ADVERTISEMENT

മരങ്ങളില്‍ മഞ്ഞുകട്ടകള്‍ രൂപപ്പെടുന്നതും ശീതകാലം അവസാനിക്കുന്നതോടെ അവ ഉരുകിയൊലിച്ചു പോകുന്നതും ശൈത്യമേഖലാ പ്രദേശങ്ങളിലെ സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഈ കാഴ്ചകളിലെല്ലാം മഞ്ഞു പെയ്യുന്നതും മഞ്ഞു കുമിഞ്ഞു കൂടുന്നതും പാളികള്‍രൂപപ്പെടുന്നതുമെല്ലാം മരത്തിന്‍റെ പുറമെ ആയിരിക്കും. എന്നാല്‍ അമേരിക്കയിലെ ഇല്ലിനോസില്‍ നിന്നുള്ള ഒരു മരത്തിന്റെ കാഴ്ച ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഇവിടെ മഞ്ഞുരുകി വെള്ളമായി ഒഴുകുന്നതു മരത്തിന്‍റെ പുറമേ നിന്നല്ല മറിച്ച് ഉള്ളിൽ നിന്നാണ്. അതും അസാധാരണമായ ചില കാഴ്ചകളൊരുക്കിക്കൊണ്ട്.

ഉള്ളു പൊള്ളയായ മരം

കാഴ്ചയില്‍ അപൂര്‍വതയുണ്ടെങ്കിലും ഇങ്ങനെ ഉള്ളില്‍ നിന്നു മഞ്ഞുരുകി ഒഴുകുന്ന മരത്തിനു പിന്നിലെ ശാസ്ത്രം ലളിതമാണ്. ഉള്ളു പൊള്ളയായ മരങ്ങളില്‍ മരത്തിന്‍റെ ഉള്ളിലും മഞ്ഞു കട്ടകള്‍ രൂപപ്പെടുന്നതു സ്വാഭാവികമാണ്. ശൈത്യകാലം അവസാനിക്കുമ്പോള്‍ പുറത്തെ മഞ്ഞുരുകുന്നതുപോലെ മരത്തടിക്കുള്ളില്‍ കട്ട പിടിച്ചിരുന്ന മഞ്ഞും ഉരുകിയൊലിക്കാന്‍ തുടങ്ങും. ഇന്നാല്‍ ഇങ്ങനെ ഒരുകി ഒലിക്കുമ്പോള്‍ അതു പുറമെ നിന്നു കാണാനാകും എന്നതാണ് ഇല്ലിനോസിലെ മരത്തിന്‍റെ പ്രത്യേകത. ഈ പ്രത്യേകത സാധാരണ ഉള്ളു പൊള്ളയായ മരങ്ങളില്‍ കാണാന്‍ സാധിക്കാത്ത ഒന്നാണ്.

ചില്ലിനു മറുപുറത്തു കൂടി ഒഴുകുന്ന വെള്ളം പോലെ

മരത്തടിക്കുള്ളിലൂടെ മഞ്ഞുരുകി ചെറിയ വരകളെന്ന പോലെ വെള്ളം ഒഴുകുന്ന കാഴ്ച ഒരേ സമയം മനോഹരവും ഒപ്പം നിഗൂഢത ഉളവാക്കുന്നതുമാണ്. മരത്തടി വളരെ നേര്‍ത്തതായതു കൊണ്ടാണ് ഇത്തരമൊരു കാഴ്ച രൂപപ്പെടാന്‍ കാരണമെന്നാണു കരുതുന്നത്. മരത്തടിയുടെ മറുവശത്തു വെയിലടിക്കുമ്പോഴാണ് ഈ കാഴ്ച വ്യക്തമായി കാണാന്‍ സാധിക്കുക. കാറിനുള്ളിലോ ജനാലക്കരികിലോ ഇരിക്കുമ്പോള്‍ പുറത്തു മഴയോ മഞ്ഞോ പെയ്ത് അത് നേര്‍ത്ത വര പോലെ ജലമായി ഒഴുകുന്നതിനു തുല്യമാണ് മരത്തിനുള്ളിലൂടെ ജലം ഒഴുകി താഴേക്കു പോകുന്ന മനോഹരമായ കാഴ്ചയും.

മരത്തടിയുടെ ഉള്ളിലൂടെ ഒഴുകുന്നതിനാല്‍ ജലത്തിന്‍റെ നിഴലാണ് പുറത്തുള്ളവര്‍ക്കു കാണാന്‍ സാധിക്കുക. അതുകൊണ്ടു തന്നെ തവിട്ടു കലര്‍ന്ന കറുപ്പു നിറമാണ് ഒഴുകുന്ന ജലരേഖയ്ക്കുള്ളത്.ഇത് ചിലപ്പോഴെങ്കിലും ഏതോ ഹോളിവുഡ് ഹൊറര്‍ചിത്രത്തിലെ രംഗമാണോയെന്ന സംശയം നിങ്ങളില്‍ ജനിപ്പിച്ചാലും തെറ്റു പറയാനാകില്ല. മഞ്ഞുരുകി ഒഴുകുന്ന കാഴ്ച മാത്രമല്ല , ചില ശബ്ദങ്ങളും മരത്തിന്‍റെ ഉള്ളില്‍ നിന്നു കേള്‍ക്കാം. മഞ്ഞു കട്ടകള്‍ ഉരുകി വീഴുന്ന ഒച്ചയാകാം ഇതെന്നാണു കുരുതുന്നത്.

ഇതുവരെ ഇത്തരമൊരു കാഴ്ച ഈ മരത്തില്‍ ഉണ്ടായതായി ആരും ശ്രദ്ധിച്ചിട്ടില്ല. ഒരു പക്ഷേ ഇത്തവണ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ താപനില പെട്ടെന്നുയര്‍ന്നതാകാം ഈ കാഴ്ചയ്ക്കു വഴിയൊരുക്കിയത്. മൂന്നു ദിവസത്തിനുള്ളില്‍ ഇല്ലിനോസിലെ ശരാശരി താപനില മൈനസ് 6ല്‍ നിന്ന് 10 ഡിഗ്രി സെല്‍ഷ്യസായാണ് ഉയര്‍ന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com