Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിബറ്റൻ പീഠഭൂമിക്കു കീഴെ ഭൂമിയുടെ പാളി നാലായി വിണ്ടുകീറി; ഭൂകമ്പരഹസ്യം തെളിഞ്ഞു!

Tibet

ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളിയായ ഭൂവൽക്കത്തിനു തൊട്ടുതാഴെയാണ് മാന്റിലിന്റെ സ്ഥാനം. അവിടെ നടക്കുന്ന പ്രവർത്തനങ്ങളെപ്പറ്റി ശാസ്ത്രലോകത്തിനു കാര്യമായ അറിവില്ല. ആഴങ്ങളിലിറങ്ങിച്ചെന്നു പരിശോധിക്കാനാകാത്തതു തന്നെയാണു പ്രശ്നം. എന്നാൽ ഒരു 3ഡി കംപ്യൂട്ടർ മോഡൽ വഴി ടിബറ്റൻ പീഠഭൂമിയ്ക്കു താഴെയുള്ള മാന്റിലിന്റെ അവസ്ഥ പരിശോധിച്ച ഗവേഷകർക്കു ലഭിച്ചത് ഞെട്ടിക്കുന്ന വിവരമാണ്. ഇതിനു താഴെയുള്ള മാന്റിലിന്റെ ഒരു ഭാഗം നാലു കഷ്ണങ്ങളായി തകർന്നിരിക്കുകയാണ്. 

ഇല്ലിനോയിസ് സർവകലാശാലയിലെ ഗവേഷകരാണു നേരത്തേയുണ്ടായ ഭൂകമ്പങ്ങളുടെ വിവരങ്ങളും മറ്റു ജിയോളജിക്കൽ രേഖകളും ഉപയോഗിച്ച് പീഠഭൂമിയുടെ താഴെയുള്ള മാന്റിലിന്റെ കംപ്യൂട്ടർ മോഡലിനു രൂപം നൽകിയത്. ടിബറ്റ്, പടിഞ്ഞാറൻ ചൈനയിലെ ക്വിങ്ഹായ്, ജമ്മു കശ്മീരിലെ ലഡാക് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വിശാല പീഠഭൂമിയാണിത്. ഇത്രയും നാൾ ഈ മേഖലയിലെ മാന്റിലിന്റെ അവസ്ഥ ഒരു രഹസ്യമായി തുടരുകയായിരുന്നു. മാത്രവുമല്ല ടിബറ്റിന്റെ മധ്യഭാഗത്തും തെക്കുഭാഗത്തുമായുണ്ടാകുന്ന ഭൂകമ്പങ്ങളുടെ പ്രഭവസ്ഥാനം മാന്റിലിൽ നിന്നായിരുന്നെന്നും കണ്ടെത്തിയിരുന്നു. അതിനു കാരണവും ഈ വിള്ളലാണെന്നാണു സൂചന. വരുംനാളുകളിൽ ഭൂകമ്പം മുൻകൂട്ടി അറിയാനും ടിബറ്റൻ പീഠഭൂമി എങ്ങനെയാണു രൂപപ്പെട്ടതെന്നും അറിയാൻ പുതിയ മോഡൽ സഹായിക്കുമെന്നാണു കരുതുന്നത്. 

3 ഡി മോഡൽ പ്രകാരം മാന്റിലിൽ വൻ വിള്ളലാണ് ഉണ്ടായിരിക്കുന്നത്. മാന്റിലിന്റെ നാലു കഷ്ണങ്ങളും നാലു ദിശകളിലേക്ക് അകന്നുമാറിയിരിക്കുകയാണ്. പ്രധാന വിള്ളലിൽ നിന്ന് ഏറെ മാറിയത് ഈ മാന്റിലിന്റെ കഷ്ണങ്ങളുള്ളതും. അഞ്ചു കോടി വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ ടെക്ടോണിക് ഫലകങ്ങൾ ഏഷ്യൻ ടെക്ടോണിക് ഫലകങ്ങളിലേക്ക് ഇടിച്ചു കയറിയത് ഭൂമിയിൽ വൻമാറ്റങ്ങളാണുണ്ടാക്കിയത്. അപ്പോഴും ടിബറ്റൻ പീഠഭൂമി മേഖലയ്ക്ക് എന്തു സംഭവിച്ചുവെന്ന വിവരം അജ്ഞാതമായിരുന്നു. ഭൗമശാസ്ത്രപരമായ പ്രത്യേകതകൾ കാരണം ഉപരിതലത്തിലും ഭൂമിയുടെ അന്തർഭാഗത്തും പഠനം നടത്തുക ഏറെ പ്രയാസകരമായിരുന്നു. ഈ സാഹചര്യത്തിലാണ് ഗവേഷകർ സീസ്മിക് ടോമോഗ്രാഫി എന്ന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയത്. 

Tibet

ഊർജ തരംഗങ്ങൾ ഉപയോഗിച്ച് ഭൗമതലത്തിൽ ഉയർന്ന റെസല്യൂഷനിൽ മാപ്പിങ് നടത്താൻ സാധിക്കുന്ന രീതിയാണിത്. ഈ ഊർജതരംഗങ്ങളാകട്ടെ ഒന്നുകിൽ ഭൂകമ്പഫലമായുണ്ടാകുന്നത് പിടിച്ചെടുത്തു വിശകലനം ചെയ്യുന്നതാകാം. അല്ലെങ്കിൽ നിയന്ത്രിതമായ സ്ഫോടനങ്ങളിലൂടെ സൃഷ്ടിക്കുന്നതും. ഇതുവഴി സൃഷ്ടിച്ച മോഡലിലാണ് പീഠഭൂമിയുടെ ചില ഭാഗങ്ങളിൽ വൻ ഭൂകമ്പങ്ങളുണ്ടാകുന്നതിനു പിന്നിലെ കാരണം വ്യക്തമായത്. ‘ചിതറിക്കിടക്കുന്ന’ മാന്റിലിന്റെ കഷ്ണങ്ങളുളള മേഖലയും ഭൂകമ്പമുണ്ടാകുന്ന സ്ഥലങ്ങളും തമ്മില്‍ ഏറെ ബന്ധവുമുണ്ടതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഡേറ്റ ഉപയോഗിച്ച് വരുംനാളുകളിൽ ഭൂകമ്പത്തിന്റെ പ്രവചനം നേരത്തേ നടത്താനാകുമോയെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ ഇനി. എവിടെ, എപ്പോൾ ഭൂകമ്പമുണ്ടാകുമെന്നതു സംബന്ധിച്ച ഏകദേശ ധാരണയ്ക്ക് ഈ 3 ഡി മോഡല്‍ സഹായിക്കും. അതുവഴി ദുരന്തനിവാരണത്തിനുള്ള സംവിധാനം നേരത്തേത്തന്നെ സജ്ജമാക്കാനും സാധിക്കും. പിഎൻഎഎസ് ജേണലിൽ സമ്പൂർണ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.