sections
MORE

പര്‍വ്വതസിംഹത്തെ ഭയന്ന് കാട്ടുപൂച്ച കയറിയത് 40 അടി ഉയരമുള്ള കള്ളിമുള്‍ച്ചെടിയില്‍; ദൃശ്യങ്ങൾ കൗതുകമാകുന്നു

HIGHLIGHTS
  • വടക്കേ അമേരിക്കയിലെ മരുപ്രദേശത്തു കാണപ്പെടുന്ന കാട്ടുപൂച്ചകളാണ് ബോബ് ക്യാറ്റുകള്
  • പ്യൂമയുടെ പിടിയിൽ നിന്നു രക്ഷപെടാനാണ് കൂറ്റന്‍ കള്ളിമുള്‍ച്ചെടിയില്‍ പൂച്ച കയറിയത്
Bobcat on Cactus
SHARE

സ്വന്തം ജീവന്‍ അപകടത്തിലാണെന്നു കണ്ടാല്‍ പിന്നെ സ്വയരക്ഷയ്ക്കായി എന്തു ചെയ്യുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല. അത് മനുഷ്യരായാലും മൃഗങ്ങളായാലും. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് ഏറെക്കുറെ അസാധ്യമെന്നു കരുതിയ ഒരു പ്രവൃത്തി അരിസോണ മരുഭൂമിയിലെ ഒരു കാട്ടു പൂച്ചയും ചെയ്തത്. സമീപത്തെത്തിയ ഒരു പ്യൂമ അഥവ പര്‍വ്വത സിംഹത്തില്‍ നിന്നു രക്ഷപെടാനായി ഈ പൂച്ച കയറിയത് നാല്‍പ്പതടിയോളം ഉയരമുള്ള ഒരു കള്ളിമുള്‍ച്ചെടിയുടെ മുകളിലാണ്. 

ബോബ് ക്യാറ്റുകള്‍

വടക്കേ അമേരിക്കയിലെ മരുപ്രദേശത്തു കാണപ്പെടുന്ന കാട്ടുപൂച്ചകളാണ് ബോബ് ക്യാറ്റുകള്‍. മിക്കവാറും രാത്രി മാത്രം പുറത്തിറങ്ങുന്ന ഇവയെ മനുഷ്യന്‍ കാണുന്നത് തന്നെ വളരെ അപൂര്‍വമായാണ്. ഈ ബോബ് ക്യാറ്റ് ഇനത്തില്‍ പെട്ട പൂച്ചകളിലൊന്നാണ് പ്യൂമയില്‍ നിന്നു രക്ഷപെടാനായി കൂറ്റന്‍ കള്ളിമുള്‍ച്ചെടിയില്‍ വലിഞ്ഞു കയറിയത്. കര്‍ട്ട് ഫോങര്‍ എന്ന നേച്ചർ ഫൊട്ടോഗ്രഫറാണ് ഈ കാഴ്ച ക്യാമറയില്‍ പകര്‍ത്തിയത്.പൂച്ചകള്‍ മികച്ച മരം കയറ്റക്കാരാണെങ്കിലും കൂര്‍ത്ത മുള്ളുകളുള്ള ഈ റാംറോഡ് വിഭാഗത്തില്‍പെട്ട കള്ളിമുള്‍ച്ചെടികളില്‍ സാധാരണ കയറുന്നതല്ല. പക്ഷെ ജീവന്‍ കയ്യില്‍ പിടിച്ചു കൊണ്ടുള്ള ഓട്ടത്തിനിടയില്‍ മുള്ളുകളെയൊന്നും ഗൗനിക്കാതെയായിരുന്നു ബോബ് ക്യാറ്റിന്‍റെ മരം കയറ്റം.

കള്ളിമുള്‍ച്ചടിയുടെ മുകളില്‍ ഏതാനും മണിക്കൂറുകള്‍ ചെലവഴിച്ച ശേഷമാണ് ഈ പൂച്ച താഴേക്കെത്തിയത്. പ്യൂമ പോയെന്ന് ഉറപ്പു വരുന്നത് വരെ കാട്ടുപൂച്ച കള്ളിമുള്‍ച്ചെടിയുടെ മുകളില്‍ തന്നെ ഇരുന്നു. താഴെ ഇറങ്ങിയ പൂച്ചയ്ക്ക് ചെടിയുടെ മുള്ളുകൊണ്ട് പരിക്കേറ്റത്തിന്‍റെ ലക്ഷണങ്ങളൊന്നും കണ്ടില്ലെന്നും കര്‍ട്ട് ഫോങർ വ്യക്തമാക്കി. 2011ൽ നടന്ന സംഭവം സമൂഹമാധ്യമങ്ങളിൽ പങ്കുപവച്ചതോടെ വീണ്ടും ശ്രദ്ധനേടുകയായിരുന്നു. സിന്‍ഡി വെന്‍ഡ്‌ലര്‍ എന്നയാള്‍ പൂച്ചയുടെ വിഡിയോ ദൃശ്യങ്ങളും പകര്‍ത്തിയിരുന്നു. 


മുള്‍ച്ചെടിയുടെ മുകളില്‍ കയറിയ വളര്‍ത്തു പൂച്ച

ഇതാദ്യമായല്ല ഒരു പൂച്ചയെ കള്ളിമുള്‍ച്ചെടിയുടെ മുകളില്‍ കണ്ടെത്തുന്നത്. ബോബ് ക്യാറ്റ് പൂച്ചയുടെ കയറ്റവും ഇറക്കവുമെല്ലാം മണിക്കൂറുകളുടെ ഇടയിലായിരുന്നു എങ്കില്‍ കള്ളിമുള്‍ച്ചെടിയില്‍ കയറി കുടുങ്ങി പോയ ഒരു പൂച്ചയുമുണ്ട്. ഈ പൂച്ചയുടെ ദൃശ്യങ്ങളും ബോബ്ക്യാറ്റിന്‍റെ വാര്‍ത്ത വൈറലായതോടെ സമൂഹമാധ്യമങ്ങളിലെത്തി. അരിസോണയില്‍ തന്നെയാണ് ഉയരമുള്ള കള്ളിമുള്‍ച്ചെടിയുടെ മുകളില്‍ കയറിയ വളര്‍ത്തു പൂച്ച മുന്ന് ദിവസത്തോളം ഇറങ്ങാന്‍ കഴിയാതെ അവിടെ കുടുങ്ങിയത്. ഒടുവില്‍ പൂച്ച അവിടെ തന്നെയിരുന്നു പട്ടിണി കിടന്നു ചാകുമെന്നു കണ്ടതോടെ ഒച്ചവച്ചു ഭയപ്പെടുത്തിയാണ് അതിനെ അവിടെ നിന്നു താഴെയിറക്കിയത്. പക്ഷേ ബോബ് ക്യാറ്റ് കയറിയ മുള്‍ച്ചെടിയുടെ ഉയരം 40 അടി ആയിരുന്നു എങ്കില്‍ വളര്‍ത്തു പൂച്ച കയറിയ ചെടിയുടെ ഉയരം 20 അടിയില്‍ താഴെ മാത്രമായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA