Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആകാശത്തു നിന്ന് വന്നത് കൂറ്റൻ ‘സൂനാമി’

Tsunami from Heaven

പ്രകൃതിസ്നേഹിയാണ് പീറ്റർ മയ്‌യർ. അതിനാൽത്തന്നെ കാടും മലയും കയറിയിറങ്ങലാണു പ്രധാന ഹോബി. സ്വിറ്റ്സർലൻഡിലാണു വീടെങ്കിലും പല രാജ്യങ്ങളിലേക്കും പലതരം ക്യാമറകളുമായി സ്ഥിരം യാത്രകളിലാണു പീറ്റർ. ഓസ്ട്രിയയിലേക്കും അത്തരമൊരു യാത്രയിലായിരുന്നു ഈ ഇരുപത്തിയേഴുകാരൻ. മഴമേഘങ്ങള്‍ നിറഞ്ഞ ആകാശത്തിനു കീഴിൽ മിൽസ്റ്റാറ്റ് തടാകത്തിന്റെ ചിത്രം പകർത്തുകയെന്നതായിരുന്നു ലക്ഷ്യം. ഓസ്ട്രിയയിലെ കറിന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ തടാകമാണ് മിൽസ്റ്റാറ്റ്. 

നല്ല കാറ്റുള്ള സമയം. സമീപത്തെ പർവത നിരകളിലേക്ക് മേഘക്കൂട്ടങ്ങൾ പാഞ്ഞു പോകുന്നു. മേഘങ്ങളും തടാകവും നിറഞ്ഞ ‘ടൈം–ലാപ്സ്’ വിഡിയോയായിരുന്നു മനസ്സിൽ. മഴ ചെറുതായി പെയ്യുന്നതിനാൽ ക്യാമറ ഒരു കവറിലിട്ട് ട്രിഗറും അമർത്തി സമീപത്തെ ഒരു കോൺക്രീറ്റ് തൂണിൽ കയറി പീറ്റർ കാത്തിരുന്നു. അപ്പോഴായിരുന്നു ഒട്ടും പ്രതീക്ഷിക്കാത്ത ആ ‘സ്വർഗീയ വിരുന്ന്’ ആ ചെറുപ്പക്കാരന്റെ ക്യാമറയിലേക്ക് പെയ്തിറങ്ങിയത്. തടാകത്തിനു മുകളിലെത്തിയ മഴമേഘങ്ങൾ ഒരു സ്ഫോടനത്തിലെന്ന പോലെയാണു താഴേക്കു മഴ പെയ്തിറക്കിയത്. ആകാശത്തു നിന്നൊരു കൂറ്റൻ സൂനാമി വരുന്നതു പോലെയെന്നാണ് അതിനെ  പീറ്റർ വിശേഷിപ്പിച്ചത്. സ്വർഗവാതിൽ തുറന്നു ‘സൂനാമി’ പെയ്തിറങ്ങുകയാണെന്ന വിശേഷണത്തോടെ ആ വിഡിയോ ഫെയ്സ്ബുക്കിൽ അദ്ദേഹം പോസ്റ്റും ചെയ്തു. 

Tsunami from Heaven

ജൂൺ 10നെടുത്ത ചിത്രം ഇതിനോടകം 17 ലക്ഷത്തോളം പേർ കണ്ടു. കാൽ ലക്ഷത്തിലേറെ പേർ ഷെയർ ചെയ്തു. ലോകമാധ്യമങ്ങളും ആ വിഡിയോയെക്കുറിച്ചും അതിനു പിന്നിലെ വിഡിയോഗ്രാഫറെപ്പറ്റിയും റിപ്പോർട്ടുകൾ തയാറാക്കി. അത്രയേറെ ഗംഭീരമായിരുന്നു ആ കാഴ്ച. നിമിഷങ്ങൾക്കുള്ളിൽ തീർന്നെങ്കിലും മേഘം പൊട്ടിത്തെറിച്ച പോലെയായിരുന്നു മഴവെള്ളം തടാകത്തിലേക്കു കുതിച്ചെത്തിയത്. ശ്വാസം നിലച്ചു പോകുന്ന ആ കാഴ്ചയ്ക്കു പക്ഷേ കാലാവസ്ഥാ ശാസ്ത്രജ്ഞർ ഒരു പേരു നല്‍കിയിട്ടുണ്ട്– വെറ്റ് മൈക്രോബഴ്സ്റ്റ്. ഇന്ത്യയിൽ ഉത്തരാഖണ്ഡിലും ലേയിലുമെല്ലാം ഇതിനു സമാനമായ പ്രതിഭാസം ഉണ്ടായിട്ടുണ്ട്. 

Tsunami from Heaven

ഏതാനും നിമിഷത്തേക്കു മഴ കോരിച്ചൊരിയുന്നതോടെ അതിന്റെ ശക്തി താങ്ങാനാകാതെ ഒരു പ്രദേശം തന്നെ ഒലിച്ചു പോയ സംഭവങ്ങളുമുണ്ട്. മഴയ്ക്കൊപ്പം കാറ്റും ആലിപ്പഴവുമെല്ലാം മൈക്രോബഴ്സ്റ്റിലുണ്ടാകും. യഥാർഥത്തിൽ മഴയും ആലിപ്പഴവും ഒരുമിച്ചു വരുന്നയിടത്താണ് ഇത്തരം പ്രതിഭാസം സംഭവിക്കാറുള്ളത്. ആലിപ്പഴത്തെ വഹിച്ചിട്ടുള്ളതിനാൽ മേഘത്തിന് ഏറെ കനമായിരിക്കും. ഇതോടൊപ്പം കൊടുങ്കാറ്റു കൂടി ചേരുന്നതോടെ മേഘം താഴേക്കു ‘കോരിച്ചൊരിയുന്നതാണ്’ വെറ്റ് മൈക്രോബഴ്സ്റ്റ്. മേഘങ്ങൾ മുഷ്ടി കൊണ്ടു താഴേക്കു പ്രഹരിക്കുന്ന അവസ്ഥയെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. ഒരു പടുകൂറ്റൻ ബക്കറ്റിൽ വെള്ളം കോരിയൊഴിക്കുന്ന അവസ്ഥ! 

ഇത്തരം പ്രതിഭാസത്തെ പ്രതിരോധിച്ച് എങ്ങനെ രക്ഷപ്പെടുമെന്നതിൽ വിമാന നിർമാണക്കമ്പനികൾ ഇപ്പോഴും ഗവേഷണം തുടരുകയാണ്. അത്രയേറെ അപകടങ്ങളാണ് മൈക്രോബഴ്സ്റ്റുകൾ വിമാനങ്ങൾക്കുണ്ടാക്കുന്നത്. കൊടുങ്കാറ്റും കൊടുംമഴയും ഒരുമിച്ചുള്ളതിനാൽ വൻ ഭീഷണിയാണ് ഇവ സൃഷ്ടിക്കുന്നത്. വൻ കെട്ടിടങ്ങളും മരങ്ങളുമുള്ളതിനാൽ ലോകത്തു പലയിടത്തും ഈ പ്രതിഭാസം കൃത്യമായി കാണാനാകാറില്ല. എന്നാൽ ഇതിന്റെയൊന്നും ശല്യമില്ലാതെ മിൽസ്റ്റാറ്റ് തടാകത്തിൽ നിന്നെടുത്ത വിഡിയോ അപൂർവങ്ങളിൽ അപൂർവമാകുന്നതും അങ്ങനെയാണ്.