മഞ്ഞുപാളിക്കൾക്കടിയിലെ തടാകത്തില്‍ ഗവേഷകരെ കാത്തിരിക്കുന്ന അദ്ഭുതം?

Lake-Mercer
SHARE

ഒരു കിലോമീറ്ററിലധികം ആഴവും പരാവധി രണ്ട് കൈപ്പത്തിയുടെ മാത്രം വീതിയുമുള്ള ഒരു തുരങ്കമാണ് ഗവേഷകര്‍ അന്‍റാര്‍ട്ടിക്കിലെ മഞ്ഞുപാളിയില്‍ സൃഷ്ടിച്ചത്. ലേക്ക് മെര്‍സര്‍ എന്ന തടാകത്തിലേക്ക് എത്തിച്ചേരാനായിരുന്നു ഈ നീളന്‍ തുരങ്കത്തിന്‍റെ നിര്‍മാണം. അന്‍റാര്‍ട്ടിക്കിലെ മഞ്ഞുപാളിയില്‍ ഏറ്റവും ആഴത്തില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ തുരങ്കമാണിത്. നാലായിരം അടി താഴ്ചയാണ് തുരങ്കത്തിനുള്ളത്. സബ് ഗ്ലേഷ്യല്‍ അന്‍റാര്‍ട്ടിക്ക് ഗ്ലേസിയര്‍ സയന്‍റഫിക് ആക്സസ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ തുരങ്കം ലേക്ക് മെര്‍സറിലേക്കു നിര്‍മിച്ചത്.

നഷ്ടപ്പെട്ട തടാകം

ലോസ്റ്റ് ലേക്ക്, അഥവാ നഷ്ടപ്പെട്ട തടാകം എന്നാണ് ലേക്ക് മെര്‍സറിന്‍റെ മറ്റൊരു പേര്. കിലോമീറ്ററുകള്‍ കട്ടിയുടെ മഞ്ഞുപാളിക്ക് അടിയില്‍ ഒളിഞ്ഞു കിടക്കുന്നതിനിലാണ് ഈ തടാകത്തിന് ഇങ്ങനെയൊരു പേരു ലഭിച്ചത്. സാറ്റലൈറ്റ് പരിശോധനയിലൂടെയാണ് ഈ തടാകത്തിന്‍റെ സാന്നിധ്യം ശാസ്ത്രലോകം കണ്ടെത്തിയത്. ലോസ്റ്റ് ലേക്ക് മാത്രമല്ല ഇത്തരത്തില്‍ നൂറിലധകം തടാകങ്ങള്‍ അന്‍റാര്‍ട്ടിക്കിലെ മഞ്ഞിനടിയില്‍ മറഞ്ഞു കിടക്കുന്നുണ്ട്. ഇവയെ എല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന ചെറു അരുവികളും മഞ്ഞിനടിയിലൂടെ ഒഴുകുന്നുണ്ട്.

മറഞ്ഞു കിടക്കുന്ന ഈ ഭൂഭാഗത്ത് നിന്ന് സാംപിളുകള്‍ ശേഖരിച്ചു പഠനം നടത്തുക എന്ന ഉദ്ദേശത്തിലാണ് തുരങ്കം നിര്‍മ്മിച്ചത്. ഡിസംബര്‍‍ 30 നാണ് തുരങ്കത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായത്. മണ്ണില്‍ തുരങ്കനിര്‍മാണത്തിനുപയോഗിക്കുന്ന യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള കുഴിക്കല്‍ സാധ്യമല്ലാത്തതിനാല്‍ ചൂടു വെള്ളം ഉപയോഗിച്ചാണ് ഈ തുരങ്കനിർമാണം നടത്തിയത്. താരതമ്യേന വലിയ പൈപ്പില്‍ നിന്നു പെന്‍സിലിന്‍റെ മാത്രം വലുപ്പമുള്ള സുഷിരത്തിലൂടെ ചൂടു വെള്ളം ശക്തിയായി പുറത്തേക്കു വമിപ്പിച്ചായിരുന്നു തുരങ്കനിര്‍മാണം.

പഠനത്തിന്‍റെ ആവശ്യകത

തുരങ്കത്തിന്‍റെ ആഴം വച്ചു നോക്കിയാല്‍ അന്‍റാര്‍ട്ടിക്കിലെ മഞ്ഞു പാളിയില്‍ കുഴിക്കുന്ന ഏറ്റവും വലിയ തുരങ്കമൊന്നുമല്ല ലോസ്റ്റ് ലേക്കിലേത്. പക്ഷേ ഇതാദ്യമായാണ് തുരങ്കനിര്‍മാണം പൂര്‍ത്തിയാക്കി മഞ്ഞിനടിയിലെ തടാകത്തിലേക്കു വരെ പൂർണമായും എത്താന്‍കഴിയുന്നത്. 2013 ല്‍ റഷ്യന്‍ ഗവേഷകര്‍ വോസ്ടോക് തടാകത്തിലേക്കെത്തിച്ചേരാന്‍ കുഴിച്ച തുരങ്കമാണ് അന്‍റാര്‍ട്ടിക്കിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത ദ്വാരം. 4 കിലോമീറ്ററോളം ആഴത്തിൽ അന്നു കുഴിച്ചെങ്കിലും തടാകത്തിലേക്കു തലനാരിഴ വ്യത്യാസത്തില്‍ എത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ മഞ്ഞുവീണ് തുരങ്കം മൂടുകയായിരുന്നു.

അതുകൊണ്ട് തന്നെ ലോസ്റ്റ് ലേക്കിലേക്ക് എത്തിച്ചേരാനും തടാകത്തിലെ വിശദാംശങ്ങള്‍ ശേഖരിക്കാനും കഴിയുന്നത് അന്‍റാര്‍ട്ടിക്കിനെ കുറിച്ചുള്ള പഠനത്തില്‍ വഴിത്തിരിവാകുമെന്നാണു കരുതുന്നത്. പുറം ലോകവുമായി ദശലക്ഷക്കണക്കിനു വര്‍ഷങ്ങളായി ബന്ധമില്ലാതെ കിടക്കുന്നവയാണ് അന്‍റാര്‍ട്ടിക്കിലെ തടാകങ്ങള്‍. അതുകൊണ്ട് തന്നെ ഇതുവരെ കണ്ടെത്താത്താ അപൂര്‍വ്വ ജൈവവൈവിധ്യം ഒരു പക്ഷേ തടാകത്തില്‍ ഉണ്ടായേക്കാമെന്നാണു ഗവേഷകരുടെ പ്രതീക്ഷ. ഇതു മാത്രമല്ല കിലോമീറ്ററുകള്‍ കട്ടിയുള്ള മഞ്ഞു പുതപ്പിനടിയില്‍ എങ്ങനെ അരുവികള്‍ ഒഴുകുന്നു എന്നതും, തടാകങ്ങള്‍ രൂപപ്പെടുന്നു എന്നതും ഇപ്പോഴും ശാസ്ത്രത്തെ വിസ്മയിപ്പിക്കുന്ന കാര്യമാണ്. ഇതിനും ഉത്തരം കണ്ടെത്താന്‍ ഈ ഗവേഷണത്തിലൂടെ സാധിച്ചേക്കും.

ഗവേഷണത്തിന്‍റെ പ്രാഥമിക ഘട്ടം മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. തടാകത്തിന്‍റെ ആഴം അളക്കാനും, തടാകത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താനും സാധിച്ചിട്ടുണ്ട്. വിശദമായ ഗവേഷണത്തിനായി ഗ്രാവിറ്റി കോറര്‍ എന്ന യന്ത്രമാണ് ഗവേഷകര്‍ ഉപയോഗിക്കുക. ആറു മീറ്റര്‍ നീളമുള്ള ഈ യന്ത്രം തടാകത്തിലേക്കു തുരങ്കത്തിലൂടെ ഇടും. കുത്തനെ തടാകത്തിലേക്കു ശക്തിയായി പതിക്കുന്ന യന്ത്രത്തില്‍ വെള്ളത്തിന്‍റെയും അടിത്തട്ടിലെ മണ്ണിന്‍റെയും സാംപിളുകള്‍ ശേഖരിക്കപ്പെടും. തുടര്‍ന്ന് യന്ത്രം മുകളിലെത്തിച്ച് ഇവ പരിശോധിക്കാനുമാണ് ഗവേഷകരുടെ പദ്ധതി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA