Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പക്ഷിസങ്കേതത്തിൽ വിരുന്നെത്തിയ രാജഹംസം കൗതുകമാകുന്നു!

രാജഹംസം (ഗ്രേറ്റർ ഫ്ലെമിംഗോ)

തട്ടേക്കാട്‌ പക്ഷിസങ്കേതത്തിൽ ആദ്യമായി വിരുന്നെത്തിയ രാജഹംസം കൗതുകമായി. ഗ്രെയ്‌റ്റർ ഇന്ത്യൻ ഫ്ലെമിംഗോ എന്ന പേരിൽ അറിയപ്പെടുന്ന രാജഹംസം വലുപ്പം കൊണ്ടും രൂപഭംഗി കൊണ്ടും ആരെയും ആകർഷിക്കുന്നതാണ്‌. 

ഗുജറാത്തിലെ കച്ചിലും സൈബീരിയ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും കണ്ടുവരുന്ന പക്ഷി തീർഥാടനത്തിനിടയിൽ ഗജ ചുഴലിക്കാറ്റിൽ അകപ്പെട്ടു വഴിതെറ്റി വന്നതാണെന്നു സംശയിക്കുന്നു. 

ഭൂതത്താൻകെട്ട്‌ സംഭരണിയിലെ ജലാശയത്തിൽ വീണുകിടക്കുന്ന അവസ്ഥയിൽ വനപാലകരാണു ദേശാടനപ്പക്ഷിയെ കണ്ടെത്തിയത്‌. റോസും വെള്ളയും ഇടകലർന്ന തൂവലും നീളമേറിയ ചുണ്ടുമുള്ള പക്ഷിയുടെ കഴുത്ത്‌ പാമ്പിനെ അനുസ്‌മരിപ്പിക്കുന്നതാണ്‌. 3 കിലോ തൂക്കം വരുന്ന പക്ഷിക്കു 4 അടിയോളം ഉയരമുണ്ട്‌. 

വെള്ളത്തിലും കരയിലുമുള്ള ചെറുപ്രാണികളും സസ്യങ്ങളുടെ വിത്തുകളുമാണു പ്രധാന ആഹാരം. രാജ്യത്തെ കടൽക്കരയിലെ ചതുപ്പുകളിലാണ്‌ ഇവ കൂട്ടമായി വസിക്കുന്നത്‌. നവംബർ, ഡിസംബർ മാസങ്ങളിൽ കൂട്ടമായി ദേശാടനം ചെയ്യും. 

കടൽക്കരയിലെ ചതുപ്പിൽ ഉയരത്തിൽ മൺകൂനകൾ ഉണ്ടാക്കി അതിനു മുകളിലെ കുഴികളിലാണു മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്നത്‌. കാലിനു നേരിയ പരുക്കേറ്റിട്ടുള്ള രാജഹംസത്തെ ഏതാനും ദിവസത്തെ പരിചരണത്തിനു ശേഷം കാട്ടിൽ തുറന്നുവിടുമെന്നു പക്ഷിസങ്കേതം അധികൃതർ അറിയിച്ചു.