Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം കുത്തിയൊലിച്ചപ്പോൾ വീയപുരം വനത്തിനു സംഭവിച്ചത്?

 Veeyupuram forest

പ്രളയം കുത്തിയൊലിച്ചപ്പോൾ ആലപ്പുഴയിലെ ഒരേയൊരു റിസർവ് വനഭൂമിയായ വീയപുരം കാടിനുണ്ടായതു ഭൂനഷ്ടം. ഏകദേശം 14.3 ഏക്കർ വിസ്തൃതിയുള്ള വീയപുരം വനത്തിന്റെ തീരമിടിഞ്ഞു വിസ്തൃതി കുറഞ്ഞതായി സൂചന. തീരം ഇടിയുക മാത്രമല്ല, പച്ചപ്പിന്റെ ഭൂമിയായിരുന്ന വനത്തിലേക്കു പ്ലാസ്റ്റിക് മാലിന്യം കടന്നുകയറുകയും ചെയ്തു. കാട്ടിൽ പലയിടത്തും മണ്ണിലും മരത്തിലുമായി പ്ലാസ്റ്റിക് കുപ്പിയും കവറും കൂടുകൂട്ടിയ അവസ്ഥയിലായി.

 Veeyupuram forest

വെള്ളപ്പൊക്കത്തിൽ വനഭൂമിയ‍ിലും അതിനോടു ചേർന്നുള്ള തടി ഡിപ്പോയിലും ഒരാൾ പൊക്കം വെള്ളം കയറിയിരുന്നു. കെട്ടിയിട്ടിരുന്നതിനാൽ ലേലത്തിനെത്തിച്ചിരുന്ന തടി നഷ്ടമായില്ല. അടുത്ത ദിവസം ലേലം നടക്കാനിരിക്കുകയാണ്. വീയപുരം വനഭൂമിയുടെ തീരസംരക്ഷണത്തിനായി സർക്കാർ 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. 

എന്നാൽ, മൈനർ ഇറിഗേഷൻ നൽകിയ എസ്റ്റിമേറ്റ് അനുസരിച്ചു തീര സംരക്ഷണത്തിന് ഏകദേശം 1.11 കോടി രൂപ വേണ്ടിവരും. ഈ തുകയ്ക്കായി വനംവകുപ്പ് സർക്കാരിനു റിപ്പോർട്ട് നൽകിയിട്ടുണ്ട്. സർക്കാർ അനുവദിച്ച തുക ഉപയോഗിച്ചു തീരസംരക്ഷണ ജോലികൾ തുടങ്ങാനാണ് ആലോചന. അച്ചൻകോവിലാറിന്റെയും പമ്പയാറിന്റെയും സംഗമസ്ഥാനത്തിനു സമീപമാണു വീയപുരം വനം. 

സിനിമയുടെ സ്വന്തം വീയപുരം

 Veeyupuram forest

അടുത്തിടെ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ‘ഒരു കുട്ടനാടൻ ബ്ലോഗി’ൽ വീയപുരം തടി ഡിപ്പോയും വനഭ‍‍ൂമിയും ഒരു ലൊക്കേഷൻ ആയിരുന്നു. ടി.കെ.രാജീവ് കുമാർ സംവിധാനം ചെയ്ത രതിനിർവേദം, വേണു നാഗവള്ളിയുടെ ലാൽസലാം, രക്തസാക്ഷികൾ സിന്ദാബാദ് തുടങ്ങിയ സിനിമകളും വീയപുരത്തു ചിത്രീകരിച്ചിട്ടുണ്ട്. ലാൽ സലാം സിനിമയിലെ പാർട്ടി ഓഫിസ് ആയി വേഷമിട്ട ഇൻസ്പെക്‌ഷൻ ബംഗ്ലാവ് ഇപ്പോൾ മുഖം മിനുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.