Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീന്തി നടക്കാൻ കൃത്രിമക്കാല്: 20 വർഷത്തിനുശേഷം റോക്കി കടലിലേക്ക്!

sea turtle Image Credit: SWNS

ഒടുവിൽ റോക്കി നീന്തി തുടങ്ങി.ഒന്നും രണ്ടുമല്ല നീണ്ട ഇരുപതു വർഷത്തെ കാത്തിരിപ്പിനുശേഷമാണ് റോക്കി എന്ന കടലാമ തിരികെ കടലിലെത്തിയത്. കൃത്രിമ കാൽ ഉപയോഗിച്ചാണ് റോക്കി ഇപ്പോൾ നീന്തുന്നത്. റോക്കിക്ക് 25നും 30നും ഇടയിൽ പ്രായം വരും. ഏകദേശം ഇരുപത് വർഷങ്ങൾക്കു മുൻപ് ഒരു ബോട്ട് ഇടിച്ചുണ്ടായ അപകടത്തിൽ റോക്കിയുടെ പുറംതോടു പൊട്ടുകയും മുൻകാലിനു സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. 

ഇതേത്തുടർന്ന് 2001 മുതൽ ഫ്ലോറിഡയിലെ കീ വെസ്റ്റ് അക്വേറിയത്തിന്റെ സംരക്ഷണയിലായിരുന്നു റോക്കി.  പുറം തോടിനു ക്ഷതമേറ്റതിനെത്തുടർന്ന് ലൈഫ് ജാക്കറ്റിനു സമാനമായ ഒരു ഉപകരണം ഉപയോഗിച്ചാണ് റോക്കി കഴിഞ്ഞ കാലമത്രയും ജീവിച്ചത്. 

അക്വേറിയം അധികൃതരുടെ അഭ്യർത്ഥനപ്രകാരം കൃത്രിമ കൈകാലുകൾ നിർമ്മിക്കുന്ന ഹാങ്ങർ ക്ലിനിക്കിന്റെ ഉടമസ്ഥൻ കെവിൻ കരോൾ ആണ് റോക്കിയുടെ  സഹായത്തിനെത്തിയത്. റോക്കിക്കു വേണ്ടി 6000 ഡോളറോളം ചിലവുവരുന്ന കൃത്രിമ കാൽ മൃഗസ്നേഹിയായ കെവിൻ തന്റെ ഒഴിവുസമയങ്ങളിലാണു നിർമ്മിച്ചത്.

ഈ കഴിഞ്ഞ സെപ്റ്റംബറിലാണ് റോക്കിക്ക് കൃത്രിമക്കാൽ നൽകിയത്. അന്നുമുതൽ റോക്കിക്ക്‌ ദിവസവും ഓരോ മണിക്കൂർ വീതം കൃത്രിമക്കാൽ  ഉപയോഗിച്ചു നീന്താനുള്ള പരിശീലനം നൽകി വരികയായിരുന്നു അക്വേറിയം അധികൃതർ.