പുനർജന്മത്തിന് കനിവു തേടി ആ ആൽമരം

saving-peepal-tree-mission-bodhi
SHARE

കനിവു വറ്റാത്ത ഒരു കൂട്ടം ‘പച്ചമനുഷ്യർ’ ഒറ്റക്കെട്ടായി നിന്നപ്പോൾ രണ്ടാംജന്മത്തിലേക്കു തളിരിട്ട ആൽമരത്തെ ഓർമയില്ലേ? റോഡ് വീതികൂട്ടലിന്റെ ഭാഗമായി മാറഞ്ചേരി സെന്ററിൽ മുറിച്ചുനീക്കാൻ വിധിക്കപ്പെട്ട വൃക്ഷരാജാവിനു പ്രകൃതിസ്നേഹികളായ മനുഷ്യർ പുനർജന്മം സമ്മാനിച്ച കഥ ‘മനോരമ ഓൺലൈൻ’ കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ആൽമരവും അതിനെ ശുശ്രൂഷിക്കുന്ന മിഷൻ ബോധി പ്രവർത്തകരും വീണ്ടും പ്രതിസന്ധിയിലാണ്. പണത്തേക്കാളേറെ സാങ്കേതിക വിദഗ്ധരുടെ സഹായമാണ് ഇവർ തേടുന്നത്.

മുറിച്ചുമാറ്റാൻ മരാമത്തു വകുപ്പ് തീരുമാനിച്ചപ്പോൾ, 20 ടൺ ഭാരമുള്ള ആൽമരത്തെ വേരോടെ പിഴുതെടുത്തു കിലോമീറ്ററുകൾ അകലെയുള്ള പൊന്നാനിയിലേക്കു സാഹസികമായി മാറ്റി നട്ടെന്ന മനോരമ വാർത്ത സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. നൂറോളം മനുഷ്യർ 36 മണിക്കൂർ നീണ്ട ശ്രമദാനത്തിനൊടുവിലാണു മരത്തിനു രണ്ടാംജന്മം കിട്ടിയത്. വാർത്തയറിഞ്ഞ് ഒരുപാടുപേർ ധനസഹായം നൽകി. ഒരു ലക്ഷത്തോളം രൂപ മരത്തിനു ചെലവായി. ആൽമരം തളിരിട്ടപ്പോഴത്തെ സന്തോഷം ഇപ്പോൾ ആശങ്കയായി മാറി. കേരളത്തെ ഉലച്ചുകളഞ്ഞ പ്രളയമാണ് ആൽമരത്തിന്റെ വളർച്ചയെയും പിടിച്ചുകുലുക്കിയത്.

പൊന്നാനി എംഎൽഎ ആയ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുള്ളവർ അന്നു വിഷയത്തിൽ ഇടപെട്ടിരുന്നു. യുവാക്കളുടെയും നാട്ടുകാരുടെയും ശ്രമഫലമായി 40 അടി നീളമുള്ള ട്രെയിലർ, വലിയ രണ്ട് ക്രെയിനുകൾ, ജെസിബി തുടങ്ങിയ സന്നാഹങ്ങളോടെ രണ്ടു ദിവസം കൊണ്ടാണു മരം നീക്കിയത്. ഭാരതപ്പുഴയുടെയും കടലിന്റെയും സംഗമകേന്ദ്രത്തിനു സമീപം പൊന്നാനി ഈശ്വരമംഗലം തീരത്തു നിള കലാഗ്രാമം മ്യൂസിയത്തിന്റെ മുറ്റത്തേക്കു മരമെത്തി. മണ്ണിളക്കി, ലേപനങ്ങൾ പുരട്ടി നട്ടു. ഒരു നാടിന്റെ നന്മയുടെ അടയാളമായി ആൽ തളിരിട്ടു.

saving-peepal-tree-maranchery.jpg.image.780.410

ആ സ്വപ്നത്തിലേക്കാണു പ്രളയച്ചെളിയും ഉപ്പുവെള്ളവും ആഞ്ഞടിച്ചത്. എട്ടുമാസത്തോളം കൈക്കുഞ്ഞിനെ പോലെ കരുതിയാലേ പ്രളയം കൊണ്ടുള്ള മുറിവുണങ്ങി മരം ഇനി കരുത്താർജിക്കൂ. പൊന്നാനി താലൂക്കിൽ പ്രളയം ഏറ്റവുമധികം ബാധിച്ച സ്ഥലമായിരുന്നു ഈശ്വരമംഗലം. കടലും പുഴയും കരയും ഒന്നായ ഈശ്വരമംഗലത്ത് ആൽമരത്തിനു ചുറ്റും ഉപ്പുവെള്ളവും പുളിയൂറിയ ചെളിയും അടിഞ്ഞുകിടന്നു. മാസങ്ങൾക്കുമുമ്പ് മരണവിധിയെ തടുത്ത ആൽമരം ഇപ്പോഴും മരിച്ചിട്ടില്ലെന്നതാണു പ്രതീക്ഷയേറ്റുന്നത്. റോഡുപണിക്കായി അശ്രദ്ധമായി കൊമ്പുകളും വേരുകളും മുറിച്ചുനീക്കിയതിനാൽ ഏറെ പരിചരണം ആവശ്യമാണ്.

അന്നു സംരക്ഷിക്കാമെന്നേറ്റ ചിലർ മാധ്യമശ്രദ്ധ മാറിയതോടെ പിന്നാക്കം പോയി. നാട്ടുകാരായ യുവാക്കൾ മാത്രം തീരുമാനിച്ചാൽ മരത്തിന്റെ അതിജീവനം സാധ്യമല്ല. സസ്യശാസ്ത്രജ്ഞരുടെ അകമഴിഞ്ഞ സഹകരണമാണ് ഇവർ ആഗ്രഹിക്കുന്നത്. കേരളത്തിലെ വനം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും മറ്റുമായി നിരവധി ബൊട്ടാണിസ്റ്റുകളുണ്ട്. സർക്കാർ തലത്തിൽ ഇടപെടലുണ്ടായാൽ ഇവരുടെ സഹായം ലഭിക്കാൻ തടസ്സമുണ്ടാകില്ലെന്നു മിഷൻ ബോധി പ്രവർത്തകർ പറയുന്നു. കാലങ്ങളോളം ജീവശ്വാസം നൽകിയ മുത്തശ്ശിമരം ഒരിറ്റു ശ്വാസത്തിനായി അധികൃതരുടെ കനിവു തേടുകയാണ്, ആരെങ്കിലും കൈനീട്ടുമെന്ന ആശയോടെ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA