Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെർണോബിലിലെ ‘പ്രേതഭൂമി’യിൽ നിന്ന് ഒരു സന്തോഷ വാർത്ത

wolves attack a deer

മനുഷ്യൻ മനുഷ്യനോടു ചെയ്ത ഏറ്റവും വലിയ ക്രൂരതകളിലൊന്ന്. 1986 എപ്രിൽ 26ന് ചെർണോബിലിൽ ഉണ്ടായ ആണവ ദുരന്തത്തെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ഇന്ന് ആ ദുരന്തത്തിന് 32 വയസ്സ്. ചെറിയൊരു കയ്യബദ്ധത്തിന്റെ ഫലമായി അന്ന് ആണവറിയാക്‌ടറിന്റെ മുകളിലെ കോൺക്രീറ്റ് പാളി ഇളകിത്തെറിച്ച് അന്തരീക്ഷത്തിലേക്ക് വമിച്ചത് മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന റേഡിയോ ആക്ടീവ് ഇന്ധനവും റേഡിയോ പ്രസരമുള്ള ധൂളികളുമായിരുന്നു. 

chernobyl

ധൂളികൾ കാറ്റിന്റെ ഗതിക്കനുസരിച്ചു പല രാജ്യങ്ങളിലേക്കും പടർന്നു. 60 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ മണ്ണും വായുവും ജലവും വിഷലിപ്‌തമായി. ദുരന്തത്തിൽപ്പെട്ട് 32 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. പക്ഷേ തലമുറകൾ കടന്ന് ഇന്നും അതിന്റെ ദുരന്തഫലമനുഭവിച്ചു കൊണ്ടിരിക്കുന്നത് പതിനായിരങ്ങളാണ്. 

ചെർണോബിൽ ദുരന്തത്തിന്റെ ഇരകളുടെ ജീവിതം ലോകത്തോടു പറഞ്ഞ എഴുത്തുകാരി സ്വെറ്റ്ലാന അലക്സീവിച്ചിന് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനവും ലഭിച്ചു. അതിനിടെയാണ് ആ ദുരന്തഭൂമിയിൽ നിന്നൊരു നല്ല വാർത്ത. 

ദുരന്തത്തെത്തുടർന്ന് റിയാക്ടറിന്റെ പരിസരത്തെ 4200 ചതുരശ്ര കി.മീ. പ്രദേശത്തെ ‘ചെർണോബിൽ എക്സ്ക്ലൂഷൻ സോണായി’ പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ 29 വർഷങ്ങളായി ഒരു മനുഷ്യൻ പോലും ഈ പ്രദേശത്തേക്ക് കടന്നുവന്നിട്ടില്ല ശരിക്കുമൊരു പ്രേതഭൂമി. 

A bird of prey in a wood in Ukraine's Chernobyl

എങ്കിലും ഹെലികോപ്റ്ററുകളിലൂടെയും മറ്റും പ്രദേശത്തെ മൃഗങ്ങളുടെയും സസ്യജാലങ്ങളുടെയുമെല്ലാം കണക്കെടുപ്പ് നടത്തിയിരുന്നു. അത്തരത്തിൽ 1987 മുതൽ 1996 വരെ നടത്തിയ ആകാശ സെൻസസിനൊടുവിൽ ലഭിച്ച വിവരങ്ങളാണ് സന്തോഷമുള്ള വാർത്ത സമ്മാനിക്കുന്നത്. 

ചെർണോബിലിൽ മൃഗങ്ങളുടെ എണ്ണം കൂടിയിരിക്കുന്നു എന്നതാണത്. റേഡിയോ വികിരണങ്ങളേറ്റെങ്കിലും പല മൃഗങ്ങളും പ്രത്യുൽപാദനം നടത്തി തലമുറകളായി ഇവിടെ പിടിച്ചുനിന്നെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാത്രവുമല്ല ആണവവികിരണം ഏൽക്കാത്ത സമീപഭാഗങ്ങളിലെ വന്യജീവി സംരക്ഷണകേന്ദ്രങ്ങളിലുള്ളവയേക്കാൾ ഏഴിരട്ടി എണ്ണം ചെന്നായ്ക്കളെയാണ് എക്സ്ക്ലൂഷൻ സോണിൽ കണ്ടെത്തിയത്. 

ദുരന്തം നടന്നതിനു ശേഷമുള്ള ഏതാനും വർഷങ്ങളിൽ നടത്തിയ കണക്കെടുപ്പിലെല്ലാം വന്യമൃഗങ്ങളുടെ എണ്ണത്തിൽ വൻകുറവാണ് രേഖപ്പെടുത്തിയിരുന്നത്. പക്ഷേ പിന്നീട് ജീവികൾ ഒന്നൊന്നായി കൂടുകയായിരുന്നു. 

ഇക്കാര്യത്തിൽ ഏറെ സഹായകരമായതാകട്ടെ പ്രദേശത്ത് ഒരൊറ്റ മനുഷ്യജീവിപോലും ഇല്ല എന്നതും. അതോടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സ്വസ്ഥമായി ജീവിക്കാൻ അവയ്ക്കായി. ആരും അവരുടെ താമസസ്ഥലം വെട്ടിവെളുപ്പിച്ച് കൃഷി ചെയ്തില്ല, അവയുടെ മക്കളെ വേട്ടയാടി കൊന്നു തിന്നതുമില്ല. 

A wolf in a wild wood in Ukraine's Chernobyl.

സ്വാഭാവികമായും ചെർണോബിലിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാരായി ഈ മൃഗങ്ങളെല്ലാം. ആകാശ ക്യാമറകളും ഡ്രോണുകളും മറ്റുമെല്ലാം ഉപയോഗിച്ച് ചെർണോബിൽ എക്സ്ക്ലൂഷൻ സോണിൽ നിന്നെടുത്ത ഫോട്ടോകളിലെല്ലാം ആരോഗ്യത്തോടെ തങ്ങളുടെ സാമ്രാജ്യത്തിൽ മേയുന്ന ജീവജാലങ്ങളെ കാണാം. 

ശരിക്കും ഒരു വന്യജീവിസംരക്ഷണകേന്ദ്രത്തിന്റെ മട്ടുമായി പ്രദേശത്തിന്. പല തരത്തിൽപ്പെട്ട മാനുകളും കാട്ടുപന്നികളും കാട്ടുപൂച്ചകളും കാട്ടുകഴുതകളും ചെന്നായ്ക്കളുമെല്ലാം വിഹരിക്കുകയാണിവിടെ. ഒപ്പം പരുന്തുകൾ ഉൾപ്പെടെ ഒട്ടേറെ പക്ഷികളും. 

മൃഗങ്ങളുടെ എണ്ണം കൂടിയെന്നു കരുതി റേഡിയോ വികിരണങ്ങൾ ഏൽക്കുന്നത് അവയ്ക്ക് നല്ലതാണെന്ന് അർഥമില്ലെന്നും ഗവേഷണം നടത്തിയ സംഘം പറയുന്നു. ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണം വേണം. അതേസമയം, മനുഷ്യന്റെ അസാന്നിധ്യം ജീവികളുടെ സ്വാഭാവികവളർച്ചയ്ക്ക് എത്രമാത്രം കരുത്തുപകരുന്നുവെന്നാണ് ഇത് കാണിച്ചുതരുന്നത്.

ആണവവികിരണമേൽക്കുന്ന സമയത്ത് ചെർണോബിലിലുണ്ടായിരുന്നതിനേക്കാൾ ഇരട്ടിയിലേറെ മൃഗങ്ങൾ ഇപ്പോൾ എക്സ്ക്ലൂഷൻ സോണിലുണ്ട്.ഇപ്പോൾ ചെർണോബിൽ സ്ഥിതി ചെയ്യുന്ന യുക്രെയ്നിലെ വിവിധ സർവകലാശാലകളും ആണവഗവേഷണ സ്ഥാപനങ്ങളുമെല്ലാം ചേർന്നായിരുന്നു സെൻസസ് നടത്തിയത്. 

wild animals roam close to Ukraine's Chernobyl

ഇതിന്റെ പൂർണവിവരം കറന്റ് ബയോളജി ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെർണോബിലിലെ ജീവസാന്നിധ്യത്തെക്കുറിച്ചുള്ള അറിവ് ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തിന്റെ പരിസരപ്രദേശങ്ങളെപ്പറ്റിയുള്ള പഠനത്തിലും ഏറെ സഹായകരമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.