Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊമ്പനിറങ്ങും വഴിയിൽ ഇനി കുങ്കിയിറങ്ങും

വയനാടൻ ചുരമിറങ്ങി വന്ന സൂര്യ, ധോണിയിൽ ലോറിയിറങ്ങുമ്പോൾ പുലർച്ചെ രണ്ടരകഴിഞ്ഞിരുന്നു. ഒന്നു മയങ്ങിയുണർന്ന ശേഷം കുറേ പനംപട്ടയും പുല്ലും തിന്നു. നീരാട്ടിനു പോയി തിരിച്ചുവന്നത് ഒന്നരമണിക്കൂർ കഴിഞ്ഞ്. കുളികഴിഞ്ഞു വരുന്ന അവനേയും കാത്തു മരച്ചുവട്ടിൽ നിൽക്കുകയായിരുന്നു ഐഎഫ്എസുകാരും ജനപ്രതിനിധികളും നാട്ടുകാരും. നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്താനുളള സകല അടവും പഠിച്ചുവരുന്ന സൂര്യ കുങ്കിയാനയാണ് ഇനി നാട്ടിലെ താരം.

ഒലവക്കോട്, വാളയാർ ഫോറസ്റ്റ് റേഞ്ചുകളുടെ പരിധിയിൽ കാട്ടാനശല്യം രൂക്ഷമായതിനെ തുടർന്നാണു സൂര്യ, സുരേന്ദ്രൻ എന്നീ കുങ്കിയാനകളെ കൊണ്ടുവരാൻ തീരുമാനിച്ചത്. രണ്ടുപേരും മുത്തങ്ങയിലെ ആനപ്പന്തിയിലായിരുന്നു. സുരേന്ദ്രനു മദപ്പാട് കണ്ടതോടെ തൽകാലം സൂര്യമാത്രം പാലക്കാട്ടേക്കു വന്നു. ധോണി മേഖലയിൽ ഇന്നു സൂര്യയെ ഉപയോഗിച്ചു പട്രോളിങ് നടത്തും. അരിമണിക്കാട്, പന്നിമട, ആറങ്ങോട്ടുകുളമ്പ്, ഊരോലി, ധോണി, കോർമ, ഞാറക്കോട്, പുളിയംപുള്ളി, പരുത്തി, തുടങ്ങി കാട്ടാനശല്യം രൂക്ഷമായ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പട്രോളിങ്.

മഹാവികൃതിക്കാരനായിരുന്ന സൂര്യ ഇപ്പോൾ ലക്ഷണമൊത്ത കുങ്കിയാനയായതായി ഏറെ കാലമായി ചികിത്സിക്കുന്ന ഡോ.അരുൺ സഖറിയ പറഞ്ഞു. ബിനീഷാണ് സൂര്യയുടെ ഒന്നാം പാപ്പാൻ. രതീഷ് രണ്ടാം പാപ്പാനും. കുങ്കികളെ കൊണ്ടുനടക്കുന്ന പാപ്പാൻമാർക്കും പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. ഒലവക്കോട് ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലുള്ള ധോണി സാറ്റലൈറ്റ് കേന്ദ്രത്തിൽ ശർക്കര നൽകിയാണു സൂര്യയെ സ്വീകരിച്ചത്.

കിഴക്കൻമേഖല മുഖ്യവനപാലകൻ ഷെയ്ക്ക് ഹൈദർ ഹുസൈൻ, ഉത്തരമേഖലാ മുഖ്യ വനപാലകൻ(വന്യജീവി) ബി.എൻ. അഞ്ജൻകുമാർ, പാലക്കാട് ഡിഎഫ്ഒ നരേന്ദ്രനാഥ് വേലൂരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ബിന്ദു എന്നിവർക്കു പുറമേ വന്യമൃഗശല്യം രൂക്ഷമായ മേഖലകളിലെ പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും എത്തിയിരുന്നു.