Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉടുമ്പും മൂർഖനും തമ്മിലുള്ള പോരാട്ടം, ഒടുവിൽ സംഭവിച്ചത്!

Cobra Snake Tries to Hunt Monitor Lizard

സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്ക് നിരവധി വന്യമൃഗങ്ങളുടെ പോരാട്ടങ്ങൾക്ക് വേദിയാകാറുണ്ട്. അതിൽ പലതും വിനോദ സഞ്ചാരികൾ ക്യാമറയിൽ പകർത്താറുമുണ്ട്. അങ്ങനെയൊരു സംഭവത്തിനാണ് വിനോദ സഞ്ചാരിയായ ഹെലൻ യങ്ങും സാക്ഷ്യം വഹിച്ചത്. എന്നാൽ ഈ ദൃശ്യം അപൂർവങ്ങളിൽ അപൂർവമായിരുന്നുവെന്ന് മാത്രം.

പുലർച്ചെ കാറിൽ സവാരിക്കിറങ്ങിയപ്പോഴാണ് ഉടുമ്പിന് പിന്നാലെ ഇഴഞ്ഞെത്തുന്ന മൂർഖൻ പാമ്പിനെ ഹെലൻ ശ്രദ്ധിച്ചത്. ആഫ്രിക്കയിൽ കാണപ്പെടുന്ന വലിയയിനം വിഷപ്പാമ്പുകളിൽ ഒന്നാണ് ഈ മൂർഖൻ പാമ്പ്. സാധാരണയായി രാത്രികാലങ്ങളിലാണ് ഇവ ഇരതേടാൻ ഇറങ്ങാറുള്ളത്. ഉടുമ്പിന് പിന്നാലെയെത്തിയ പാമ്പ് ആദ്യം അതിന്റെ വയറിനു സമീപത്തായി കടിച്ചു പിടിച്ചു. പിന്നീട് ഇഴഞ്ഞു നീങ്ങിയ ഉടുമ്പിന്റെ കഴുത്തിലായിരുന്നു പാമ്പിന്റെ വിഷപ്പല്ലുകൾ ആഴ്ന്നിറങ്ങിയത്.  ഒടുവിൽ വിഷമേറ്റ് തളർന്നു പോയ ഉടുമ്പ് റോഡിനരികിലായി തളർന്നു വീണു. മറ്റൊരു വാഹനം റോഡിലൂടെ പോയപ്പോൾ മൂർഖൻ ഹെലന്റെ കാറിനടിയിലേക്ക് വലിയുകയും ചെയ്തു. അൽപനേരം കൂടി ഉടുമ്പിനെ ശ്രദ്ധിച്ചെങ്കിലും നാവ് പുറത്തേക്കിട്ട് ഉടുമ്പ് കിടക്കുന്നതാണ് കാണാൻ കഴിഞ്ഞത്. പാമ്പ് അൽപനേരം കഴിയുമ്പോൾ തന്റെ ഇരയെ വന്ന് ഭക്ഷിച്ചേക്കാമെന്ന പ്രതീക്ഷയിൽ ഹെലൻ അവിടെനിന്നു മടങ്ങി. കിട്ടിയ സമയത്ത് ഈ അപൂർവ ദൃശ്യങ്ങൾ പകർത്തിയായിരുന്നു ഹെലന്റെ മടക്കം.

ആഫ്രിക്കയിലെ കടുത്ത വിഷപ്പാമ്പുകളിൽ ഒന്നാണ് സ്നൗട്ടഡ് കോബ്ര എന്നറിയപ്പെടുന്ന ഈ പാമ്പുകൾ. സാധാരണയായി തവളകളും  പക്ഷികളും പക്ഷികളുടെ മുട്ടകളും മറ്റ് ഉരഗ വർഗത്തിൽ പെട്ട ജാവികളുമൊക്കെയാണ് ഇവയുടെ ആഹാരം. ആഫ്രിക്കയിലെ ഉൾഗ്രാമങ്ങളിലെ കൃഷിക്കാരുടെ പേടിസ്വപ്നമാണ് ഈ മൂർഖൻ പാമ്പുകൾ. നാഡീവ്യൂഹത്തെയും കോശങ്ങളേയുമാണ് ഇവയുടെ വിഷം പെട്ടെന്ന് ബാധിക്കുക. അതുകൊണ്ട്തന്നെ ഇവയുടെ വിഷമേറ്റാൻ പെട്ടെന്ന് മരണം സംഭവിക്കുകയും ചെയ്യും.