sections
MORE

ലോകത്തെ ഏറ്റവും ഏകാകിയായ ഒച്ച് ജോർജിനു വിട ; ഒപ്പം ഒരു ജനുസ്സിനും!

Lonely George, the tree snail
SHARE

ഹവായിയന്‍ മരയൊച്ചു വിഭാഗത്തില്‍ പെട്ട ജോര്‍ജ് എന്നു പേരുള്ള ഒച്ചാണ് പുതുവര്‍ഷത്തിന്‍റെ ആദ്യം ജീവന്‍ വെടിഞ്ഞത്. ഹവായിയൻ മരയൊച്ചു വിഭാഗത്തിലെ അവസാന അംഗമായിരുന്നു ജോര്‍ജ്. പത്തു വര്‍ഷത്തോളമായി തന്‍റെ വർഗത്തില്‍ പെട്ട ഒരു ജീവിയുടെയും സഹവാസമില്ലാതെ കഴിഞ്ഞ ജോര്‍ജ് ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ഒച്ച് എന്നാണ് അറിയപ്പെട്ടിരുന്നത്. 14 വയസ്സുണ്ടായിരുന്ന ജോര്‍ജ് ഹവായിയിലെ സെലിബ്രിറ്റി ജീവികളില്‍ ഒന്നായിരുന്നു. 

ജോർജിന്റെ മരണം ഹവായിയന്‍ കാടുകളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവികളുടെ കൂട്ട വംശനാശത്തിന്‍റെ ഉദാഹരണം മാത്രമാണെന്നാണു പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. ജോര്‍ജിന്‍റ മരണം ഹവായ് ദ്വീപ് നേരിടുന്ന ഈ പ്രതിസന്ധിയെ ലോകശ്രദ്ധയിലേക്കെത്തിക്കാന്‍ ഉപയോഗിക്കാനാണ് ദ്വീപിലെ ലാന്‍ഡ് ആന്‍ഡ് നാച്വറല്‍ റിസോര്‍സ് വിഭാഗത്തിന്‍റെ തീരുമാനം. ഒരു നൂറ്റാണ്ടിനിടയിൽ ദ്വീപില്‍ നിന്ന് അപ്രത്യക്ഷമായ അപൂർവ ജീവികളുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണെന്നും ഇവര്‍ പറയുന്നു.

ജോര്‍ജ്

കാടുകളില്‍ ജീവിക്കുന്ന മരയൊച്ചു വിഭാഗത്തില്‍ പെട്ടതായിരുന്നു ജോര്‍ജ് എങ്കിലും ഈ ഒച്ച് ജനിച്ചു വീണത് ലാബിലാണ്. അതുകൊണ്ട് തന്നെ തന്‍റെ 14 വര്‍ഷത്തെ ജീവിതത്തിനിടെ ജോര്‍ജ് കാട് കണ്ടിട്ടില്ല. പിന്‍റാ ദ്വീപിലെ വംശനാശം സംഭവിച്ച ആമവർഗത്തിലെ അവസാന ജീവിയായ  ലോണ്‍സം ജോര്‍ജില്‍ നിന്നാണ് ഹവായിലെ ഈ ഒച്ചിന് ഗവേഷകര്‍ പേരു നല്‍കിയത്. പേര് അറം പറ്റിയതു പോലെ തന്‍റെ വംശത്തെ നിലനിര്‍ത്താന്‍ കഴിയാതെ വന്ന അവസാന അംഗമായി മാറി ജോര്‍ജ് എന്ന ഒച്ചും മരണത്തിനു കീഴടങ്ങി.

ആണ്‍ പെണ്‍ പ്രത്യുൽപാദന അവയവങ്ങളുമായി ജനിച്ച ജോർജിന് ഏതെങ്കിലും ഒരു ഇണയെ കിട്ടിയിരുന്നെങ്കില്‍ ഒരു പക്ഷെ ഈ വംശം നിലനിന്നു പോയേനെ. പക്ഷെ പ്രത്യൽപാദന ശേഷി കൈവരിക്കുന്ന നാലു വയസ്സ് ജോര്‍ജിനു പൂര്‍ത്തിയാകും മുന്‍പ് തന്നെ ജോര്‍ജിനൊപ്പം ജനിച്ചതും മുന്‍പുണ്ടായിരുന്നതുമായ പതിനാറോളം ഒച്ചുകള്‍ ചത്തു പോയി. ഇതോടെ ഈ ജീവിവർഗത്തെ നിലനിര്‍ത്താമെന്ന ഗവേഷകരുടെ പ്രതീക്ഷ അവസാനിച്ചു.

വംശത്തെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ 

അച്ചാറ്റിനെല്ലാ അപെക്സ്ഫുല്‍വാ എന്ന ശാസ്ത്രനാമമുള്ള ഈ ഒച്ചിനെ 1780 കളിലാണ് ആദ്യമായി തിരിച്ചറിയുന്നത്. മരങ്ങളിലെ പായല്‍ തിന്നു ജീവിക്കുന്ന ഈ ഒച്ചുകള്‍ 1900 ത്തിന്റെ തുടക്കത്തില്‍ വരെ ഹവായിയിലെ കാടുകളില്‍ ധാരാളമായി കാണപ്പെട്ടിരുന്നു. ഒരു ദിവസം 10000 ഒച്ചുകളെ വരെ ലഭിച്ചതായി അക്കാലത്തെ  രേഖകള്‍ പറയുന്നു. എന്നാല്‍ 1997 ല്‍ കാടുകളില്‍ നിന്നു ഗവേഷക സംഘം അവശഷിക്കുന്നതായി കണ്ടെത്തി ലാബില്‍ എത്തിച്ചത് 10 ഒച്ചുകളെയാണ്. ഇവയെ സംരക്ഷിച്ച് പുനരുൽപാദനം നടത്തി വംശത്തെ നിലനിര്‍ത്താനായിരുന്നു പദ്ധതി.

എന്നാല്‍ ക്രമേണ അജ്ഞാതമായ കാരണങ്ങളാല്‍ ഇവ ഓരോന്നായി ചത്തുപോകാന്‍ തുടങ്ങി. ഇതിനിടെ ചില ഒച്ചുകളില്‍ പ്രത്യുൽപാദനം സാധ്യമാവുകയും കുട്ടികള്‍ ജനിക്കുകയും ചെയ്തു. ഇവയിലൊന്നായിരുന്നു ജോര്‍ജ്. എന്നാല്‍ വൈകാതെ തന്നെ മുന്‍പുണ്ടായിരുന്നവയോടൊപ്പം പുതുതായി ജനിച്ച ഒച്ചുകളും ലാബില്‍ വച്ചു തന്നെ ചത്തു. ശേഷിച്ചത് ജോര്‍ജ് മാത്രമായിരുന്നു. 4 വയസ്സ് പൂര്‍ത്തിയായി പ്രത്യുൽപാദന ശേഷി കൈവന്നപ്പോഴേക്കും ജോര്‍ജിന്‍റെ വംശത്തില്‍ ഒച്ചുകള്‍ ഒന്നും തന്നെ അവശേഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ 10 വര്‍ഷത്തോളം ഏകാന്തജീവിതം നയിച്ച ജോര്‍ജ് തന്‍റെ വംശത്തെ രേഖകളിലേക്കു മാത്രമായി ഒതുക്കിക്കൊണ്ട് വിടപറഞ്ഞു. 

കാടുകളില്‍ വംശനാശം സംഭവിക്കാനുള്ള കാരണങ്ങള്‍

മരയൊച്ചുകള്‍ക്ക് ഹവായിയന്‍ കാടുകളില്‍ വംശനാശം സംഭവിക്കാനുള്ള രണ്ട് കാരണങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. രണ്ടും മനുഷ്യ നിർമിതങ്ങളാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ബേസ് ബോര്‍ഡ് കാര്‍ഡുകളായി ഈ ഒച്ചുകളെ ഉപയോഗിക്കാന്‍ തുടങ്ങിയതാണ് ഒരു കാരണം. ഇതിനു വേണ്ടിയാണ് ഒരു ദിവസത്തില്‍ പതിനായിരം ഒച്ചുകളെയും മറ്റും കാടുകളില്‍ നിന്ന് പിടികൂടിയതും. അധിനിവേശ ഒച്ചുകളുടെ കടന്നു വരവാണ് മറ്റൊരു കാരണം. ആഫ്രിക്കന്‍ ലാന്‍ഡ് സ്നെയ്ല്‍ എന്ന അധിനിവേശ ഒച്ചാണ് ഇവിടേയ്ക്കു കപ്പല്‍ കയറി ആദ്യമെത്തിയത്. ഈ ഒച്ചുകളുടെ എണ്ണം വർധിച്ചതോടെ ഇവയെ നിയന്ത്രിക്കാന്‍ റോസ് വൂള്‍ഫ് എന്ന ഒച്ചിനെ ഹവായിലേക്ക് എത്തിച്ചു.

റോസ് വൂള്‍ഫ് ഒച്ചുകള്‍ മരയൊച്ചുകളുടെ എണ്ണം കൂട്ടത്തോടെ കുറയാന്‍ കാരണമായി. മറ്റ് ഒച്ചുകളെ തിന്നു ജീവിച്ചിരുന്നവയായിരുന്നു റോസ് വൂള്‍ഫ് ഒച്ചുകള്‍. ആഫ്രിക്കന്‍ ഒച്ചുകളെ കൊല്ലാനാണ് വുള്‍ഫ് ഒച്ചുകളെ കൊണ്ടുവന്നതെങ്കിലും ഇവ ലക്ഷ്യമിട്ടത് പാവം മരയൊച്ചുകളെയായിരുന്നു. കൂട്ടത്തോടെ വേട്ടയാടപ്പെട്ട മരയൊച്ചുകളുടെ എണ്ണത്തില്‍ വൈകാതെ ഗണ്യമായ കുറവുണ്ടായി. ഈ വേട്ടയാടലാണ് 1997 ല്‍ 10 എണ്ണം എന്ന നിലയിലേക്കു മരയൊച്ചുകളെ ചുരുക്കിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA