Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരാഴ്ചയ്ക്കിടെ കൊന്നത് 87 ആനകളെ; ബോട്സ്വാനയില്‍ നടന്നത് ഭീകര കൂട്ടക്കൊല!

Elephants

ബോട്സ്വാനയിലെ ഒക്കാവാങ്കോ ഡെല്‍റ്റാ വന്യജീവി സങ്കേതത്തിലാണ് സമീപകാല ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആനകളുടെ കൂട്ടക്കൊല നടന്നത്. 87 ആനകളെയാണ് ഇവിടെ കൊലപ്പെടുത്തി കൊമ്പ് മുറിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തിയത്. വേട്ടക്കാര്‍ സംഘമായെത്തി ഇവയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് ആനകളുടെ അഴുകി തുടങ്ങിയ  മൃതശരീരങ്ങള്‍ കണ്ടെത്തിയത്. മൂന്നു ദിവസം കൊണ്ടാണ് ഇത്രയും ആനകളെ കൊലപ്പെടുത്തിയതെന്നാണ് കണക്കാക്കുന്നത്.

കണക്കുകളനുസരിച്ച് ഏറ്റവുമധികം ആഫ്രിക്കന്‍ ആനകളുള്ള രാജ്യമാണ് ബോട്സ്വാന. വന്യജീവികള്‍ക്കു കനത്ത സുരക്ഷ നല്‍കുന്ന ബോട്സ്വാനയില്‍ ഉണ്ടായ ഈ കൂട്ടക്കൊല വനപാലകരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്. പ്രാദേശിക വനപാലകര്‍ക്കു സംഭവത്തില്‍ പങ്കുണ്ടോയെന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. 13 മുതല്‍ 62 വയസ്സു വരെയുള്ള ആനകള്‍ കൊല്ലപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. 

ആനകളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോഴും ഇത്തരം കൂട്ടക്കൊലകള്‍ നടക്കുന്നുവെന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് എലിഫന്റ് വിതൗട്ട് ബോര്‍ഡേഴ്സ് എന്ന എന്‍ജിഒ പ്രതികരിച്ചു. 2016 ല്‍ ആഫ്രിക്കന്‍ ആനകളുടെ സെന്‍സസ് വിജയകരമായി പൂര്‍ത്തിയാക്കിയത് ഈ എന്‍ജിഒ ആണ്. 2015 നു ശേഷം ആനവേട്ട ഇരട്ടിച്ചിട്ടുണ്ടെന്ന് എന്‍ജിഒ മേധാവിയായ മൈക്ക് ചേസ് പറയുന്നു. കഴിഞ്ഞ  10 വര്‍ഷത്തിനുള്ളില്‍ ആഫ്രിക്കയിലെ ആനകളില്‍ മൂന്നിലൊന്നും വേട്ടക്കാര്‍ക്കിരയായെന്നും കണക്കുകള്‍ ഉദ്ധരിച്ച് മൈക്ക് ചൂണ്ടിക്കാട്ടുന്നു.

Elephants

പലപ്പോഴും ആനവേട്ട മൂടി വയ്ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ബോട്സ്വാനയില്‍ നടന്ന ആനകളുടെ കൂട്ടക്കൊല പുറം ലോകത്തെ അറിയിച്ചത് എലഫന്റ് വിതൗട്ട് ബോര്‍ഡേര്‍സ് ആണ്. അധികൃതരില്‍ പലരും ആനവേട്ട സംഘങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. 

സമീപകാലം വരെ ബോട്സ്വാനയിലെ ആനകളുടെ സംരക്ഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്നത് രാജ്യത്തിലെ സൈന്യത്തിന്റെ ഒരു ഭാഗമായിരുന്നു. അതുകൊണ്ടു തന്നെ ആനവേട്ട തടയുന്നതില്‍ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളേക്കാള്‍ ഏറെ മുന്നിലായിരുന്നു ബോട്സ്വാന. എന്നാല്‍ മെയ് മാസത്തില്‍ അധികാര കൈമാറ്റം നടന്നതോടെ പുതിയ സര്‍ക്കാര്‍ വിശദീകരണം കൂടാതെ ഈ വിഭാഗത്തെ പിരിച്ചു വിട്ട് സൈനികരെ തിരിച്ചയച്ചു. ഈ നടപടിക്കു ശേഷം രാജ്യത്തെ ആനകളുടെ എണ്ണം കുറഞ്ഞു വരുന്നതായാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നത്. 

2012 ല്‍ കാമറൂണില്‍ മൂന്നു ദിവസത്തിനിടെ 300 ആനകളെ കൊലപ്പെടുത്തിയതാണ് ആഫ്രിക്കയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ആനവേട്ട. ഇതിനു തൊട്ട് പിന്നിലാണ് ഇപ്പോള്‍ ബോട്സ്വാനയില്‍ ഉണ്ടായ സംഭവം. 2015 ല്‍ ഐവറി കോസ്റ്റില്‍ വേട്ടക്കാര്‍ രണ്ടു ദിവസം കൊണ്ട് 78 ആനകളെ കൊലപ്പെടുത്തിയിരുന്നു. 

Elephants

സാധാരണയായി ബോട്സ്വാനയില്‍ ചുരുങ്ങിയ തോതിലെങ്കിലും ആനവേട്ട നടക്കുന്നത് അതിര്‍ത്തി പ്രദേശങ്ങളിലായിരുന്നു. എന്നാല്‍ ഈ 87 ആനകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത് ബോട്സ്വാനയുടെ ഹൃദയ ഭാഗത്താണ്. അതുകൊണ്ട് തന്നെ ഇത് രാജ്യത്തെ ആനകളെ ചൊല്ലിയുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ ആശങ്ക വർധിപ്പിക്കുന്നു.

കേരളവും പിന്നിലല്ല; കാടുകൾ പറയും ഞെട്ടിക്കുന്ന കണക്ക്!

Elephant

കാട്ടിൽ റോന്തുചുറ്റാനിറങ്ങുന്ന വനപാലകർക്കു മുന്നിൽ ഞെട്ടിക്കുന്ന കാഴ്ചയാകാറുണ്ട് പലപ്പോഴും ആനകളുടെ മൃതദേഹങ്ങൾ. മിക്കവയും വെടിയേറ്റായിരിക്കും ചരിഞ്ഞിട്ടുണ്ടാകുക. കണ്ണുകൾക്കു നടുവിൽ മസ്തകത്തിനു താഴെയും, ഇടതോ വലതോ കണ്ണിനു സമീപവും, ചെവികൾക്കു സമീപവുമെല്ലാം വെടിയേറ്റു ചീളുകൾ തെറിച്ച പാട് കാണാം. മസ്തകവും നെഞ്ചിൻകൂടും ഹൃദയവും തകർക്കും നാടൻ ഇരട്ടക്കുഴൽ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ. ചിലപ്പോഴൊക്കെ നാടൻ ബോബെറിഞ്ഞും തല തകർക്കും. കൊമ്പെടുക്കാൻ വേണ്ടി ചിലപ്പോൾ തുമ്പിക്കയ്യും മുറിച്ചിട്ടുണ്ടാകും

ആനവേട്ടയുടെ ഭീകരത വിളിച്ചോതുന്ന ഒരു റിപ്പോർട്ട് ഇക്കഴിഞ്ഞ ലോക ഗജദിനത്തിന് പുറത്തുവന്നിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ 275 ആനകൾ ചരിഞ്ഞതായിട്ടായിരുന്നു കേരള ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് എന്ന സംഘടനയുടേ റിപ്പോർട്ട്. അതിൽ 238 എണ്ണം കാട്ടാനകളായിരുന്നു! കേരളത്തിലെ കാടുകളിലും ആനകൾ സുരക്ഷിതരല്ലെന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.