ഹിറ്റാച്ചിയുടെ സ്വന്തം മരം, പ്രതിവർഷം സമ്പാദിക്കുന്നത് ലക്ഷക്കണക്കിനു ഡോളറുകൾ!

the-hitachi-tree-in-hawaii
SHARE

ഹവായിയിലെ ഹോണോലുലു എന്ന സ്ഥലത്ത് സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു പാർക്കുണ്ട്. 24 ഏക്കർ വിസ്തൃതിയുള്ള മോണാലുവ എന്ന ഈ പാർക്കിന്റെ പരിപാലനത്തിനു വേണ്ടി ലക്ഷങ്ങൾ സമ്പാദിക്കുന്നത് അവിടുത്തെ ഒരു മരമാണ്. കാരണം ലോകപ്രശസ്ത ഇലക്ട്രോണിക്സ് നിർമാതാക്കളായ ഹിറ്റാച്ചി കമ്പനിയുടെ സ്വന്തം മരമാണിത്. 

1973 മുതൽ ഈ മരത്തിന്റെ ചിത്രമാണ് ഹിറ്റാച്ചി തങ്ങളുടെ കോർപ്പറേറ്റ് അടയാളമായി ഉപയോഗിക്കുന്നത്. ഹിറ്റാച്ചി കമ്പനി തങ്ങളുടെ വിശ്വസ്തതയുടെയും പരിസ്ഥിതി സൗഹാർദത്തിന്റെയും പ്രതീകമായാണ് ഈ മരത്തെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ കമ്പനിയുടെ പ്രശസ്തിക്കൊപ്പം ഹിറ്റാച്ചി മരവും പ്രശസ്തി നേടിയിട്ടുണ്ട്. ദിനം പ്രതി ആയിരക്കണക്കിനാളുകളാണ് ഹിറ്റാച്ചി മരത്തിനു സമീപം നിന്ന് ഫൊട്ടോ എടുക്കാനായി മാത്രം മോണാലുവ പാർക്കിലേക്കെത്തുന്നത്. 

മരത്തിൻറെ ചിത്രം ഹിറ്റാച്ചിയുടെ പരസ്യങ്ങളിലും മറ്റും ഉപയോഗിക്കുന്നതിനായി പാർക്കിന്റെ ഉടമസ്ഥനായിരുന്ന സാമുവൽ ഡാമണ്‍  പ്രതിവർഷം ഇരുപതിനായിരം യുഎസ് ഡോളറാണ് കമ്പനി നൽകിവന്നിരുന്നത്. സാമുവലിന്റെ മരണത്തിനുശേഷം 2004ൽ കയ്മന വെഞ്ചേഴ്സ് എന്ന പ്രാദേശിക സംഘം പാർക്കിന്റെ ഉടമസ്ഥത നേടി. ഇവർ  ഹിറ്റാച്ചിയുമായി ചർച്ചചെയ്തതിനെ തുടർന്ന്  മരത്തിന്റെ പ്രതിഫലം പ്രതിവർഷം നാലു ലക്ഷം യുഎസ് ഡോളറായി ഉയർത്തി. ഇപ്പോൾ വർഷാവർഷം പാർക്കിന്റെ പരിപാലനത്തിനു വേണ്ടി ചിലവാക്കുന്ന ആറുലക്ഷം യുഎസ് ഡോളറിൽ മുക്കാൽപങ്കും ഹിറ്റാച്ചി മരത്തിന്റെ സമ്പാദ്യത്തിൽനിന്നു തന്നെ ലഭിക്കുന്നുണ്ടെന്നു കയ്മന വെഞ്ചേഴ്സ്  പറയുന്നു

പാർക്കിലെ പുൽമേടുകളിലൊന്നിൽ കുട പോലെയുള്ള ശിഖരങ്ങളുമായി തലയെടുപ്പോടെയാണ് ഹിറ്റാച്ചി മരം നിൽക്കുന്നത്. ഏകദേശം 130 വർഷത്തോളം പഴക്കമുള്ള മരമാണിത്. 40 മീറ്റർ ചുറ്റളവിൽ പടർന്നുകിടക്കുന്ന ശിഖരങ്ങൾക്കു ചുവട്ടിൽ വിശ്രമിക്കാനെത്തുന്നവരും ഏറെയാണ്. മരത്തിൻറെ പ്രാധാന്യം കണക്കിലെടുത്ത് പ്രത്യേക സംരക്ഷണവും പാർക്ക് അധികൃതർ നൽകുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA