തരിശു ഭൂമിയില്‍ നിന്ന് കൃഷിഭൂമിയായി മാറിയ ജഭുവ!

River
SHARE

ഗുജറാത്ത്, മധ്യപ്രദേശ് അതിര്‍ത്തിയോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന മധ്യപ്രദേശിലെ ഒരു ജില്ലയാണ് ജഭുവ. മധ്യ ഇന്ത്യയിലെ പല പ്രദേശങ്ങളെയും പോലെ വരള്‍ച്ചയും , ദാരിദ്ര്യവും നിരന്തരം അലട്ടുന്ന മേഖല. എന്നാല്‍ ജഭുവയിലെ ഏതാനും ഗ്രാമങ്ങള്‍ മാത്രം ഇപ്പോള്‍ ഈ തീരാ ദുരിതത്തില്‍ നിന്ന് പുറത്തേക്കുള്ള പാതയിലാണ്. മേഖലയുടെ നട്ടെല്ലായ കൃഷിക്ക് ഏറ്റവും വലിയ ഭീഷണിയായിരുന്ന വരള്‍ച്ചയെ മറികടക്കാനുള്ള മാർഗം കണ്ടെത്തിയതാണ് ഈ പുതിയ ഉണര്‍വിനു കാരണമായത്. ഇതിനു പ്രദേശവാസികളെ സഹായിച്ചത് മേഖലയില്‍ നിർമിക്കപ്പെട്ട അനവധി ചെറു ഡാമുകളാണ്.

വരള്‍ച്ചയിലേക്കു നയിച്ച കാരണങ്ങള്‍

Drought

ഗംഗ , യമുന, നര്‍മ്മദ തുടങ്ങി നിരവധി നദികളാല്‍ സമൃദ്ധമാണെങ്കിലും ഈ മേഖല പലപ്പോഴും വന്‍ വരള്‍ച്ചകളെ നേരിടുന്ന പ്രദേശം കൂടിയാണ്. മഴയെ മാത്രം ആശ്രയിച്ചാണ് ഈ പ്രദേശങ്ങളിലെ കൃഷി നിലനില്‍ക്കുന്നത്. നദികളിലൂടെ ഒഴുകുന്ന ജലവും, മഴയിലെത്തുന്ന ജലവും ഒഴുകി പോവുന്നതല്ലാതെ മണ്ണിലേക്ക് ആഴ്ന്നിറങ്ങുകയോ , ഭൂഗര്‍ഭജലമായി മാറുകയോ ചെയ്യില്ല. ഈ മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഇതിനു കാരണം. അതുകൊണ്ട് തന്നെ മഴ ലഭിക്കാതെ വരുന്നതോടെ കൃഷിനാശവും പട്ടിണിയും ഈ പ്രദേശത്തു നിത്യ സംഭവമായിരുന്നു. 

കഴിഞ്ഞ പതിറ്റാണ്ടിന്‍റെ പകുതിയോടെ കാര്‍ഷിക ചെലവുകള്‍ വർധിച്ചു കൃഷി പൂർണമായും ലാഭകരമല്ലാതായി. ഇതോടെ ഈ മേഖലയിലെ കൃഷിക്കാര്‍ ദിവസക്കൂലി ലഭിക്കുന്ന ജോലികള്‍ക്കായി നഗരങ്ങളിലേക്കു കുടിയേറി. പലരും അത്മഹത്യ ചെയ്തു. പ്രദേശം പൂർണമായും സാമ്പത്തിക സാമൂഹിക പാരിസ്ഥിതിക ദുരന്തത്തിലേക്കു പോകുന്നതിനിടയിലാണ് എന്‍.എം സദ്ഗുരു ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ ഇവിടേയ്ക്കു രക്ഷകരായി എത്തുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഫലപൂയിഷ്ഠമായ പ്രദേശത്തെ തിരികെ കാര്‍ഷിക സമൃദ്ധിയിലേക്കു കൊണ്ടുവരാനുള്ള ദൗത്യമാണ് ഈ എന്‍ജിഒ ഏറ്റെടുത്തത്.

ചെക്ക് ഡാമുകള്‍ എന്ന ആശയം

check Dam

വലിയ ഡാമുകളും കനാലുകളും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും നിരവധി എതിര്‍പ്പുകളും സൃഷ്ടിക്കുന്നവയാണ്. ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ തന്നെ കാലങ്ങളോളം സമയമെടുക്കും. എന്നാല്‍ ചെറിയ ചെക്ക് ഡാമുകള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. പാരിസ്ഥിതി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കില്ലെന്നു മാത്രമല്ല മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിച്ചാല്‍ ഒരു പ്രദേശത്തെ തന്നെ ഹരിതാഭമാക്കാന്‍ ചെക്ക് ഡാമുകളിലൂടെ സാധിക്കും. കൂടാതെ ഇതിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കുകയോ, ആളുകളെ കുടിയൊഴിപ്പിക്കുകയോ ചെയ്യേണ്ടതില്ല. ഇതുകൊണ്ടൊക്കെ തന്നെയാണ് ജഭുവ മേഖലയിലെ വരള്‍ച്ച മാറ്റാന്‍ സദ്ഗുരു ഫൗണ്ടേഷന്‍ നിയോഗിച്ച സുനിത ചൗധരിയും സംഘവും ചെക്ക് ഡാമുകളെ തിരഞ്ഞെടുത്തത്.

