sections
MORE

മഡഗാസ്കറിലെ ഒഴുകുന്ന കൂടുകളിലുള്ളത് ലോകത്തെ അപൂര്‍വയിനം താറാവ്!

HIGHLIGHTS
  • മഡഗാസ്കര്‍ പോച്ചാര്‍ഡ് വിഭാഗത്തില്‍ പെട്ട 21 താറാവുകളാണ് കൂടുകളിൽ കഴിയുന്നത്.
  • കടലിനോടു ചേര്‍ന്നുള്ള ഒരു തടാകത്തിലാണ് ഈ കൂടുകളില്‍ താറാവുകളെ പാര്‍പ്പിച്ചിരിക്കുന്നത്
Madagascar pochards
Image Credit: WWT/PA
SHARE

സ്കോട്‌ലന്‍ഡില്‍  സാല്‍മണ്‍ കൃഷിക്കുപയോഗിക്കുന്ന രണ്ട് കൂടുകളാണ് ഇന്നു ലോകത്തെ ഏറ്റവും അപൂര്‍വയിനം താറാവിനെ സംരക്ഷിച്ചു നിര്‍ത്തുന്നത്. മഡഗാസ്കറിലെ കടലിനോടു ചേര്‍ന്നുള്ള ഒരു തടാകത്തിലാണ് ഈ കൂടുകളില്‍ താറാവുകളെ പാര്‍പ്പിച്ചിരിക്കുന്നത്. വെള്ളത്തിനടിയില്‍ നിന്നോ മുകളിൽ നിന്നോ ഈ താറാവുകള്‍ക്കല്ലാതെ മറ്റൊരു ജീവിക്കും കടന്നു ചെല്ലാന്‍ കഴിയാത്ത വിധത്തിലാണ് കൂടുകള്‍ നിര്‍മിച്ചിരിക്കുന്നത്. മഡഗാസ്കര്‍ പോച്ചാര്‍ഡ് വിഭാഗത്തില്‍ പെട്ട 21 താറാവുകളാണ് ഈ രണ്ട് കൂടുകളിലായി ഇപ്പോള്‍ സുരക്ഷിതരായി കഴിയുന്നത്.

വംശനാശം സംഭവിച്ചവയുടെ തിരിച്ചുവരവ്

15 വര്‍ഷങ്ങള്‍ക്കു മുന്‍പേ മഡഗാസ്കറിലെ വനമേഖലയില്‍ വംശനാശം സംഭവിച്ചവയാണ് ഈ താറാവ് വര്‍ഗം. അതുകൊണ്ട് തന്നെ കുറച്ചുനാൾ മുന്‍പ് വടക്കന്‍ മഡഗാസ്കറിലെ വനമേഖലയിലെ തടാകത്തിലേക്ക് ഇവയെ തിരികെയെത്തിച്ചപ്പോൾ അത് പരിസ്ഥിതി സംരക്ഷണത്തിലെ ചരിത്ര നിമിഷങ്ങളില്‍ ഒന്നായി മാറുകയായിരുന്നു. ലേക്ക് സോഫിയ എന്ന തടാകത്തിലേക്കാണ് തവിട്ടു നിറത്തില്‍ കാണപ്പെടുന്ന വലുപ്പം കുറഞ്ഞ ഈ താറാവുകളെ ഒഴുകുന്ന കൂട്ടിലാക്കി തുറന്നു വിട്ടത്. പ്രദേശത്തെ ചുറ്റുപാടുമായി പരിചിതമായിക്കഴിഞ്ഞ് വേട്ടക്കാരായ ജീവികളില്‍ നിന്ന് സ്വയം രക്ഷിക്കാനുള്ള കഴിവുണ്ടെന്ന് ബോധ്യപ്പെട്ട ശേഷമാകും ഇപ്പോള്‍ ഇവയെ പാര്‍പ്പിച്ചിരിക്കുന്ന ഒഴുകുന്ന കൂട്ടില്‍ നിന്ന് കൂടി തുറന്നുവിട്ട് പൂർണ സ്വാതന്ത്ര്യം നല്‍കുക.

വൈല്‍ഡ് ഫോള്‍ ആന്‍റ് വെറ്റ്ലാൻഡ് ട്രസ്റ്റ് , ഡൂറല്‍ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ട്രസ്റ്റ് , പെറഗന്‍ ഫണ്ട് എന്നീ പരിസ്ഥിതി സംഘടനകള്‍ക്കൊപ്പം മഡഗാസ്കര്‍ ഗവര്‍മെന്‍റ് കൂടി ചേര്‍ന്നാണു മഡഗാസ്കര്‍ പോച്ചാര്‍ഡ്സിനെ തിരികെ സ്വാഭാവിക വാസസ്ഥലത്തേക്കെത്തിക്കാനുള്ള ശ്രമത്തിനു നേതൃത്വം നല്‍കുന്നത്. 

അവിചാരിതമായ കണ്ടെത്തല്‍

Lake Sofia. Image Credit: WWT/PA
Image Credit: WWT/PA

ഒന്നര പതിറ്റാണ്ടു മുന്‍പ് വംശനാശം സംഭവിച്ചെന്നു വിധിയെഴുതിയ മഡഗാസ്കര്‍ പോച്ചാര്‍ഡ്സിനെ അവിചാരിതമായാണ് മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടെത്തുന്നത്. മഡഗാസ്കര്‍ ഹരിയര്‍ എന്ന മറ്റൊരു പക്ഷിയെ നിരീക്ഷിക്കുന്നതിനിടയില്‍ ലിലി അരിസണ്‍ എന്ന പക്ഷി വിദഗ്ധനാണ് പര്‍വത മുകളിലുള്ള ഒരു തടാകത്തില്‍ ഒരു കൂട്ടം താറാവുകളെ കണ്ടെത്തിയത്. മഡഗാസ്കറിലെ മറ്റു താറാവിനങ്ങളെ അപേക്ഷിച്ച് പോച്ചാര്‍ഡ്സ് ഇനത്തിന്‍റെ നിറം അല്‍പ്പം കടുത്തതാണ്. സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ ഈ വ്യത്യാസം തിരിച്ചറിഞ്ഞ ലിലി അരിസണ്‍ വൈകാതെ മറ്റ് സന്നദ്ധസംഘടനകളെയും വിവരമറിയിച്ചു.

പിന്നീടുള്ള വിശദമായ പരിശോധനയില്‍ 25 താറാവുകളാണ് കൂട്ടത്തിലുള്ളതെന്നു തിരിച്ചറിഞ്ഞു. ഈ താറാവുകള്‍ സ്വാഭാവികമായ ജീവിതമാണ് നയിച്ചിരുന്നതെങ്കിലും ഇവയ്ക്കുണ്ടാകുന്ന കുട്ടി താറാവുകള്‍ക്ക് ഈ പര്‍വ്വതമുകളിലെ തണുപ്പ് കൂടുതലുള്ള പരിതസ്ഥിതിയില്‍ അതിജീവിക്കാന്‍ പ്രയാസമാണെന്നു ഗവേഷകര്‍ കണ്ടെത്തി. ഈ സാഹചര്യം തുടര്‍ന്നാല്‍ പോച്ചാര്‍ഡ്സ് താറാവുകളെ ഒരിക്കല്‍ കൂടി കൈവിട്ടു പോകുമെന്നും ഇവര്‍ മനസ്സിലാക്കി. ഇതോടെയാണ് ഈ താറാവുകളെ താല്‍ക്കാലികമായി സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയത്. ഇവയെ സ്വാഭാവക വാസസ്ഥലത്തേക്കു തിരികെയെത്തിക്കാനുള്ള പല വഴികളും ആലോചിച്ച ശേഷമാണ് ഒടുവില്‍ മത്സ്യങ്ങളെ കടലില്‍ വളര്‍ത്താന്‍ വേണ്ടി ഉപയോഗിക്കുന്ന കൂടുകൾ താറാവുകളുടെ സംരക്ഷണത്തിനായി എത്തിക്കാൻ തീരുമാനമായത്.

സംരക്ഷണ കേന്ദ്രത്തിലെ മൂന്നു വര്‍ഷത്തെ പരിപാലനത്തിനിടെ താറാവുകളുടെ എണ്ണം നൂറിനു മുകളിലായി ഉയര്‍ന്നു. ഇതോടെയാണ് ഒരു വിഭാഗം താറാവുകളെ തിരികെ സ്വാഭാവിക ആവാസ മേഖലയിലേക്കെത്തിച്ച് പരീക്ഷിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകരും ഗവേഷകരും തയ്യാറായത്. ഒഴുകുന്ന കൂടുകള്‍ മറ്റു ജീവികളുടെ ആക്രമണത്തില്‍നിന്ന് ഇവയെ രക്ഷിക്കുന്നതിനൊപ്പം ഇര തേടി ഈ താറാവുകള്‍ കൂടുതല്‍ ആഴത്തിലേക്കു പോയി അപകടത്തില്‍ പെടാനുള്ള സാധ്യതയും ഒഴിവാക്കും.

വംശനാശത്തിലേക്കു നയിച്ച കാരണം.

Madagascar pochard
Image Credit: WWT/PA

തദ്ദേശിയമല്ലാത്ത മത്സ്യങ്ങൾ മഡഗാസ്കറിലെ തടാകങ്ങളില്‍ പെരുകിയതാണ് ഈ താറാവുകളെ വംശനാശത്തിലേക്കെത്തിച്ചതെന്നു ഗവേഷകര്‍ പറയുന്നു. പ്രത്യേകിച്ചും തിലാപിയ ഇനത്തില്‍ പെട്ട മീനുകള്‍ പെറ്റുപെരുകയിത് താറാവുകളുടെ ഭക്ഷ്യസ്രോതസുകള്‍ക്കു ഭീഷണിയായി. കൂടാതെ ഈ മീനുകളുടെ സാന്നിധ്യം തടാകങ്ങളിലെ സസ്യങ്ങള്‍ ഇല്ലാതാകാനും കാരണമായി. ഇതോടെ പരിചിതമായ ആവാസ വ്യവസ്ഥ താറാവുകള്‍ക്കു നഷ്ടപ്പെടുകയും ഇര തേടി അവ കൂടുതല്‍ ആഴങ്ങളിലേക്കും കരയിലേക്കും പോകാനും കാരണമായി. ഈ സാഹചര്യത്തെ പുതി തലമുറയിലെ താറാവു കുഞ്ഞുങ്ങള്‍ക്ക് അതിജീവിക്കാന്‍ കഴിയാതെ വന്നതോടെ ക്രമേണ മഡഗാസ്കര്‍ പോച്ചാര്‍ഡ്സ് തടാകങ്ങളില്‍ നിന്ന് പൂര്‍ണമായും അപ്രത്യക്ഷമായി. ഇത്തരം മത്സ്യങ്ങള്‍ എത്തിപ്പെടാത്തതാണ് പര്‍വതമുകളിളെ തടാകത്തില്‍ ഈ താറാവുകള്‍ അതിജീവിക്കാന്‍ കാരണമായതും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA