Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം നിരോധിച്ച മാരക രാസവസ്തുവിന്റെ ഉറവിടം തിരിച്ചറിഞ്ഞു, പക്ഷേ..

ozone layer

ഇന്നേവരെ നടപ്പാക്കിയതിൽ വച്ച് ഏറ്റവും കാര്യക്ഷമമായ രാജ്യാന്തര പരിസ്ഥിതി കരാർ എന്നാണ് മോണ്‍ട്രിയൽ പ്രോട്ടോക്കോളിനെ വിശേഷിപ്പിക്കുന്നത്. ആഗോളതാപനത്തിനും ഓസോൺപാളിയുടെ നാശത്തിനും കാരണമാകുന്ന വാതകങ്ങളുടെ ഉൽപാദനം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് 1987ൽ കരാർ നിലവിൽ വന്നത്. ഇത് ഏറെക്കുറെ മിക്ക രാജ്യങ്ങളും പാലിച്ചു പോരുകയും ചെയ്തിരുന്നു. എന്നാൽ ഇക്കഴിഞ്ഞ മേയിൽ രാജ്യാന്തര പരിസ്ഥിതി ശാസ്ത്രജ്ഞർ ഒരു ആശങ്ക പങ്കുവച്ചു. എല്ലാ മുൻകരുതലുകളുമെടുത്തെങ്കിലും ഓസോണ്‍ പാളിക്കുണ്ടാകുന്ന ശോഷണത്തിനു മാത്രം കുറവുണ്ടാകുന്നില്ല! 

ozone layer

പല രാജ്യങ്ങളും ഓസോൺ പാളിയുടെ തകർച്ചയ്ക്കു കാരണമാകുന്ന വാതകങ്ങൾ പൂർണമായും തന്നെ വ്യവസായങ്ങളിൽ നിന്നു പിൻവലിച്ചു കഴിഞ്ഞു. പക്ഷേ ഏതോ ഒരു വാതകം ഇപ്പോഴും എവിടെ നിന്നോ പുറത്തുവന്നു കൊണ്ടേയിരിക്കുന്നുണ്ട്. ഓസോണിനെ തകർക്കുന്ന ഈ മാരകവാതകങ്ങളുടെ വരവ് ചൈനയിൽ നിന്നാണെന്ന റിപ്പോർട്ട് അടുത്തിടെ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ടിരുന്നു. ഇപ്പോൾ ഒരുകൂട്ടം ഗവേഷകർ കണ്ടെത്തിയ തെളിവുകളും വിരൽ ചൂണ്ടുന്നതു ചൈനയ്ക്കു നേരെയാണ്. ‘ജ്യോഗ്രഫിക്കൽ റിസർച് ലെറ്റേഴ്സ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് കിഴക്കൻ ചൈനയിൽ നിന്നാണ് ആ മാരക രാസവസ്തുവിന്റെ വരവെന്നു തിരിച്ചറിഞ്ഞത്. 

ഓരോ വർഷവും 40,000 ടൺ എന്ന കണക്കിനു കാർബൺ ടെട്രാക്ലോറൈഡ് ഘടകങ്ങൾ അന്തരീക്ഷത്തിലേക്കു കടക്കുന്നുണ്ട്. ഓസോണിന്റെ പ്രധാന ശത്രു ഇതാണ്. ഇതിൽ പകുതിയോളവും വരുന്നത് കിഴക്കൻ ചൈനയിൽ നിന്നാണെന്നാണു കണ്ടെത്തൽ. കൊറിയൻ പെനിൻസുലയ്ക്കു സമീപത്തു കരയിലും ആകാശത്തുമായി നടത്തിയ നിരീക്ഷണങ്ങളിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. ഈ വാതകം എങ്ങനെയാണ് അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്നതെന്നും വിവിധ മാതൃകകളുടെ സഹായത്താൽ വിദഗ്ധര്‍ വിശകലനം ചെയ്തു. അന്വേഷണം ക‍ൃത്യമായി ചൈനയിലെത്തിനിന്നെങ്കിലും ഇതിന്റെ കൃത്യമായ ഉറവിടം കണ്ടെത്താനായിട്ടില്ല. മാത്രവുമല്ല, മോൺട്രിയൽ പ്രോട്ടോക്കോളിനെപ്പറ്റി അറിയാഞ്ഞിട്ടാണോ ഇത്രയും മാരകമാം വിധം കാർബൺ ടെട്രാക്ലോറൈഡ് പുറത്തുവിടുന്നതെന്നും വ്യക്തമല്ല. 

ozone layer

ചൈനയിലെ ഏതെങ്കിലും വ്യവസായശാലയായിരിക്കാം ഇതിനു പിന്നിലെന്നു മാത്രമാണു നിഗമനം. ഈ മാരകവാതകത്തിന്റെ വരവ് എവിടെനിന്നാണെന്നു കണ്ടെത്തിയാൽ മാത്രമേ പ്രതിരോധ നടപടി പോലും സ്വീകരിക്കാനാവുകയുള്ളൂ. സിഎഫ്സി–11 (ക്ലോറോ ഫ്ലൂറോ കാർബൺ) ആണ് ചൈനയിലെ ഫാക്ടറികൾ ഉൽപാദിപ്പിക്കുന്നതെന്നായിരുന്നു നേരത്തേ ‘ന്യൂയോർക്ക് ടൈംസിന്റെ’ കണ്ടെത്തൽ. റഫ്രിജറേറ്ററുകളിലും മറ്റും ഉപയോഗിക്കുന്നതാണിത്. അടുത്തകാലം വരെ സിഎഫ്സി–11 ഉപയോഗിച്ചിരുന്നതായി ചൈനയിലെ റഫ്രിജറേറ്റർ നിർമാതാക്കളും വ്യക്തമാക്കിയിരുന്നു. ഇതിനേക്കാളും ചെലവു കുറഞ്ഞ ബദൽ മാർഗം പറഞ്ഞു തരികയാണെങ്കിൽ അതിലേക്കു മാറാമെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു. 

2010ലാണ് സിഎഫ്സി ഉൽപാദനം കുറയ്ക്കണമെന്നതു സംബന്ധിച്ച ഭാഗിക നിരോധനം രാജ്യാന്തര തലത്തിൽ വരുന്നത്. എന്നാൽ ഇതു തങ്ങൾ അറിഞ്ഞത് അടുത്തിടെയാണെന്നും പരിശോധനയ്ക്കു പോലും അധികൃതർ ആരും ഫാക്ടറികളിൽ വന്നിരുന്നില്ലെന്നും വ്യാപാരികൾ പറയുന്നു. നിരോധിക്കുന്നതിനു മുൻപുവരെ കിഴക്കനേഷ്യന്‍ രാജ്യങ്ങളിൽ സിഎഫ്സി–11 ഉൽപാദനത്തിന്റെ 99 ശതമാനവും ചൈനയിൽ നിന്നായിരുന്നു. എന്തായാലും പുതിയ ഗവേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ സിഎഫ്സി ഉൽപാദനം സംബന്ധിച്ച് ചൈനയുടെ മേൽ രാജ്യാന്തര സമ്മര്‍ദം ശക്തമാകുമെന്നാണു സൂചന.