2008 ല്‍ ഛോട്ടാ ബീഹാര്‍ എന്ന ഗ്രാമത്തിലാണ് എന്‍ജിഒ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നര്‍മ്മദയുടെ കൈവഴിയായ സുഖന്‍ എന്ന നദിയാണ് ഈ മേഖലയിലൂടെ ഒഴുകുന്നത്. മഴ ലഭിക്കുമ്പോള്‍ നിറഞ്ഞൊഴുകുന്ന ഈ നദി മഴ പോകുന്നതോടെ വീണ്ടും വറ്റി വരളും. ഈ നദിയില്‍ ചെറിയ 21 തടയണകളാണ് എന്‍ജിഒ ഇക്കാലയളവില്‍ നിര്‍മ്മിച്ചത്. ജലത്തിന്‍റെ ഒഴുക്കിനെ തടസ്സപ്പെടുത്താത്ത എന്നാല്‍ ആവശ്യത്തിനുള്ള ജലം കെട്ടി നിര്‍ത്താന്‍ ഉതകുന്ന തടയണകള്‍. തുടക്കത്തില്‍ നിര്‍മ്മിച്ച മൂന്നു തടയണകളിലൂടെ ഏതാണ്ട് 100 ഏക്കറിലെ കൃഷിക്കാവശ്യമായ ജലം ലഭ്യമാക്കാനായി. ഇതോടെ ഈ മേഖലയിലേക്ക് കൃഷി അവസാനിപ്പിച്ച് ജോലി തേടി പോയവരെല്ലാം തിരിച്ചെത്തി.

ഇതോടെ കൂടുതല്‍ തടയണകള്‍ എന്‍ജിഒ നിര്‍മ്മിച്ചു. ഇതിനനുസരിച്ച് കൂടുതല്‍ പ്രദേശങ്ങളില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാന്‍ ആരംഭിച്ചു. തടയണകളില്‍ വെള്ളം കെട്ടി നിര്‍ത്തിയതോടെ പ്രദേശത്ത് ഭൂഗര്‍ഭജലവും നിറയാന്‍ തുടങ്ങി. ഇതോടെ നദിയില്‍ ഒഴുക്കു തീരെ കുറഞ്ഞ് വെള്ളം ഇല്ലാതായി തുടങ്ങുമ്പോള്‍ കിണറുകളില്‍ നിന്നും കുളങ്ങളില്‍ നിന്നും വെള്ളം കൃഷിക്കാര്‍ക്കു ലഭ്യമാകുകയും ചെയ്തു. 2008 ല്‍ ആരംഭിച്ച പദ്ധതി ഇന്ന് ഛോട്ടാ ബീഹാര്‍ ഉള്‍പ്പടെയുള്ള ജഭുവയിലെ ഏഴ് ഗ്രാമങ്ങളുടെ ജീവനാഡിയാണ്. വെള്ളം ലഭിക്കാത്തതു മൂലം ഒരു വിളവിനു പോലും കൃഷിയിറക്കാന്‍ മടിച്ച കൃഷിക്കാര്‍ക്ക് ഇന്ന് വര്‍ഷത്തില്‍ മൂന്നു വിളവാണു ലഭിക്കുന്നത്.

ഇന്ന് ഒരാഴ്ചയില്‍ ഒരു കൃഷിക്കാരന്‍ ശരാശരി അന്‍പത് ലിറ്റര്‍ വെളളം വരെ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നു. വെള്ളം കുറവ് മാത്രം ആവശ്യമുള്ള പരിപ്പ് കടല ഇനങ്ങളും ചോളവും മറ്റുമാണ് മേഖലയിലെ പ്രധാന കൃഷി. അഞ്ചേക്കര്‍ വിസ്തൃതിയുള്ള ഒരു കൃഷിയിടത്തില്‍ നിന്ന് ലഭിക്കുന്ന വിളവില്‍ മുന്‍പുള്ളതിലും 60 ശതമാനം വരെ അധിക വര്‍ദ്ധനവും രേഖപ്പെടുത്തുന്നുണ്ട്. വന്‍ഡാമകളും കനാലുകളും മാത്രമാണ് ജലസേനചനത്തെക്കുറിച്ചു പറയുമ്പോള്‍ ആളുകള്‍ ചിന്തിക്കുന്നത് , ഇവയിലും പതിന്മടങ്ങു ഗുണകരമാണ് ചെറിയ തടയണകളെന്നു പദ്ധതിക്കു നേതൃത്വം നല്‍കിയ സുനിത ചൗധരി പറയുന്നു.

ഒരു ചെക്ക് ഡാമിന്‍റെ നിര്‍മ്മാണത്തിന് ശരാശരി 4 കോടി രൂപയാണ് ചിലവായത്. ചെക് ഡാമുകളുടെ വലുപ്പമനുസരിച്ച് ഈ തുക കൂടിയും കുറഞ്ഞും ഇരിക്കും. കൊക്കക്കോള കമ്പനി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി സ്കീം വഴിയാണ് പദ്ധതിക്കുള്ള പണം എന്‍ജിഒയ്ക്ക് നല്‍കിയത്. ബുന്ദേല്‍ഘണ്ട് പ്രദേശത്തെ തന്നെ ഗോപാല്‍പുര, ഭീംപുര തുടങ്ങിയ പ്രദേശങ്ങളിലും സമാനമായ പദ്ധതി  നടപ്പിലാക്കിയിരുന്നു. ആകെ 130 ഗ്രാമങ്ങളിലെ കൃഷി ഇത്തരം തടയണകളുടെ നിർമാണത്തിലൂടെ വീണ്ടെടുക്കാനായി എന്നാണു വിലയിരുത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA