Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോയവരാരും മടങ്ങിയെത്തിയിട്ടില്ല ;നിഗൂഢതകൾ ഒഴിയാതെ മരിച്ചവരുടെ നഗരം!

Mysterious Village of Dargavs

റഷ്യയിലെ വടക്കൻ ഓസ്സെറ്റിയ എന്ന സ്ഥലത്ത് മനോഹരമായ ഒരു പുരാതന ഗ്രാമം ഉണ്ട്. 5 മലകൾക്ക് ഇടയിലായി സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിന്റെ ഭംഗി ആസ്വദിക്കാൻ പക്ഷേ അധികമാരും ചെന്ന് എത്താറില്ല. കാരണം അവിടെ പ്രവേശിക്കുന്നവർക്കു തിരികെ ജീവനോടെ മടങ്ങാനാവില്ല എന്നാണു വിശ്വാസം.

ദർഗാവ് എന്നാണ് ഇൗ ഗ്രാമത്തിന്റെ പേരെങ്കിലും മരിച്ചവരുടെ നഗരം എന്നാണ് ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്. വീടുകളുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന 99 തോളം കെട്ടിടങ്ങൾ ഇവിടെയുണ്ട്. എന്നാൽ ഒന്നിലധികം നിലകളുള്ള ഈ കെട്ടിടങ്ങളിലെ എല്ലാ നിലകളിലും ഉള്ളത് മനുഷ്യരുടെ അസ്ഥികൂടങ്ങൾ മാത്രമാണ്.ഈ കെട്ടിടങ്ങൾ ഗ്രാമവാസികളുടെ ശവകുടീരങ്ങളാണെന്നാണ് നിഗമനം. ഇതിനുള്ളിലെ ഓരോ അറകളും സൂചിപ്പിക്കുന്നത് കുടുംബത്തിലെ ഓരോ തലമുറകളെയാണെന്നും ഗവേഷകർ പറയുന്നു.  ഈ ഗ്രാമത്തിനു 400 വർഷത്തോളം പഴക്കമുള്ളതായി കണ്ടെത്തിയിരുന്നു. ഇവിടെത്തിയ മനുഷ്യരാരും തന്നെ ജീവനോടെ മടങ്ങിയെത്തിയിട്ടില്ല എന്നാണ് സമീപവാസികൾ വ്യക്തമാക്കുന്നത്.

ഏകദേശം 17 കിലോമീറ്റർ വിസ്തൃതിയുള്ള ഈ താഴ്‌വര അതുകൊണ്ടുതന്നെ തികച്ചും വിജനമായി ഒറ്റപ്പെട്ടു കിടക്കുകയാണ്. ഗ്രാമത്തിൽ ജീവിച്ചിരുന്നവർ മരണമടയുന്ന കടുംബാംഗങ്ങളെ ഈ നിർമ്മിതികൾക്കുള്ളിൽ തന്നെ അടക്കിയിരുന്നതായാണു കരുതപ്പെടുന്നത്. തോണിയുടെ ആകൃതിയിൽ നിർമിച്ച ചില ശവപ്പെട്ടികളും ഇവയ്ക്കുള്ളിൽ ഉള്ളതായി ഗവേഷകർ പറയുന്നു. എന്നാൽ ഇത് എന്തിനെ സൂചിപ്പിക്കുന്നുവെന്ന് ഇന്നും വ്യക്തമല്ല.

Mysterious Village of Dargavs

പതിനെട്ടാം നൂറ്റാണ്ടിൽ ഈ പ്രദേശത്ത് പ്ലേഗ് രോഗം പരന്നിരുന്നു എന്നാണ് ഒരു വിഭാഗം ഗവേഷകർ പറയുന്നത്.ഇതിനെ തുടർന്ന്  പുറത്തുനിന്നുള്ളവർ ഇവിടെയെത്താതിരിക്കുകയും ഗ്രാമത്തിലുള്ളവർക്കു പുറത്തുപോകാൻ സാധിക്കാതെ വരികയും ചെയ്തു.  ഈ രോഗംമൂലം ഇവിടെയുള്ളവർ മരണപ്പെടുകയും വീടുകളിൽ തന്നെ അടക്കുകയും ചെയ്തു എന്നാണ് ഗവേഷകരുടെ വാദം. കാര്യമെന്തായാലും ഇപ്പോഴും ഈ ഗ്രാമത്തിലേക്കു കടക്കാൻ പുറത്തുള്ളവർക്കു ഭയമാണ്.