Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസമിലെ "കൊലകൊല്ലി കൊമ്പൻ" ലാദന്‍ ഇതുവരെ കൊന്നത് 37 പേരെ!

Elephant Representative Image

അസമിലെ ഗോപാല്‍പുര വനമേഖലയിലാണ് ലാദന്‍ എന്ന ആന രണ്ട് വര്‍ഷമായി മരണ ഭീതി വിതച്ച് വിഹരിക്കുന്നത്. ഇതുവരെ ലാദന്‍ 37  പേരെ കൊന്നതായാണ് വനം വകുപ്പിന്റെ കണക്ക്. മേഘാലയയിലെ ഗാരോ മലനിരകളില്‍ നിന്ന് കൂട്ടം തെറ്റിയാണ് ഈ ഒറ്റയാന്‍ അസമിലെ ഗോപാല്‍പുര താഴ്‌വരയിലേക്കെത്തിയതെന്നാണ് കരുതുന്നത്.

ജൂണ്‍ 1നാണ് ലാദന്‍ ഏറ്റവും ഒടുവിലായി ലാദൻ ആക്രമണം നടത്തിയത്. മനോജ് ഹജോങ് എന്ന ആദിവാസി യുവാവാണ് അന്ന് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 363 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവ് വരുന്ന ഗോപാല്‍പുര വനമേഖലയുടെ എല്ലാ പ്രദേശത്തും ലാദന്റെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇങ്ങനെ തുടര്‍ച്ചയായി സഞ്ചരിക്കുന്നതിനാല്‍ തന്നെയാണ് ലാദനെ കണ്ടെത്താനും പിടികൂടാനും അധികൃതര്‍ വിഷമിക്കുന്നതും.

രാത്രിയുടെ തുടക്കത്തിലോ അതിരാവിലെയോ ആണ് ലാദന്റെ ആക്രമണം ഉണ്ടായിട്ടുള്ളത്. ഭീതികൂടാതെ നടക്കുന്നവനും കുശാഗ്ര ബുദ്ധിക്കാരനുമാണ് ലാദനെന്നാണ് പ്രദേശത്തെ റേഞ്ച് ഓഫീസര്‍ എ ഗോസ്വാമി പറയുന്നത്. ഇപ്പോള്‍ പ്രദേശവാസികള്‍ക്കിടയില്‍ ലാദനെ ചുറ്റിപ്പറ്റിയുള്ള ഏറെ കെട്ടുകഥകളും  രൂപപ്പെട്ടിട്ടുണ്ട്. അസാധാരണ വലിപ്പമുള്ള ആനയാണ് ലാദനെന്നാണ് നേരിട്ട് കണ്ടവരുടെ വിവരണങ്ങളില്‍ നിന്നു വ്യക്തമാകുന്നത്.

ഏതായാലും ലാദനെ അപകടകാരിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സംസ്ഥാന പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററെ സമീപിച്ചിരിക്കുകയാണ് അധികൃതർ. മുൻപും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രണ്ട് തവണ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ കൊലയ്ക്ക് പിന്നിലും ഒരു ആന തന്നെയാണെന്ന് തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇക്കാര്യം വ്യക്തമാകാതെ ആനയെ വെടിവച്ചു കൊല്ലുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് ചീഫ് കണ്‍സര്‍വേറ്ററുടെ നിലപാട്.