നവര്‍ മാലിന്യം അവിടെ ഉപേക്ഷിക്കുന്ന ശീലവും നിർത്തേണ്ടതുണ്ട്. ഇങ്ങനെ മാലിന്യരഹിതമായ വിനോദസഞ്ചാരവും പ്ലോഗിങ്ങിന്റെ ഭാഗമാണെന്ന് ജേക്കബ് വിശദീകരിക്കുന്നു. മാലിന്യം ഇല്ലാതാക്കേണ്ടത് മറ്റാരുടെയോ ഉത്തരവാദിത്തമായി കാണുന്ന ശീലം മാറ്റുകയെന്നതാണ് പ്ലോഗിങ് ക്യാംപെയ്നിന്റെ ആത്യന്തികമായ ലക്ഷ്യം. പ്ലോഗിങ് എന്ന വാക്കും മാലിന്യരഹിത പ്രകൃതിയും കേരളത്തിലും ഇന്ത്യയൊട്ടാകെയും ഒരു ട്രെന്‍ഡാകുമെന്നും അങ്ങനെ മാലിന്യ നിർമാര്‍ജ്ജനം എല്ലാവര്‍ക്കും ഒരു ശീലമായി മാറുമെന്നുമുള്ള പ്രതീക്ഷയിലാണ് ജേക്കബ് ചെറിയാൻ.