Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷക്കണക്കിനു പക്ഷികൾക്ക് അഭയമേകി പക്ഷി ആശുപത്രി

Birds Hospital

പ്രാവിനെ രക്ഷിക്കാൻ സ്വന്തം ജീവൻ ദാനമായി നൽകിയ രാജാവിന്റെ കഥയുണ്ട് പുരാണത്തിൽ. പരുന്തിന്റെ പിടിയിൽനിന്നു പക്ഷിയെ രക്ഷിക്കാൻ അദ്ദേഹം തന്റെ ശരീരഭാഗങ്ങൾ ആദ്യം നൽകിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ജീവൻതന്നെ സമർപ്പിക്കാൻ തയാറായ അദ്ദേഹത്തിന് അനുഗ്രഹങ്ങൾ നൽകിയാണു പക്ഷിയുടെ രൂപത്തിലെത്തിയ ദേവൻമാർ മടങ്ങുന്നത്. ചാന്ദ്നി ചൗക്കിലെ പക്ഷികളുടെ ആശുപത്രിയിലെത്തിയാൽ ആദ്യം കണ്ണിലുടക്കുക ഈ കഥ വിവരിക്കുന്ന ചിത്രമാണ്.

‘ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക’ എന്ന വർധമാന മഹാവീരന്റെ സന്ദേശമാണ് ആശുപത്രിയുടെ പ്രചോദനം. മിണ്ടാപ്രാണികളുടെ ജീവനും മൂല്യമുണ്ടെന്ന ജൈനമത വിശ്വാസത്തിന്റെ ചൂണ്ടുപലക. ഇവിടെ സംരക്ഷിക്കുന്നത് അയ്യായിരത്തിലേറെ പക്ഷികളെ. അസുഖമായും പരുക്കേറ്റും എത്തിക്കുന്ന പക്ഷികളെ ഇവർ ചികിത്സിക്കുന്നു. സുഖം പ്രാപിക്കുന്നവയെ ലോകത്തിന്റെ സ്വാതന്ത്ര്യത്തിലേക്കു തുറന്നുവിടുന്നു. എല്ലാം തികച്ചും സൗജന്യമായി.89 വർഷത്തെ ചരിത്രമുണ്ട് ജെയിൻ ചാരിറ്റി പക്ഷി ആശുപത്രിക്കു പങ്കുവയ്ക്കാൻ.

Birds Hospital

ജൈനസന്യാസിയായിരുന്ന മഹാരാജയുടെ സ്വപ്നമായിരുന്നു ഇത്തരമൊരു കേന്ദ്രം. കിനാരി ബസാറിലെ ലാച്ചോമാലിന്റെ വീട്ടിലെ ഒറ്റമുറിയിൽ 1929ലാണ് ആശുപത്രി ആരംഭിക്കുന്നത്. മറ്റൊരു കേന്ദ്രത്തിന്റെ ആവശ്യമുയർന്നതോടെ ചാന്ദ്നി ചൗക്കിലെ ദിഗംബര ജൈൻ ക്ഷേത്രത്തിനു (ലാൽ മന്ദിർ) സമീപത്തായി തറക്കല്ലിട്ടു. 1952 ഏപ്രിൽ 18ന് ആരംഭിച്ച നിർമാണം അഞ്ചു വർഷമെടുത്താണു പൂർത്തിയായത്. 1957 നവംബർ 24ന് അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ഗോവിന്ദ് ബല്ലഭ് പന്ത് ആശുപത്രിയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു.  

Birds Hospital

ഇതിനോടകം ലക്ഷക്കണക്കിനു പക്ഷികൾക്ക് അഭയമായിട്ടുണ്ട് ഈ പക്ഷി ആശുപത്രി. പ്രതിവർഷം അരലക്ഷത്തോളം പക്ഷികളെ ഇവിടെ ചികിത്സിക്കുന്നതായി മാനേജർ സുനിൽ ജെയിൻ പറയുന്നു. പ്രാവുകളാണു കൂടുതൽ, തത്ത, മയിൽ, പരുന്ത്, മൈന, അങ്ങാടിക്കുരുവി തുടങ്ങിയവ പതിവുകാർ. മറ്റ് ഇനങ്ങളിൽപെട്ട പക്ഷികളെയും ഇവിടെ എത്തിക്കാറുണ്ട്.രണ്ടു ഡോക്ടർമാർ ഉൾപ്പെടെ 12 ജീവനക്കാരുണ്ട് ആശുപത്രിയുടെ നടത്തിപ്പിനായി. ഒപി വിഭാഗം ദിവസം രാവിലെ പത്തുമുതൽ അഞ്ചുവരെ പ്രവർത്തിക്കുന്നു. പ്രതിദിനം 50–60 പക്ഷികളെ ഇവിടെ എത്തിക്കാറുണ്ടെന്ന് അധികൃതരുടെ വാക്കുകൾ. കൃത്യമായ ഭക്ഷണവും പരിചരണവും മരുന്നും നൽകി ഇവയെ പോറ്റുന്നു. കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ പക്ഷികളെ ഇവിടെ എത്തിക്കുന്നുണ്ട്.

പക്ഷികൾ വേട്ടയാടാനുള്ളവയല്ലെന്നാണ് ഇവരുടെ വിശ്വാസപ്രമാണം. സുഖം പ്രാപിക്കുന്നവയെ പറത്തിവിടുന്നതും ഇക്കാരണത്താൽ. പക്ഷികളുമായി എത്തുന്നവർക്ക് ഇവയെ തിരികെ നൽകില്ലെന്ന സമ്മതപത്രം നൽകിയശേഷമാണു നടപടികൾ സ്വീകരിക്കുക. വീടുകളിൽ വളർത്തുന്ന പക്ഷികളെ മാത്രം ചികിത്സ നൽകി മടക്കിനൽകും. ചിലതിനെ പറത്തിവിട്ടാൽ മറ്റാളുകൾ കൈവശപ്പെടുത്തുമെന്നതിനാൽ ഇവിടെത്തന്നെ സംരക്ഷിക്കുന്നുമുണ്ട്.

Birds Hospital

മൂന്നു നിലകളിലായി ഒരുക്കിയിരിക്കുന്ന ആശുപത്രിയിൽ പക്ഷികൾക്ക് എസി ഉൾപ്പെടെയുള്ള സംവിധാനങ്ങളുണ്ട്. ഐസിയു, റിസർച് ലാബ് സംവിധാനങ്ങളുമുണ്ട്. പട്ടംചരട് കുടുങ്ങി പരുക്കേറ്റ പക്ഷികളാണ് ഇവിടെ കൂടുതലുമെത്തുന്നത്. സൗജന്യമാണ് ആശുപത്രിയുടെ പ്രവർത്തനം, പ്രധാന ആകർഷണവും ഇതുതന്നെ. ജൈനമത വിശ്വാസികളുടെ സംഭാവനയാണു പ്രധാന വരുമാനം. വിവിധ സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നുമുള്ളവർ ഇവിടെ പക്ഷികളെ കാണാനെത്തുന്നു.ചിലർ പണമായി സംഭാവനകൾ നൽകുമ്പോൾ, ചിലർ ഇവിടെ സേവനം ചെയ്യുന്നു. കൊച്ചുകുട്ടികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ ദിവസവും ഇവിടെ സന്ദർശകരായി എത്തുന്നു. പക്ഷികൾക്ക് ഇതൊരു അഭയകേന്ദ്രം മാത്രമല്ല, സമാധാനത്തിന്റെ വീടുകൂടിയാണ്.