sections
MORE

ഭൂമിക്കടിയില്‍ ഒളിച്ചിരുന്ന അദ്ഭുത ലോകം; അമ്പരന്ന് ഗവേഷകര്‍!

HIGHLIGHTS
  • 1994 ലാണ് ബൊളീവിയയില്‍ റിക്ടര്‍ സ്കെയിലില്‍ 8.2 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്
  • ഈ ഭൂകമ്പത്തിന്‍റെ ചുവടു പിടിച്ചാണ് ഭൂമിക്കടിയിലെ അദ്ഭുത ലോകം ഗവേഷകര്‍ കണ്ടെത്തിയത്
Mountain
SHARE

പ്രശസ്ത സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരന്‍  ജൂള്‍സ് വെര്‍നെയുടെ പുസ്തകത്തില്‍ ഭൂമിക്കടിയിലുള്ള ഒരു ലോകത്തെക്കുറിച്ചു പറയുന്നുണ്ട്. ഭൂമിക്കു പുറമെ കാണുന്നതു പോലെ തന്നെ സവിശേഷമായ പരിസ്ഥിതിയും ജൈവവ്യവസ്ഥയുമെല്ലാം ഉള്ള ഒരു ലോകം. ദിനോസര്‍ ഉള്‍പ്പടെ മണ്‍മറഞ്ഞെന്നു കരുതിയ പല ജീവികളും അവിടെ ജീവിക്കുന്നതായും വെര്‍നെയുടെ ജേര്‍ണി ടു ദ സെന്‍റര്‍ ഓഫ് ദി എര്‍ത് എന്ന നോവലില്‍ പറയുന്നുണ്ട്. ദിനോസറിനെ കണ്ടെത്താനായില്ലെങ്കിലും ഇത്തരത്തില്‍ സവിശേഷമായ ഒരു പ്രകൃതിയും ജൈവവ്യവസ്ഥയും  ഭൂമിക്കടിയിലുണ്ടെന്നു ഗവേഷകര്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.

ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ ഭൂകമ്പവും പുതിയ ലോകത്തിന്‍റെ കണ്ടെത്തലും

Earthquake
ആധുനിക ഡിജിറ്റല്‍ ഭൂകമ്പമാപിനി ഉപയോഗിച്ച് രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പങ്ങളില്‍ ഒന്നായിരുന്നു ബൊളീവിയയിലേത്

1994 ജൂണ്‍ 9 നാണ് ബൊളീവിയയില്‍ റിക്ടര്‍ സ്കെയിലില്‍ 8.2 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടാകുന്നത്. അത്രയൊന്നും ജനവാസമില്ലാത്ത മേഖലയിലുണ്ടായ ഭൂകമ്പം അന്നുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും ശക്തിയേറിയതാണെന്നു ഗവേഷകര്‍ പറയുന്നു. ഇതിനു കാരണവുമുണ്ട്. ദക്ഷിണ അമേരിക്കയിലെ ബൊളീവിയയില്‍ ഉണ്ടായ ഭൂകമ്പത്തിന്‍റെ പ്രകമ്പനം വടക്കേ അമേരിക്കയിലെ കാനഡയില്‍ വരെ അനുഭവപ്പെട്ടു.കൂടാതെ ഭൂകമ്പത്തിന്‍റെ സ്രോതസ്സും ശാസ്ത്രലോകത്തെ അമ്പരപ്പിച്ചു. ഭൗമനിരപ്പില്‍ നിന്ന് ഏതാണ്ട് 650 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്‍റെ ഫോക്കല്‍ പോയിന്‍റ്.

രണ്ട് പതിറ്റാണ്ടു മുന്‍പുണ്ടായ ഭൂകമ്പത്തിന്‍റെ പ്രകമ്പനത്തിന്‍റെ ചുവടു പിടിച്ചാണ് ഭൂമിക്കടിയിലെ അദ്ഭുത ലോകം ഗവേഷകര്‍ കണ്ടെത്തിയത്. അമേരിക്കയിലെ പ്രിന്‍സ്റ്റര്‍ സര്‍വകലാശാലയിലെയും ചൈനയിലെ അക്കാദമി ഓഫ് സയന്‍സസിലെയും ഗവേഷകര്‍ ചേര്‍ന്നാണ് ബൊളീവിയന്‍ ഭാഗത്തായി ഭൂമിക്കടിയില്‍ പര്‍വ്വതങ്ങള്‍ക്കു സമാനമായ ഭൂപ്രദേശം ഉണ്ടാകാനുള്ള സാധ്യതകള്‍ സ്ഥിരീകരിച്ചത്. ഇത്രയും ആഴത്തില്‍ നിന്നെത്തിയ ഭൂചലനം ഭൂമിയുടെ പുറംതോടായ ക്രസ്റ്റിനെ മാത്രമല്ല അതിനു താഴെയുള്ള മാന്‍റിലിനെ പോലും സാരമായി ഉലച്ചിട്ടുണ്ടെന്നു ഗവേഷകര്‍ പറയുന്നു.

ഭൂമിക്കൊരു അള്‍ട്രാസൗണ്ട് സ്കാന്‍

Mountain
ഭൂകമ്പതരംഗങ്ങളിലൂടെയാണ് ഭൂമിക്കടിയിലുള്ള വസ്തുക്കളെ തിരിച്ചറിയാന്‍ സാധിക്കുന്നതെന്നു ഗവേഷകര്‍ പറയുന്നു

അള്‍ട്രാ സൗണ്ട് സ്കാനില്‍ ശരീരത്തിലെ ഭാഗങ്ങളെക്കുറിച്ചു വ്യക്തമാകുന്നതു പോലെ ഭൂകമ്പമുണ്ടാകുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന തരംഗങ്ങള്‍ സഞ്ചരിക്കുന്ന മേഖലയക്കുറിച്ച് ഇവയുടെ സഞ്ചാരം കൊണ്ടു മനസ്സിലാക്കാനാകും. ലാവ നിറഞ്ഞ പ്രദേശത്തും പൊള്ളയായ പ്രദേശത്തും കട്ടിയുള്ള ഭാഗത്തുമെല്ലാം ഈ തരംഗങ്ങള്‍ സഞ്ചരിക്കുന്നത് വ്യത്യസ്ത വേഗങ്ങളിലായിരിക്കും. ഈ വേഗം പരിശോധിക്കുന്നതിലൂടെ ഭൂമിക്കടിയിലുള്ള വസ്തുക്കളുടെ ഏകദേശ ധാരണ ലഭ്യമാകുകയും ചെയ്യും.

Earth

ഭൂകമ്പം രണ്ടു പതിറ്റാണ്ടു മുന്‍പ് സംഭവിച്ചതാണെങ്കിലും അന്നേ ഇതിന്‍റെ തരംഗങ്ങളുടെ സഞ്ചാരം കൃത്യമായി രേഖപ്പെടുത്തിയിരുന്നു. ആധുനിക ഡിജിറ്റല്‍ ഭൂകമ്പമാപിനി ഉപയോഗിച്ച് രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പങ്ങളില്‍ ഒന്നായിരുന്നു ബൊളീവിയയിലേത്. അതേസമയം ഈ തരംഗങ്ങള്‍ ഭൂമിക്കുള്ളിലെ പാളികളെക്കുറിച്ചു വ്യക്തമായ രൂപമുണ്ടാക്കാമെന്നു ഗവേഷകര്‍ തിരിച്ചറിഞ്ഞത് അടുത്തിടെയാണ്. ഇതോടെയാണ് ബൊളീവിയന്‍ ഭൂകമ്പത്തിലെ ശബ്ദതരംഗങ്ങള്‍ പരിശോധിച്ചതും ഈ തരംഗങ്ങള്‍ കടന്നു വന്ന പാളികളെ ഗവേഷകകര്‍ തിരിച്ചറിഞ്ഞതും.

ഭൂതലത്തിനു മുകളില്‍ നാം ഒരു വസ്തുവിന്‍റെ രൂപവും മറ്റ് പ്രത്യേകതകളും മനസ്സിലാക്കുന്നത് ഒരു പരിധി വരെ കാഴ്ചയിലൂടെയാണ്. ഒരു വസ്തുവില്‍ പതിക്കുന്ന പ്രകാശ തരംഗങ്ങളാണ് ഇതിനു നമ്മെ സഹായിക്കുന്നത്. സമാന രീതിയിലാണ് ഭൂകമ്പതരംഗങ്ങളിലൂടെ ഭൂമിക്കടിയിലുള്ള വസ്തുക്കളെ തിരിച്ചറിയാന്‍ സാധിക്കുന്നതെന്നു ഗവേഷകര്‍ പറയുന്നു. ഭൂനിരപ്പില്‍ നിന്ന് ഏതാണ്ട് 660 കിലോമീറ്റര്‍ ആഴത്തിലാണ് മാന്‍റിലിന്‍റെ കട്ടിയേറിയ മധ്യഭാഗവും താരതമ്യേന കട്ടികുറഞ്ഞ മുകള്‍ഭാഗവും തമ്മിലുള്ള അതിര്‍ത്തി. ഈ ഭാഗത്തെ മര്‍ദത്തില്‍ ചുറ്റുപാടുള്ള മേഖലയില്‍ നിന്നു സാരമായ വ്യത്യാസമുള്ളതായി വ്യക്തമായിട്ടുണ്ട്. ഇതിനു കാരണം ധാതുക്കളാണെന്നാണ് നിഗമനം.

Mountain
ധാതുക്കള്‍ ശേഖരിക്കപ്പെട്ടിരിക്കുന്നത് പര്‍വതങ്ങളോടു സാദൃശ്യമുള്ള ഏതോ ഭൗമരൂപത്തിലാണ്

ഈ ധാതുക്കള്‍ ശേഖരിക്കപ്പെട്ടിരിക്കുന്നത് പര്‍വതങ്ങളോടു സാദൃശ്യമുള്ള ഏതോ ഭൗമരൂപത്തിലാണ്. ഉയര്‍ന്നും താഴ്ന്നും സിഗ്-സാഗ് മാതൃകയിലാണ് ഈ മേഖല കാണപ്പെടുന്നത്. അമേരിക്കയിലെ പര്‍വ്വതനിരകളായ റോക്കി, അപ്പലാചിന്‍ തുടങ്ങിയവയെ ഉയരം കൊണ്ടു തോല്‍പ്പിക്കാന്‍ കഴിയുന്നവയാണ് ഭൂമിക്കടിയിലെ ഈ പര്‍വ്വത നിരകളെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം ഈ മേഖലയിലേക്കെത്തിച്ചേര്‍ന്നു പഠനം നടത്തുകയെന്നത് വിദൂരഭാവിയില്‍ പോലും ചിന്തിക്കാന്‍ സാധ്യമായ കാര്യമല്ല. കാരണം ഇതുവരെ മനുഷ്യന്‍ കുഴിച്ച ഏറ്റവും ആഴമുള്ള കുഴി 12 കിലോമീറ്ററാണ്. കൂടാതെ മാന്‍റില്‍ ഭാഗത്തേക്കു ചെല്ലുമ്പോള്‍ആ ഭാഗത്തെ തുളച്ചിറങ്ങി ചെല്ലാനുള്ള ശേഷി യന്ത്രങ്ങള്‍ക്ക് ഇപ്പോഴുമില്ല. അതുകൊണ്ട് തന്നെ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന പര്‍വത മേഖല തല്‍ക്കാലം മനുഷ്യസ്പര്‍ശമേല്‍ക്കാതെ അവിടെ തന്നെ തുടരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA