Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഡൂരിൽ കാട്ടാനകൾ നാട്ടിലിറങ്ങി: വ്യാപക നാശനഷ്ടം

വനാതിർത്തിയും കടന്നു നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം ഒരു രാത്രിയും പകലും ജനങ്ങളെ മുൾമുനയിൽ നിർത്തി. കാസർഗോഡ് അഡൂർ ടൗണിൽ നിന്നു 3 കിലോമീറ്റർ മാത്രം അകലെയുള്ള തലപ്പച്ചേരി, ചന്ദ്രംബയൽ പ്രദേശങ്ങളിലാണ് കാട്ടാനകളിറങ്ങി ഭീതിവിതച്ചത്. കർണാടക അതിർത്തിയിലെ റോഡരികു വരെ ആനക്കൂട്ടം മുൻപും എത്തിയിരുന്നെങ്കിലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെയെത്തുന്നത് ആദ്യമാണ് .വിവരമറിഞ്ഞു വനപാലകർ രാത്രി തന്നെ സ്ഥലത്തെത്തിയെങ്കിലും സ്വകാര്യവനത്തിലേക്കു കടന്ന ആനക്കൂട്ടത്തെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം രാത്രി 10.45 നാണ് നാടിനെ വിറപ്പിച്ച് ആനകളെത്തിയത്. 

കർണാടക വനത്തിൽ നിന്നു തലപ്പച്ചേരി വഴി ഇറങ്ങിയ ആനക്കൂട്ടം ഒരു കിലോമീറ്ററിലേറെ വീടുകൾക്കിടയിലൂടെയും തോട്ടത്തിലൂടെയും നടന്നു നീങ്ങി. നിരവധി കർഷകരുടെ വാഴകളും തെങ്ങും ഇവ തകർത്തെറിഞ്ഞു. നാട്ടുകാരും വനപാലകരും സ്ഥലത്തെത്തി പടക്കം പൊട്ടിക്കുകയും തീയിടുകയും ചെയ്തതോടെ ആനകൾ ചന്ദ്രംബയലിലെ സീനപ്പനായിക്കിന്റെ സ്വകാര്യവനത്തിലേക്കു കയറി.

നിറയെ മരങ്ങളും കുറ്റിക്കാടുകളുമുള്ള ഇവിടേക്കു കടന്ന ആനകളെ രാത്രി തന്നെ പുറത്തിറക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും ഫലിച്ചില്ല.നേരം വെളുത്തതോടെ പുറത്തേക്ക് ഇറങ്ങാതിരിക്കാനായി ശ്രമം. നാലു ഭാഗത്തും വീടുകളുള്ളതിനാൽ പകൽ പുറത്തിറങ്ങുന്നതിലെ അപകടം തിരിച്ചറിഞ്ഞാണ് തടഞ്ഞത്.

ആളുകൾ തടിച്ചുകൂടി

കാട്ടാനക്കൂട്ടം നാടിനെ വിറപ്പിച്ചപ്പോഴും മൊബൈൽ ക്യാമറയും പിടിച്ച് ചിലർ ഇതും ആഘോഷമാക്കി. വനംവകുപ്പിന്റെ മുന്നറിയിപ്പു ലംഘിച്ചു ചിലർ ഫോട്ടോയെടുക്കാൻ തിരക്കു കൂട്ടി. വനപാലകർ ഇടപെട്ടതോടെയാണ് ഫോട്ടോയെടുപ്പ്് നിർത്തിയത്.ആനയിറങ്ങിയതറിഞ്ഞു നിരവധി പേരാണ് സ്ഥലത്തെത്തിയത്. ഡിഎഫ്ഓ എം.രാജീവൻ, റേഞ്ച് ഓഫിസർ എൻ.അനിൽ കുമാർ, ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം.കെ.നാരായണൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും വനപാലകർക്കൊപ്പം ആനകളെ തുരത്താനിറങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എ.മുസ്തഫ ഹാജി, വൈസ് പ്രസിഡന്റ് ടി.നിർമല, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ.പി.ഉഷ തുടങ്ങിയവരും സ്ഥലത്തെത്തി.