Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്തിരിക്കുഞ്ഞനാണെങ്കിലും ആള് കേമനാണ് കേട്ടോ; പറക്കുന്നത് 26000 കിലോമീറ്റർ!

willow warblers

ശരീരത്തിന്റെ വലുപ്പച്ചെറുപ്പം കഴിവിന്റെയോ ആരോഗ്യത്തിന്റെയോ അളവു കോലല്ലെന്നു മനസ്സിലാക്കാന്‍ ഈ ഇത്തിരി കുഞ്ഞന്‍ പക്ഷിയുടെ ജീവിതത്തെക്കുറിച്ചു കേട്ടാല്‍ മാത്രം മതി. വില്ലോ ബാര്‍ബ്ലര്‍ എന്ന ഈ കിളികള്‍ പാട്ടുകാരും പൂവിലെ തേനുണ്ടു ജീവിക്കുന്നവരുമൊക്കെയാണ്. എന്നാല്‍ ഇതു മാത്രമല്ല വര്‍ഷത്തില്‍ 26000 കിലോമീറ്റര്‍ യാത്ര ചെയ്യുന്നവര്‍ കൂടിയാണ് ഈ കൂട്ടര്‍. കുഞ്ഞന്‍ പക്ഷികളുടെ വിഭാഗത്തില്‍ ഏറ്റവും ദൂരം പറക്കുന്നവരാണ് വില്ലോ ബാര്‍ബ്ലര്‍ പക്ഷികളെന്നു ഗവേഷകര്‍ കണ്ടെത്തിയത് അടുത്തിടെയാണ്.

വടക്കു കിഴക്കന്‍ റഷ്യയില്‍ നിന്നു തെക്കേ ആഫ്രിക്ക വരെ

ശൈത്യകാലത്തിന്റെ ആരംഭത്തില്‍ റഷ്യയിലെ സൈബീരിയന്‍ മേഖലകളില്‍ നിന്നാണ് വില്ലോ ബാര്‍ബ്ലറുടെ സഞ്ചാരം തുടങ്ങുക. തുടര്‍ന്ന് ഏകദേശം നാലു മാസം കൊണ്ട് ദേശാടനം പൂര്‍ത്തിയാകും. 93 മുതല്‍ 124 ദിവസം വരെയാണ് ഈ യാത്ര പൂര്‍ത്തിയാക്കാന്‍ വില്ലോ ബാര്‍ബ്ലര്‍ കിളികള്‍ എടുക്കുന്ന സമയം. ആഫ്രിക്കന്‍ രാജ്യങ്ങളായ കെനിയയിലോ ടാന്‍സാനിയയിലോ ആണ് കിളികള്‍ സഞ്ചാരം അവസാനിപ്പിക്കുക. ഇടയ്ക്കിടെ വിശ്രമം ആവശ്യമാണെന്നതിനാല്‍ ഇവ കടലിനു മുകളിലൂടെ പറക്കാറില്ല. റഷ്യയില്‍ നിന്ന് മധ്യേഷ്യ വഴി സഹാറയ്ക്കു മുകളിലൂടെയാണ് ഇവയുടെ സഞ്ചാരം.

രണ്ടാഴ്ച വരെ തുടര്‍ച്ചയായി പറക്കാന്‍ ഇവയ്ക്കു കഴിയും. തുടര്‍ച്ചായുള്ള പറക്കലിനു ശേഷം രണ്ടാഴ്ച വരെ ഇവ ഒരു സ്ഥലത്തു വിശ്രമിക്കുകയും ചെയ്യും. ഭക്ഷണത്തിന്റെ ലഭ്യത അനുസരിച്ചായിരിക്കും പറക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം തീരുമാനിക്കുക. പൂക്കളില്‍ നിന്നു ലഭിക്കുന്ന തേനും, പൂക്കളില്‍ തന്നെ കാണപ്പെടുന്ന ചെറു ജീവികളെയുമാണ് ഇവ ഭക്ഷിക്കുക. അപൂര്‍വമായി മറ്റു ചെറു പ്രാണികളെയും ഇവ ആഹാരമാക്കും. യാത്രയ്ക്കിടയിലും മറ്റും ഇണചേരുന്ന ഇവയുടെ പ്രജനനസ്ഥലം സൈബീരിയ തന്നെയാണ്. ജനിച്ച് മൂന്നു മാസത്തിനുള്ളില്‍ തന്നെ കുഞ്ഞന്‍ പക്ഷികളും മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന യാത്രയ്ക്കു തയാറാകും.

ഒക്ടോബര്‍ മാസത്തില്‍ തുടങ്ങുന്ന ഇവയുടെ യാത്ര അവസാനിക്കുന്നത് ജനുവരിയിലാണ്. പിന്നീടുള്ള രണ്ടു മാസക്കാലം ആഫ്രിക്കയിലുള്ള താമസത്തിനു ശേഷം മാര്‍ച്ചില്‍ മടക്കയാത്ര ആരംഭിക്കും. ജൂലൈ മാസത്തോടെ സൈബീരിയയില്‍ തിരിച്ചെത്തും. സൂര്യന്റെ സ്ഥാനവും ഭൂമിയുടെ കാന്തിക മേഖലയുമാണ് പക്ഷികള്‍ക്ക് ഈ ദീര്‍ഘദൂര യാത്രയില്‍ വഴികാട്ടികളാകുന്നതെന്നാണു ഗവേഷകര്‍ കരുതുന്നത്. കൂടാതെ പക്ഷികളുടെ ശാരീരിക സമയക്രമം യാത്രയ്ക്കിടയില്‍ അതാത് സ്ഥലങ്ങളിലെ സമയക്രമത്തിനനുസരിച്ചു മാറുന്നതായും ഗവേഷകര്‍ മനസ്സിലാക്കിയിട്ടുണ്ട്.

70000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ആര്‍ട്ടിക് ടേന്‍

ദേശാടനക്കിളികളിലെ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്നവരെന്ന ഖ്യാതി ആര്‍ട്ടിക് ടേന്‍ എന്ന പക്ഷിക്കാണ്. ഒരു ദിശയില്‍ മാത്രം 70000 കിലോമീറ്ററാണ് ഇവ സഞ്ചരിക്കുന്നത്. ആര്‍ട്ടിക് ടേനുമായി താരതമ്യപ്പെടുത്തുമ്പോള്‍ വില്ലോ ബാര്‍ബ്ലറുകളുടെ സഞ്ചാരം ഒന്നുമല്ലെന്നു തോന്നിയെങ്കില്‍ അത് തിരുത്താം. കാരണം ആര്‍ട്ടിക് ടേനിന്റെ പത്തിലൊന്നു വലുപ്പം പോലും വില്ലോ ബാര്‍ബ്ലറുകള്‍ക്കില്ല. അതായത് പറക്കാനുള്ള ശേഷിയും വേഗവും എല്ലാം ഇതിനനുസരിച്ചു കുറയും. പക്ഷെ ഈ കുറവുകളൊന്നും ആര്‍ട്ടിക് ടേന്‍ പറക്കുന്നതിന്റെ അഞ്ചിലൊന്നൊളം ദൂരം പറക്കുന്നതില്‍ നിന്ന് വില്ലോ ബാര്‍ബ്ലറുകളെ തടുക്കുന്നില്ല. 

4.5 ഇഞ്ചാണ് വില്ലോ ബാര്‍ബ്ലറുകളുടെ ശരാശരി ഉയരം. ശരാശരി ഒരു ദിവസത്തിന്റെ നാലിലൊന്ന് സമയമാണ് ഇവ പറക്കാനായി ഉപയോഗിക്കുന്നത്. ഒരു സെക്കന്റില്‍ 9 മീറ്ററാണ് ഇവയുടെ പറക്കലിന്റെ വേഗം. സൈബീരിയയില്‍ നിന്നുള്ള ഇവയുടെ യാത്രയുടെ തുടക്കത്തിലാണ് ഇവ വിശ്രമമില്ലാതെ ഏറ്റവുമധികം പറക്കുന്നത്. അഞ്ച് ആഴ്ചയോളം ഭക്ഷണം മാത്രം കഴിക്കാനുള്ള ഇടവേളകളെടുത്ത് ഇവ പറന്നെത്തുന്നത് മദ്ധ്യേഷ്യയിലാണ്. ഇവിടെ രണ്ടാഴ്ചത്തെ വിശ്രമത്തിന് ശേഷമാണ് ഇവ യാത്ര തുടരുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.