Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം കഴിഞ്ഞിട്ട് ഒരു മാസം; അതിജീവനത്തിനു കൊതിക്കുന്ന പ്രദേശങ്ങൾ

Kerala Flood | Navy Rescue

കേരളത്തെ പിടിച്ചുകുലുക്കിയ മഹാപ്രളയം തുടങ്ങിയത് ഒരു മാസം മുൻപാണ്; ഓഗസ്റ്റ് 14ന്. കുതിച്ചെത്തിയ ജലപ്രവാഹത്തിൽ പമ്പാതീരങ്ങളും കുട്ടനാടും ഇടുക്കി ജില്ലയും പെരിയാർ തീരങ്ങളും വയനാടും മുങ്ങി. അതിജീവനത്തിനു കൊതിക്കുന്ന ഈ പ്രദേശങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്.

∙ പമ്പാതീരം

pamba-ranni പ്രളയത്തിന് ഒരുമാസം ശേഷമുള്ള പമ്പനദിയു‌ടെ ദൃശ്യം. റാന്നി വലിയ പാലത്തിൽ നിന്ന്.

പമ്പയുടെ രൂപവും ഭാവവും മാറി. വെളുത്ത പൊടിമണലും ചെളിയും ചേർന്നു കടൽത്തീരം പോലെയുണ്ട് പമ്പാ തീരം. പ്രളയം ആദ്യം വിഴുങ്ങിയ ത്രിവേണിയിലെ തകർന്നടിഞ്ഞ കോൺക്രീറ്റ് കെട്ടിടങ്ങളുടെ ശേഷിപ്പുകളും മണൽക്കൂമ്പാരങ്ങളും മാറ്റുന്ന ജോലികൾ പുരോഗമിക്കുന്നു. പ്രളയം തകർത്ത റാന്നി പട്ടണത്തിൽ മൂന്നാഴ്ചയ്ക്കു ശേഷവും പകുതി കടകളേ തുറന്നിട്ടുള്ളൂ. വ്യാപാര സ്ഥാപനങ്ങൾക്കുണ്ടായ നഷ്ടം 100 കോടി. വീടുകളുടെ നഷ്ടം അതിലുമേറെ. തകർച്ചയുടെ ആഘാതം മാറാൻ ഏറെനാൾ വേണമെങ്കിലും ഒറ്റനോട്ടത്തിൽ പ്രളയത്തിന്റെ പരുക്കുകൾ ഉണങ്ങിത്തുടങ്ങി. അയിരൂർ, ആറാട്ടുപുഴ, ആറന്മുള, കോഴ‍ഞ്ചേരി ഭാഗങ്ങളിൽ ഇപ്പോഴും ശുചീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്. ഇപ്പോഴും പലരും ബന്ധുവീടുകളിൽ തുടരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണു മേഖലയിൽ.

പെരിയാർ തീരം

periyar-sand പെരിയാറിൽ വെള്ളം കുറഞ്ഞ് കഴിഞ്ഞ ദിവസം മണൽത്തിട്ട തെളിഞ്ഞിരുന്നു.

പെരിയാർ തീരം സാധാരണ ജീവിതത്തിലേക്കു മടങ്ങുകയാണ്. ക്യാംപുകളിൽ ചുരുക്കം പേർ മാത്രമേയുള്ളൂ. ബന്ധുവീടുകളിൽ തുടരുന്നവരുമുണ്ട്. അഞ്ചു പഞ്ചായത്തുകളിൽ ശുദ്ധജലത്തിനു ബുദ്ധിമുട്ടുണ്ട്. കൃഷി മേഖലകളായതിനാൽ തൊഴിലില്ലായ്മയാണു ജനങ്ങൾ നേരിടുന്ന പ്രതിസന്ധി. പെരിയാർ മുക്കിയ കാലടി പട്ടണം വീണ്ടും തിരക്കിലേക്കെത്തി. സംസ്കൃത സർവകലാശാലയിൽ പഠനം പുനരാരംഭിച്ചു. എന്നാൽ, പെരുമ്പാവൂരിൽ നശിച്ച പ്ലൈവുഡ് കമ്പനികളും അരി മില്ലുകളും പ്രവർത്തനം തുടങ്ങിയിട്ടില്ല. പെരിയാറിൽ ജലനിരപ്പു താണതു കിണറുകളിലെ ഉറവയെ ബാധിക്കുന്നുണ്ട്. ആലുവ മേഖല‌യിൽ ജനജീവിതം പഴയ നിലയിലായിട്ടില്ല. വ്യാപാര സ്ഥാപനങ്ങൾ പലതും തുറന്നിട്ടില്ല. തുറന്നവയിലാകട്ടെ, കച്ചവടവുമില്ല. ശിവരാത്രി മണപ്പുറം, ദേവസ്വം ബോർഡ് ഓഫിസ്, സർക്കാർ അതിഥിമന്ദിരം എന്നിവിടങ്ങളിൽ പോലും ശുചീകരണം പൂർത്തിയായിട്ടില്ല.

