ADVERTISEMENT

വളര്‍ത്തു മൃഗങ്ങള്‍ മിക്കവര്‍ക്കും അവരുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. അതുകൊണ്ട് തന്നെ അവ കൈവിട്ടു പോവുകയോ ചത്തു പോവുകയോ ചെയ്യുന്നത് ഉടമകള്‍ക്ക് താങ്ങാനാവാത്ത വേദനയാണു നൽകുക. എങ്കിലും വളര്‍ത്തു മൃഗങ്ങളുള്ള എല്ലാവര്‍ക്കും ഈ വേദനയിലൂടെ ഒരിക്കലെങ്കിലും കടന്നു പോകേണ്ടി വരും. കാരണം മിക്കവരും വളര്‍ത്തു മൃഗങ്ങളായി തിരഞ്ഞെടുക്കുന്ന പട്ടിയും പൂച്ചയും പക്ഷികളുമൊക്കെ പരമാവധി ജീവിക്കുക പത്തു മുതല്‍ ഇരുപത് വയസ്സുവരെയാണ്. 

അതേസമയം അമേരിക്കയിലെ മിനസോട്ടയിലുള്ള ജെന്ന സ്മിത്ത് ഇക്കാര്യത്തില്‍ ഭാഗ്യവതിയാണ്. തന്റെ ജീവിതകാലം മുഴുവന്‍ ഒരേയൊരു വള‍ര്‍ത്തു മൃഗത്തിനൊപ്പമാണ് ജെന്ന ജീവിക്കുന്നത്. പത്തു വയസ്സുള്ളപ്പോള്‍ ജെന്നയ്ക്ക് സമ്മാനമായി ലഭിച്ച ആമയാണ് ഈ സന്തതസഹചാരി. ഇപ്പോള്‍ ജെന്നയ്ക്ക് 67  വയസ്സായി. 57 വര്‍ഷമായി ജോര്‍ജ് എന്നു പേരുള്ള ഈ ആമ ജെന്നയോടൊപ്പമുണ്ട്.

1962 ൽ ജെന്നയ്ക്ക് പത്തു വയസ്സുള്ളപ്പോൾ പിതാവ് പിറന്നാള്‍ സമ്മാനമായി നൽകിയതാണ് ഈ ആമയെ. വളർത്തു മൃഗങ്ങൾ വേര്‍പിരിയുമ്പോള്‍ മകളുടെ മനസ്സു നോവേണ്ട എന്നു കരുതിയിട്ടാവണം മനുഷ്യരേക്കാള്‍ ആയുസ്സുള്ള ആമയെ തന്നെ പിതാവ് മകള്‍ക്കുള്ള സമ്മാനമായി നല്‍കിയത്. താമസിയാതെ ജോര്‍ജ് ജെന്നയുടെ ജീവിതത്തിന്റെ ഭാഗമായി മാറി.

കുട്ടിയായിരിക്കെ സൈക്കിളിന്റെ മുന്നിലുള്ള കുട്ടയിലും വലുതായപ്പോള്‍ കോളേജിലേക്കു പോകുന്ന ബാഗിലും ഇടം പിടിച്ച ജോര്‍ജ് ജെന്നയ്ക്കൊപ്പം കോളജ് ഹോസ്റ്റലിലും കുറച്ചുകാലം ജീവിച്ചു.അന്ന് പിറന്നാൾ സമ്മാനമായി പട്ടിയേയോ പൂച്ചയേയോ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അനുഭവിക്കുന്ന സന്തോഷം തനിക്കുണ്ടാകില്ലായിരുന്നുവെന്ന് ജെന്ന സമ്മതിക്കുന്നു. ജോര്‍ജിനെ തന്റെ ഏറ്റവും പഴയ സുഹൃത്തെന്നാണ് ജെന്ന ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. 

പ്രായം നോക്കിയാല്‍ ജെന്നയേക്കാള്‍ ഏഴു വയസ്സു കുറവാണ് ജോര്‍ജിന്. അതായത് ജോർജിനു രണ്ട് വയസ്സുള്ളപ്പോളാണു ജെന്നയ്ക്ക് സമ്മാനമായി ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ജീവിതാവസാനം വരെ ജോര്‍ജ് തന്നോടൊപ്പം ഉണ്ടാകുമെന്ന് സന്തോഷത്തോടെ ജെന്ന പറയുന്നു. ഗോഫര്‍ ഇനത്തില്‍ പെട്ടതാണ് ജോര്‍ജ് എന്ന ആമ. ജോര്‍ജിന്റെ കാര്യംസുഭിക്ഷവും സുരക്ഷിതവുമാണെങ്കിലും ഒരിക്കല്‍ അമേരിക്കയില്‍ സുലഭമായിരുന്ന ഗോഫര്‍ ആമ വംശത്തിന്റെ നിലവിലെ സ്ഥിതി പരിതാപകരമാണ്. ചതുപ്പു നിലങ്ങളും മറ്റും വ്യാപകമായി ഇല്ലാതാക്കപ്പെട്ടതോടെ ഇന്ന് ഇവയുടെ എണ്ണം വളരെ കുറവാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com