Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്ലാസ്റ്റിക് കോരിയെടുത്ത് ഇന്ധനമാക്കും, അതുപയോഗിച്ച് യാത്രയും; അദ്ഭുതമാണ് ഈ കപ്പല്‍

ocean saviour Image Credit: Richard Smith Designs/Solent News

നിലവിലെ കണക്കു പ്രകാരം ലോകത്തിലെ എല്ലാ സമുദ്രങ്ങളിലേക്കും പ്രതിവര്‍ഷം എത്തുന്നത് 3350 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ്. അന്‍പതു വര്‍ഷം മുന്‍പുണ്ടായിരുന്നതിനേക്കാളും അഞ്ചിരട്ടി വരും ഇത്. നിലവില്‍ അഞ്ച് ട്രില്യന്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ കടലിലുണ്ടെന്നാണു കണക്ക്. അടുത്ത പത്തു വര്‍ഷത്തിനകം ഇത് ഇനിയും മൂന്നിരട്ടിയായി വര്‍ധിക്കുമെന്നും പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ക്കു പല രാജ്യങ്ങളും ശ്രമം ആരംഭിച്ചു കഴിഞ്ഞു. ചില രാജ്യങ്ങളാകട്ടെ ഇപ്പോഴും ഇതിനെപ്പറ്റി ബോധവാന്മാരായിട്ടില്ല. പരിസ്ഥിതി സംഘടനകളും കൂട്ടായ്മകളുമെല്ലാം തങ്ങളാലാകും വിധം പ്ലാസ്റ്റിക് മലിനീകരണത്തില്‍ നിന്നു സമുദ്രങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ഓഷ്യന്‍ ക്ലീനിങ് യജ്ഞം നടക്കാനിരിക്കുകയാണ്. 

പസഫിക് സമുദ്രത്തിലെ മലിനീകരണത്തിനു കുപ്രസിദ്ധമായ ഗ്രേറ്റ് പസഫിക് ഗാര്‍ബേജ് പാച്ച് വൃത്തിയാക്കാനാണു പരിസ്ഥിതി സ്‌നേഹികളുടെ ശ്രമം. 1.8 ട്രില്യന്‍ മാലിന്യം ഇവിടെ ഉണ്ടെന്നാണു കണക്ക്. എന്നാല്‍ പടിപടിയായി സമുദ്രത്തിലെ പ്ലാസ്റ്റിക്കിനെ മുഴുവന്‍ ‘തിന്നു’ തീര്‍ക്കുന്ന കപ്പല്‍ തന്നെ രംഗത്തു വന്നിരിക്കുകയാണിപ്പോള്‍. ഓഷ്യന്‍ സേവ്യര്‍ എന്നു പേരിട്ടിരിക്കുന്ന ഉല്ലാസനൗകയാണ് ഈ അദ്ഭുതക്കപ്പല്‍. ഏകദേശം 520 ലക്ഷം ഡോളര്‍ ചെലവിട്ടു നിര്‍മിച്ച നൗക കഴിഞ്ഞ ദിവസം സതാംപ്ടണ്‍ ബോട്ട് ഷോയില്‍ പ്രദര്‍ശിപ്പിച്ചു. എക്കോയാട്ട് എന്നാണ് ഇതിന്റെ വിളിപ്പേര്. പേരു പോലെത്തന്നെ നൗകയുടെ പ്രധാന യാത്രാലക്ഷ്യം പരിസ്ഥിതി സംരക്ഷണമാണ്. 

കടലില്‍ ഒഴുകിനടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പിടിച്ചെടുത്തു സംസ്‌കരിക്കുകയെന്നതാണ് ഓഷ്യന്‍ സേവ്യറിന്റെ ലക്ഷ്യം. ഒരു കണ്‍വേയര്‍ ബെല്‍റ്റു വഴി ശേഖരിക്കുന്ന മാലിന്യം ഫണലു പോലുള്ള സംവിധാനത്തിലേക്ക് എത്തിക്കുകയാണ് ആദ്യഘട്ടം. പ്ലാസ്റ്റിക്കിനെ മൊത്തമായി ചെറുതായി അരിയുന്നതാണ് അടുത്തഘട്ടം. പിന്നീട് പൊടിച്ചു സംസ്‌കരിക്കും. ഈ പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്‌തെടുക്കും. ഈ പ്രവര്‍ത്തനങ്ങളെല്ലാം കപ്പലിലാണു നടക്കുക. അതിനു വേണ്ട ഏറ്റവും പുതിയ സാങ്കേതിക സൗകര്യങ്ങളും ഇതിലൊരുക്കിയിട്ടുണ്ട്. മാത്രവുമല്ല കപ്പല്‍ ഓടിക്കുന്നതിനു വേണ്ട ഇന്ധനവും വേര്‍തിരിച്ചെടുക്കുന്നത് ഈ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നാണ്. കരയിലേക്കു വരാതെ തന്നെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് കപ്പലിന് എത്രദൂരം വരെ വേണമെങ്കിലും സഞ്ചരിക്കാമെന്നു ചുരുക്കം. 

ഏറ്റവും കുറവു മലിനീകരണം ഉണ്ടാക്കി മാത്രമാണ് ഈ പ്രവൃത്തികളെല്ലാം ചെയ്യുന്നതെന്നും പ്രോജക്ടിനു പിന്നില്‍ പ്രവര്‍ത്തിച്ച റിച്ചാര്‍ഡ് റോബര്‍ട്‌സ് പറയുന്നു. സുഹൃത്ത് സൈമണ്‍ വൈറ്റുമായി ചേര്‍ന്നായിരുന്നു പ്രോജക്ട് ആവിഷ്‌കരിച്ചത്. കപ്പല്‍ നിര്‍മിച്ചതാകട്ടെ എക്കോ ഫ്രണ്ട്‌ലി യാനങ്ങളുണ്ടാക്കുന്നതില്‍ പേരുകേട്ട റിക്കി സ്മിത്ത് എന്ന ഡിസൈനറും. സമുദ്രമലിനീകരണത്തെക്കുറിച്ച് ബിബിസി നിര്‍മിച്ച ബ്ലൂ പ്ലാനറ്റ് എന്ന ഡോക്യുമെന്ററിയാണ് ഇത്തരമൊരു പ്രോജക്ടിനു നിമിത്തമായതെന്ന് റിച്ചാര്‍ഡ് പറയുന്നു. സമുദ്രങ്ങളെ രക്ഷിക്കാന്‍ തങ്ങലാകും വിധം എന്തെങ്കിലും ചെയ്‌തേ മതിയാകൂവെന്നു വന്നതോടെ ഓഷ്യന്‍ സേവ്യർ രൂപംകൊള്ളുകയായിരുന്നു.

ഏകദേശം 70 മീറ്റര്‍ നീളമുണ്ട് കപ്പലിന്. ഒരു ദിവസം മാത്രം അഞ്ചു ടണ്ണോളം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇതില്‍ സംസ്‌കരിക്കാനാകും. പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഇന്ധനമുണ്ടാക്കി അതുപയോഗിച്ചു സഞ്ചരിക്കുന്ന ലോകത്തിലെ ആദ്യ ഉല്ലാസനൗകയാണ് ഓഷ്യന്‍ സേവ്യര്‍. ഈ പ്രോജക്ട് പ്രകാരം ഒട്ടേറെ നൗകകള്‍ നിര്‍മിക്കാനും സംഘത്തിനു നീക്കമുണ്ട്. അധികം വൈകാതെ പസഫിക് സമുദ്രത്തിലെ പ്ലാസ്റ്റിക്കിനെ ‘പൊടിച്ചൊതുക്കാൻ’ ഓഷ്യന്‍ സേവ്യര്‍ യാത്ര തുടങ്ങും.