വയനാട്

wayanad-panamaram വയനാട് പനമരത്തിന് അടുത്തുള്ള വരണ്ടുണങ്ങിയ പാടത്തുകൂടി ജലസേചന പൈപ്പുകളുമായി പോകുന്ന കര്‍ഷകന്‍.

വയനാട്ടിലെ പ്രളയത്തിന്റെ വ്യാപ്തി കൂട്ടിയ ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകളെല്ലാം അടച്ചു. വീടു തകർന്നവർ വാടകവീടുകളിലും ബന്ധുവീടുകളിലും ക്യാംപുകളിലുമായി കഴിയുന്നു. നദികളിലെയും തോടുകളിലെയും ജലനിരപ്പു ക്രമാതീതമായി താഴ്ന്നു. വെള്ളം നിറഞ്ഞിരുന്ന പാടങ്ങളെല്ലാം വരണ്ടുണങ്ങി. തകർന്ന റോഡുകളിലെ പൊടിശല്യമാണു മറ്റൊരു പ്രശ്നം. പാൽ ഉൽപാദനത്തിൽ സംസ്ഥാനത്തു രണ്ടാം സ്ഥാനത്തുള്ള ജില്ലയിൽ പ്രതിദിനം 25,000 ലീറ്റർ പാലിന്റെ കുറവുണ്ടായി. കന്നുകാലികൾ നഷ്ടപ്പെട്ട കർഷകരെ സഹായിക്കാൻ സ്പോൺസർ ‘എ കൗ’ എന്ന പദ്ധതി നടപ്പാക്കുന്നുണ്ട്.

ഇടുക്കി ജില്ല

അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചപ്പോൾ തെളിഞ്ഞ ചെറുതോണി പാലത്തിന്റെ അവസ്ഥയാണു നാടിനും. പാലത്തിനു കുലുക്കമുണ്ടായില്ലെങ്കിലും അപ്രോച്ച് റോഡുകളെല്ലാം തകർന്നു. കഴിഞ്ഞതെല്ലാം മറന്ന് എല്ലാം ആദ്യംമുതൽ തുടങ്ങാനുള്ള മനസ്സ് കുടിയേറ്റ ജില്ലയിലെ പുതിയ തലമുറ കാണിച്ചുതുടങ്ങി. തകർന്ന വീടുകളിലെ ആളുകൾ വാടകവീടുകളിലോ ബന്ധുഭവനങ്ങളിലോ താമസമാക്കിയിരിക്കുകയാണ്. റോഡുകൾ താൽക്കാലികമായി ഗതാഗത യോഗ്യമാക്കിയെങ്കിലും യാത്ര സുഗമമാകണമെങ്കിൽ ഇനിയും ഒട്ടേറെ പരിശ്രമം ആവശ്യമുണ്ട്. കൃഷിഭൂമി നഷ്ടമായ കർഷകർ ഇനിയെന്ത് എന്ന ആധിയിലാണ്. മുരടിപ്പ് വ്യാപാര രംഗത്തും ദൃശ്യമാണ്.

ചെങ്ങന്നൂർ, കുട്ടനാട്

chengannur-house പ്രളയജലം കയറിയിറങ്ങിപ്പോയ ചെങ്ങന്നൂർ ഇടനാട്ടിൽ പലയതേത്ത് ദീപയുടെ വീട്ടിലെ അവസ്ഥ.

രണ്ടുതവണ വെള്ളത്തിലമർന്ന കുട്ടനാട് മെല്ലെ തെളിഞ്ഞുതുടങ്ങി. പക്ഷേ, വീട്ടിലേക്കു മടങ്ങാൻ കഴിയാത്തവർ ഇനിയുമുണ്ട്. ചെങ്ങന്നൂർ മേഖലയും തിരിച്ചുവരവിൽ മുടന്തുന്നുണ്ട്. രണ്ടാം കൃഷി നഷ്ടപ്പെട്ട പാടശേഖരങ്ങളിൽ പലതുമിപ്പോൾ കാഴ്ചയിൽ കായൽപോലെ. പാടത്തിനു നടുവിലുള്ള വീട്ടുകാരും തുരുത്തുകളിലെപ്പോലെ കഴിയുന്നു. സ്കൂളുകളെല്ലാം തുറന്നു. വൈദ്യുതി തിരിച്ചെത്തി. ഇന്റർനെറ്റ് സംവിധാനം പൂർണമായിട്ടില്ല. പാടങ്ങളിലെ വെള്ളം മുഴുവൻ ഇറങ്ങിയിട്ടില്ല.

ചെങ്ങന്നൂരിൽ പ്രളയത്തിൽ മലിനജലം നിറഞ്ഞ കിണറുകൾ പൂർണമായും ഉപയോഗിച്ചു തുടങ്ങിയില്ല. വ്യാപാരസ്ഥാപനങ്ങൾ മുഴുവൻ തുറന്നിട്ടില്ല. വലിയ നാശം നേരിട്ട വീടുകളും മറ്റു കെട്ടിടങ്ങളും ഇപ്പോഴും പഴയപടിയായിട്ടില്ല.