Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലിനജലം പട്ടുസാരിയായത് ഇങ്ങനെ!

silk saree Representative Image

ഇന്ത്യയിലെ കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് രൂക്ഷമായ ജലക്ഷാമം. ആവശ്യത്തിനു വെള്ളം ലഭിക്കാത്തതിനെ തുടർന്നു കൃഷി നശിച്ചു കടക്കെണിയിലാകുന്ന കർഷകരുടെ വാർത്തകൾ ദിനംപ്രതി മാധ്യമങ്ങളിൽ നിറയുന്നുണ്ട്. എന്നാൽ ഇവരിൽ നിന്നും വ്യത്യസ്തനായി മലിനജലം  കൊണ്ടു മൾബറി കൃഷി ചെയ്ത് പട്ടുത്പാദനത്തിനു വഴിയൊരുക്കി നൂറുമേനി കൊയ്യുകയാണ് ബംഗളുരു സ്വദേശിയായ മുനിരാജു എന്ന കർഷകൻ.

പട്ടണങ്ങളിൽ നിന്നും ഒഴുക്കിവിടുന്ന മലിനജലം കൃഷിക്കായി പല കർഷകരും ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികളിലും മറ്റും വലിയ തോതിൽ വിഷാംശം അടങ്ങുന്നതായി കണ്ടെത്തിയിരുന്നു. ഇത് പല തരം രോഗങ്ങൾ പടർന്നു പിടിക്കുന്നതിനും കാരണമായി. ഇതിനെ തുടർന്ന് പച്ചക്കറി അല്ലാതെ, എന്നാൽ ലാഭം കിട്ടുന്ന വേറെ എന്തു കൃഷി ചെയ്യാം എന്ന അന്വേഷണത്തിനൊടുവിലാണ് മൾബറി കൃഷി ചെയ്യാൻ മുനിരാജു തീരുമാനിച്ചത്. പാകമായ മൾബറി ഇലകൾ പട്ടുനൂൽ ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങൾക്കു നൽകുകയാണ് മുനിരാജു ചെയ്യുന്നത്.

Muniraju Grab image facebook

മഴക്കാലത്തു പട്ടണപ്രദേശങ്ങളിൽ നിന്നും വലിയ അളവിൽ മലിനജലം ഒഴുകിയെത്താറുണ്ട്. ഇവ വലിയ കുഴികളിൽ സംഭരിച്ചാണ് മുനിരാജു കൃഷിക്കായി ഉപയോഗിക്കുന്നത്. മലിനജലവും അവ ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന പച്ചക്കറികളും ആരോഗ്യത്തിനേറെ ഭീഷണിയുയർത്തുമ്പോൾ അത് ഫലപ്രദമായ രീതിയിൽ ഉപയോഗിച്ചു ശ്രദ്ധനേടുകയാണ് ഈ കർഷകൻ.

മൾബറി ഇലകൾ വിളവെടുത്ത് പട്ടുനൂൽ ഉൽപാദന കേന്ദ്രങ്ങളിൽ വിൽക്കുന്നതിൽ നിന്നും നല്ല വരുമാനമാണ് മുനിരാജുവിനു ലഭിക്കുന്നത്. ജലക്ഷാമം മൂലം വിഷമയമായ മലിനജലം കൊണ്ടു പച്ചക്കറി കൃഷി ചെയ്യാൻ നിർബന്ധിതരാകുന്ന കർഷകർക്കു പ്രചോദനമാകുകയാണ് മുനിരാജുവിൻ്റെ ഈ കൃഷി രീതി.