Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാട്ടുകൊള്ളക്കാരിൽ നിന്ന് കാടിനെ കാക്കുന്ന ആദിവാസി വനിതകൾ

Forest

ആദിവാസികളോളം കാടിനെ അടുത്തറിയുന്നവര്‍ മറ്റാരുമില്ല. കാട് അവര്‍ക്ക് ജീവിതം കൂടിയാണ്. അതുകൊണ്ട് തന്നെ കാടിന്റെ സംരക്ഷണം അവര്‍ക്ക് സ്വന്തം ജീവിതം പോലെ തന്നെ ഏറെ വിലപ്പെട്ടതാണ്. ബംഗാളിലും ജാര്‍ഖണ്ഡിലുമായി കാണപ്പെടുന്ന സാന്താളി വിഭാഗത്തില്‍ പെട്ട ആദിവാസികള്‍ കാടിനെ വിളിക്കുന്നത് അമ്മയെന്നാണ്. വനം സംരക്ഷിക്കാന്‍ കറിക്കത്തിയും കമ്പുകളുമായി അണിനിരന്ന ആദിവാസി സ്ത്രീകളോട് നിങ്ങളീ മരങ്ങളെ മുലപ്പാല് കൊടുത്തു വളര്‍ത്തിയതാണോ എന്നു കൊള്ളക്കാര്‍ ചോദിച്ചപ്പോള്‍ അമ്മയ്ക്ക് എന്തിനാണ് മക്കള്‍ മുലപ്പാൽ കൊടുക്കുന്നത് എന്ന മറുചോദ്യമാണ് ഈ സ്ത്രീകള്‍ ഉയര്‍ത്തിയത്.

മറ്റെല്ലാ വനമേഖലകളിലുമെന്ന പോലെ വന്യമൃഗവേട്ടയും മരം മുറിയുമെല്ലാം വനത്തിന്റെ നിലനില്‍പ്പിനു കനത്ത ഭീഷണി ഉയര്‍ത്തിയിരുന്ന കാലമുണ്ടായിരുന്നു ബംഗാളിലെ സാന്താളുകളുടെ പ്രധാന ഗ്രാമങ്ങളില്‍ ഒന്നായ ഹക്കിം സിനാമിനും. ഈ ഭീഷണി ഇല്ലാതാക്കിയതും വനം കൊള്ളക്കാരെ തുരത്തിയതും ഹക്കീം സിനാമിന്‍ സ്ത്രീകളുടെ കൂട്ടായ്മയാണ്. വെറുതെ ഒരുദിവസം കൂട്ടത്തോടെയെത്തി വനം കൊള്ളക്കാരെ ചെറുത്തു തോല്‍പ്പിച്ച് അദ്ഭുതം സൃഷ്ടിക്കുകയല്ല ഇവര്‍ ചെയ്തത്. ഇവരുടെ ഇന്നത്തെ വിജയത്തിനു പിന്നില്‍ സാമ്പത്തിക സ്വയം പര്യാപ്തതയുടെയും സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെയും ചരിത്രമുണ്ട്.

x-default

വിറകും, പച്ചമരുന്നുകളും, പഴങ്ങളും തേനുമൊക്കെ ശേഖരിച്ചാണ് സാന്താളുകളില്‍ മിക്കവരും ഉപജീവനം കഴിക്കുന്നത്. നിത്യോപയോഗത്തിന് പുറമേ  ഇവ വിറ്റു ലഭിക്കുന്ന വരുമാനവും സാന്താളുകളെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരുന്നു. ഇതിനിടയിലേക്കാണ് വേട്ടക്കാര്‍ കടന്നു വന്നത്. വേട്ടക്കാരുടെ ശല്യം വർധിച്ചതോടെ വനവിഭവങ്ങള്‍ ലഭിക്കുന്നതില്‍ തടസമുണ്ടായി എന്നത് മാത്രമല്ല വ്യാപകമായ തോതില്‍ വനവിഭവങ്ങള്‍ കൊള്ള ചെയ്യപ്പെട്ടു. ഗ്രാമത്തിലെ പുരുഷന്‍മാരെക്കൂടി വനം കൊള്ളക്കാര്‍ കൂടെ കൂട്ടിയതോടെ സ്ത്രീകള്‍ ഒറ്റപ്പെടുകയും ചെയ്തു. 

എന്തു ചെയ്യണമെന്നറിയാതെ കാലം തള്ളി നീക്കവെയാണ് ഗ്രാമപഞ്ചായത്ത് പ്രധാന്‍ സ്ത്രീകളുടെ കൂട്ടായ്മ എന്ന ആശയം മുന്നോട്ടു വച്ചത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ പിന്തുണയോടെ വുമണ്‍ സെല്‍ഫ് ഗ്രൂപ്പിന് ഗ്രാമത്തിലെ വനിതകള്‍ രൂപം നല്‍കി. തുടക്കത്തില്‍ സ്ത്രീകള്‍ക്കിടയില്‍ ഒത്തൊരുമ ഉണ്ടാക്കുന്നതിനാണ് ഈ കൂട്ടായ്മ പ്രാധാന്യം നല്‍കിയത്. വൈകാതെ കൂട്ടായി തന്നെ വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനും അവ വില്‍ക്കുന്നതിനും ഇതുവഴി സ്വയം പര്യാപ്തത നേടുന്നതിനും സ്ത്രീകള്‍ക്കു കഴിഞ്ഞു. ഇത്രയുമായതോടെയാണ് തങ്ങളുടെ കണ്‍മുന്നില്‍ നടക്കുന്ന വനം കൊള്ളയ്ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ ഇവര്‍ തീരുമാനിച്ചത്.

Trees

ഇതോടെ ഗ്രാമത്തിലെ സ്ത്രീകള്‍ രണ്ടു വിഭാഗമായി തിരിഞ്ഞ് രാത്രിയും പകലും വനത്തിന് കാവല്‍ ആരംഭിച്ചു. വനം കൊള്ളക്കാരെ ചെറുക്കാനുള്ള ഇവരുടെ ശ്രമങ്ങള്‍ തുടക്കത്തില്‍ അത്ര നല്ല രീതിയിലല്ല പുരോഗമിച്ചത്. വനം കൊള്ളക്കാരുടെ കായികമായ ആക്രമണത്തിന് വരെ സ്ത്രീകള്‍ ഇരയായി. ചിലരുടെ കഴുത്തില്‍ കത്തി വച്ച് കൊലപാതക ഭീഷണി പോലും വനം കൊള്ളക്കാര്‍ ഉയര്‍ത്തി. രാത്രിയില്‍ കാവല്‍ നില്‍ക്കാനെത്തിയവരെ കൊള്ളക്കാര്‍ വിരട്ടിയോടിച്ചു.

ഇതേസമയത്ത് തന്നെ മറ്റൊരു വിഭാഗം സ്ത്രീകള്‍ എന്‍ജിഒയുടെ സഹായത്തോടെ വനം വകുപ്പിനെ സമീപിച്ചു. നിയമപരമായ രീതിയിലും വനം കൊള്ളക്കാരെ കീഴടക്കാന്‍ ഇവര്‍ ശ്രമം തുടങ്ങി. വൈകാതെ സാന്താളി സ്ത്രീകളുടെ സഹായത്തോടെ വനം കൊള്ളക്കാരെ പിടികൂടാന്‍ വനം വകുപ്പ് തയാറായി. വനം കൊള്ളക്കാര്‍ കൂട്ടമായി അറസ്റ്റു ചെയ്യപ്പെട്ടതോടെ തങ്ങളുടെ അമ്മയും ദേവിയും ആരാധാനാമൂര്‍ത്തിയുമെല്ലാമായ വനം സംരക്ഷിക്കുവാനുള്ള ഈ സ്ത്രീകളുടെ ദൗത്യം പകുതി വിജയിച്ചു. ഇപ്പോഴും കൊള്ളക്കാരുടെ ഭീഷണി നിലവിലുണ്ടെങ്കിലും സന്താളികള്‍ക്ക് ഭയമില്ല. തങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ വനം കൊള്ളക്കാരെ ചെറുക്കാന്‍ സാധിക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞതു തന്നെ ഇതിനു കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.